(moviemax.in) മമ്മൂട്ടിയെ നായകനാക്കി ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത ബസൂക്ക എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ മറ്റൊരു പ്രധാനവേഷം കൈകാര്യംചെയ്തത് ഹക്കീം ഷാജഹാനാണ്. ബസൂക്കയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച ഒരപകടത്തേക്കുറിച്ചും മമ്മൂട്ടിക്കൊപ്പം മുഴുനീളവേഷം ചെയ്തതിനേക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ഹക്കീം.
ഗെയിമറായ സണ്ണി എന്ന കഥാപാത്രമായാണ് ഹക്കീം ഷാജഹാൻ ബസൂക്കയിലെത്തിയത്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് സ്വപ്നസാക്ഷാത്ക്കാരമാണെന്ന് ഹക്കീം ഷാജഹാൻ സോഷ്യൽ മീഡിയാ പോസ്റ്റിൽ പറഞ്ഞു. ഇന്ത്യൻ സിനിമയുടെ ഇതിഹാസത്തോടൊപ്പം അഭിനയിക്കാൻ അവിസ്മരണീയമായ ഒരവസരം ലഭിച്ചു. ഈ നിമിഷങ്ങൾ താൻ എന്നെന്നും വിലപ്പെട്ടതായി സൂക്ഷിക്കുമെന്നും ഹക്കീം ഷാജഹാൻ പറഞ്ഞു.
''ചിത്രീകരണത്തിനിടെ എനിക്കൊരു അപകടമുണ്ടായി. അത് തലച്ചോറിൽ ക്ഷതമുണ്ടാകുന്നതിനുവരെ കാരണമായി. എങ്കിലും ഞങ്ങൾ മുന്നോട്ടുപോകുകതന്നെ ചെയ്തു. വേദന, സ്ഥിരോത്സാഹം, സത്യസന്ധമായ അഭിനിവേശം എന്നിവ ഞങ്ങളെ മുന്നോട്ട് നയിച്ചു. ഇത് ഞങ്ങൾക്കൊരു സിനിമയല്ല. പൂർത്തിയാക്കണമെന്ന് ഞങ്ങൾ ദൃഢനിശ്ചയമെടുത്ത പോരാട്ടമാണ്.'' ഹക്കീം കൂട്ടിച്ചേർത്തു.
സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് 'ബസൂക്ക' നിർമിച്ചിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായി ഒരുക്കിയ 'ബസൂക്ക' മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലറായാണ് അവതരിപ്പിച്ചിരിക്കുന്നത്. അൾട്രാ സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്.
മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിർണായകമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ബെഞ്ചമിൻ ജോഷ്വാ എന്ന് പേരുള്ള പോലീസ് ഓഫീസർ കഥാപാത്രമായാണ് ഗൗതം മേനോൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഭാമ അരുൺ, ഡിനു ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
#hakimshajahan #bazooka #movie #experience