( moviemax.in) വേടൻ എന്ന ഹിരൺ ദാസ് മുരളി വെള്ളിയിൽ ലോക്കറ്റ് പണിയാൻ കൊണ്ടുവന്നത് പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്ന് ജ്വല്ലറി ഉടമ. വിയ്യൂർ സരസ ജ്വല്ലറിയിലാണ് ലോക്കറ്റ് നിർമ്മിച്ചത്. പുലിപ്പല്ലിലാണ് വെള്ളികെട്ടി നൽകിയതെന്ന് അറിയില്ലെന്ന് സരസ ജ്വല്ലറി ഉടമ സന്തോഷ് കുമാർ പറഞ്ഞു. പുലിപ്പല്ലിൽ വെള്ളി പൊതിയാൻ കൊണ്ടുവന്നത് വേടനല്ലെന്നും എട്ടു മാസങ്ങൾക്ക് മുമ്പാണ് ലോക്കറ്റ് നിർമ്മിച്ച് നൽകിയതെന്നും സന്തോഷ് കുമാർ പറഞ്ഞു.
ലോക്കറ്റ് പണിയാൻ കൊടുത്തത് വേടനല്ല. എന്നാൽ വെള്ളികെട്ടിയ പുലിപ്പല്ലിലുള്ള ലോക്കറ്റ് വാങ്ങിക്കുന്നതിന് വേണ്ടി വേടനും ജ്വല്ലറിയിൽ എത്തിയിരുന്നു. 1000 രൂപയാണ് വെള്ളി ലോക്കറ്റ് പണിയാനുള്ള കൂലിയായി നൽകിയത് എന്നും ജ്വല്ലറി ഉടമ സന്തോഷ് പറഞ്ഞു. തന്റെ മാലയിൽ ലോക്കറ്റായി ഉപയോഗിച്ചിരിക്കുന്ന പുലിപ്പല്ല് യഥാർത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്നാണ് റാപ്പർ വേടൻ പറയുന്നത്.
ഒരു രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും താൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കും അറിയാമെന്നും വേടൻ പറഞ്ഞു. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് വേടനെതിരെ വനം വകുപ്പ് നടപടി കടുപ്പിച്ചത്. വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ടയ്ക്കെതിരെ ഉളളതടക്കം 7 വകുപ്പുകളാണ് വേടനെതിരെ വനം വകുപ്പ് ചുമത്തിയത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.
ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരന്‍ തനിക്ക് സമ്മാനം തന്നതാണ് പുലിപ്പല്ലെന്നാണ് വേടന്‍റെ മൊഴി. ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നും തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്ക്കൊപ്പം ചേര്‍ത്തതെന്നും വേടന്‍ വനം വകുപ്പിനോട് പറഞ്ഞിരുന്നു. രഞ്ജിത് കുമ്പിടിയുമായി ഇന്‍സ്റ്റഗ്രാം വഴി വേടന്‍ സൗഹൃദം പുലര്‍ത്തിയിരുന്നെന്ന കാര്യവും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വേടന്‍റെ അമ്മയും ശ്രീലങ്കന്‍ വംശജയായതിനാല്‍ ആ നിലയ്ക്കുളള സൗഹൃദവും ഇരുവര്‍ക്കുമിടയില്‍ ഉണ്ടെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍.
കഞ്ചാവ് പൊടിക്കാനുളള ക്രഷറും തൂക്കാനുളള ത്രാസുമടക്കം വേടന്‍റെ ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയതായും പൊലീസ് സ്ഥിരീകരിച്ചു. വേടനും, മറ്റൊരു റാപ്പറായ ഗബ്രിയെന്ന കെ.ഡബ്ലു.വിഷ്ണുവുമടക്കം 9 പേരെയാണ് ഇന്നലെ കഞ്ചാവുമായി പൊലീസ് പിടികൂടിയത്. ഇതിനിടെ വേടന്‍ അനുകൂല പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. നേരിയ അളവില്‍ കഞ്ചാവ് പിടിച്ചതിന്‍റെ പേരില്‍ വേദികളില്‍ വേടന്‍ ഉയര്‍ത്തിയ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ റദ്ദാക്കാനുളള ആസൂത്രിത ശ്രമം നടക്കുന്നെന്നാണ് വേടന്‍ അനുകൂലികളുടെ വാദം.
vedan case jewelry store owner didnt know tiger teeth