ഹോട്ടലിൽ പരിശോധനയ്‌ക്കെത്തിയ ഡാന്‍സാഫ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞ നടന്‍ ഷൈന്‍ ടോം ചാക്കോ, പോലീസ് തിരച്ചില്‍ തുടരുമ്പോഴും സാമൂഹികമാധ്യമങ്ങളില്‍ സജീവം. ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടിയ താരം ഇന്‍സ്റ്റഗ്രാമിലെ സ്വന്തം പ്രൊഫൈലില്‍ ഇപ്പോഴും സ്റ്റോറികള്‍ പങ്കുവെക്കുന്നുണ്ട്.
ഇതില്‍ ഒന്ന് താന്‍ ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടിയതിനെ ന്യായീകരിച്ചുകൊണ്ടുള്ള സഹോദരന്റെ പോസ്റ്റാണ്. 'ഷൈന്‍ ഓടിയതില്‍ എന്ത് തെറ്റ്. റണ്‍ കൊച്ചി റണ്‍ സംഘടിപ്പിക്കാറുണ്ടല്ലോ, അതിന്റെ ഭാഗമായി കണ്ടാല്‍ മതി', എന്നാണ് സഹോദരൻ ജോ കുട്ടൻ ഒരു ചാനലിനോട് പ്രതികരിച്ചത്.
ഇതിന്റെ കാർഡ് സംവിധായകൻ റഫ്‌നാസ് റഫീഖ് സ്റ്റോറിയില്‍ പങ്കുവെച്ചിരുന്നു. ഇതാണ് ഷൈൻ തന്റെ സ്റ്റോറിയിൽ ഷെയർ ചെയ്തത്. താന്‍ അഭിനയിച്ച 'അഭിലാഷം' എന്ന ചിത്രം തീയേറ്ററിൽ 20 ദിവസം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട പോസ്റ്ററും ഷൈൻ ഇന്‍സ്റ്റഗ്രാമില്‍ ഷെയർ ചെയ്തിട്ടുണ്ട്.
ഷൈൻ നേരിട്ടാണോ ഇൻസ്റ്റ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് എന്ന് വ്യക്തമല്ല. ബുധനാഴ്ച രാത്രി 10.30-ന് ശേഷമാണ് ഡാന്‍സാഫ് സംഘം നോര്‍ത്ത് കൊച്ചിയില്‍ നടന്‍ താമസിക്കുന്ന ഹോട്ടലില്‍ പരിശോധനയ്ക്ക് എത്തിയത്.
മറ്റൊരു ലഹരി ഇടപാടുകാരനെ അന്വേഷിച്ച് യാദൃച്ഛികമായി ഡാന്‍സാഫ് സംഘം ഹോട്ടലില്‍ എത്തുകയായിരുന്നു എന്നാണ് വിവരം. നടന്റെ മുറിക്ക് മുമ്പില്‍ എത്തിയ സംഘം മുട്ടി വിളിച്ചിട്ടും വാതില്‍ തുറന്നില്ല. ഇതിനിടെ ഷൈന്‍ ജനല്‍ വഴി ഇറങ്ങി ഓടുകയായിരുന്നു.
മൂന്നാം നിലയിലെ ജനല്‍ വഴി പുറത്തേക്കിറങ്ങിയ താരം രണ്ടാംനിലയിലെ ഷീറ്റിനുമുകളിലൂടെ ഊര്‍ന്നിറങ്ങി സ്വിമ്മിങ് പൂളിലേക്ക് ചാടിയ ശേഷം അടുത്തുള്ള കോണിപ്പടി വഴി ഇറങ്ങി ഓടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
താന്‍ അഭിനയിക്കുന്ന സിനിമാ സെറ്റില്‍വെച്ച് ലഹരി ഉപയോഗിച്ച നായകനടന്‍ മോശമായി പെരുമാറി എന്ന് നടി വിന്‍ സി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. സിനിമാ സംഘടനകള്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് നടി നല്‍കിയ പരാതിയില്‍ ഷൈന്‍ ടോം ചാക്കോയുടെ പേരുണ്ടായിരുന്നു.
ഇത് പുറത്തുവന്നതിന് പിന്നാലെയാണ് ഷൈന്‍ കഴിഞ്ഞദിവസം രാത്രി ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടിയെന്ന വിവരം പുറത്തുവന്നത്. സംഭവത്തിനും മണിക്കൂറുകള്‍ മമ്പേ, താരം വിന്‍ സിയുടെ വെളിപ്പെടുത്തല്‍ സ്റ്റോറിയായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
#wrong #running #Shineshares #brother #justificationpost #searched #police