(moviemax.in) പഴയ കാല നടിമാരിൽ ഏവർക്കും പ്രിയങ്കരിയാണ് നടി ഷീല. സിനിമകളിൽ സജീവമല്ലെങ്കിലും ലെെം ലെെറ്റിൽ ഷീല ഇന്നും സാന്നിധ്യം അറിയിക്കുന്നു. അഭിനയിക്കാനുള്ള താൽപര്യം കൊണ്ട് സിനിമയിലേക്ക് വന്നതല്ല ഷീല. 13 ാം വയസിൽ മേക്കപ്പ് ചെയ്ത് ക്യാമറയ്ക്ക് മുന്നിലെത്തിയതിന് കാരണം കുടുംബത്തിലെ സാഹചര്യമായിരുന്നു. സഹോദരങ്ങളെയെല്ലാം ഷീല നല്ല നിലയിലെത്തിച്ചു. ജീവിതത്തിൽ തിരിഞ്ഞ് നോക്കുമ്പോൾ ഷീല സന്തോഷവതിയാണ്. കരിയറിൽ നല്ല സിനിമകൾ ചെയ്യാനും ജീവിതം സുരക്ഷിതമാക്കാനും സാധിച്ചു. ചെന്നെെയിൽ സന്തോഷകരമായി വിശ്രമ ജീവിതം നയിക്കുന്നു.
യാഥാസ്ഥിതികരായിരുന്നു ഷീലയുടെ കുടുംബം. നടി അഭിനയ രംഗത്തേക്ക് വരുന്നതിൽ ബന്ധുക്കളിൽ പലർക്കും താൽപര്യമുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ഒരിക്കൽ ഷീല പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഞാൻ സിനിമയിൽ വന്നപ്പോൾ അച്ഛന്റെ കുടുംബം മൊത്തം എതിർത്തു. അമ്മയുടെ കുടുംബത്തിന് വലിയ പ്രശ്നമില്ലായിരുന്നു. അച്ഛന്റെ കുടുംബം അന്ന് തൊട്ട് ഇന്ന് വരെയും എന്നോട് സംസാരിച്ചിട്ടില്ല. അച്ഛന് ആറ് സഹോദരിമാരും നാല് സഹോദരങ്ങളുമുണ്ട്. ഇതുവരെയും ഞങ്ങളുടെ കുടുംബവുമായി ഒരു ബന്ധവും അവർക്കില്ല. ആ ദേഷ്യം ഇപ്പോഴും അവർക്കുണ്ട്. പക്ഷെ ബന്ധങ്ങൾ ഉണ്ടായാലും പ്രതിസന്ധി കാലത്ത് ആരും സഹായിക്കാനുണ്ടാകില്ലെന്ന് ഷീല ചൂണ്ടിക്കാട്ടി.
നല്ല രീതിയിൽ ജീവിച്ച ആൾക്കാരാണ് ഞങ്ങൾ. പെട്ടെന്ന് അച്ഛന് പക്ഷപാതം വന്നപ്പോൾ ജോലി പോയി. ബന്ധുക്കളാരും ഞങ്ങളെ അവരുടെ വീട്ടിൽ നിർത്തില്ല. പത്ത് പിള്ളേരെ എങ്ങനെ ഒരുമിച്ച് നിർത്തും. ഒന്നോ രണ്ടോ ആണെങ്കിൽ സാരമില്ല. കുറേ പിള്ളേരുണ്ടല്ലോ. അത് കൊണ്ടാണ് സിനിമാ രംഗത്തേക്ക് താൻ വന്നതെന്നും ഷീല വ്യക്തമാക്കി.
അച്ഛൻ പെട്ടെന്ന് മരിച്ചു. ഞങ്ങൾ എല്ലാവരും ഒരു വീട്ടിൽ. വേറെ വഴിയില്ല. അമ്മ പറഞ്ഞപ്പോൾ പതിമൂന്നാം വയസിൽ സിനിമാ രംഗത്തേക്ക് താൻ വരികയായിരുന്നെന്നും ഷീല ഓർത്തു. ഇഷ്ടമില്ലാതെയാണ് ആദ്യം തുടങ്ങിയത്. പത്ത് പടങ്ങളൊക്കെ ആയപ്പോൾ ഇഷ്ടം തോന്നി. പിന്നെ ഭയങ്കര ഇഷ്ടം തോന്നി. കുട്ടിക്കാലത്ത് താനും സഹോദരങ്ങളും സിനിമ കണ്ടതിന് അച്ഛൻ തല്ലിയ സംഭവവും ഷീല ഓർത്തെടുത്തു.
ഞങ്ങൾ പഴയ സിറിയൻ കാത്തലിക്ക് ഫാമിലിയാണ്. അച്ഛന് ഒരുപാട് സഹോരദങ്ങളുണ്ട്. അവർക്കൊക്കെ സിനിമ കാണുന്നത് ചീത്ത കാര്യമായിരുന്നു. കണ്ടം വെച്ച കോട്ട് എന്ന സിനിമ അച്ഛനറിയാതെ ഞങ്ങൾ കാണാൻ പോയി. അച്ഛൻ എവിടെയോ പോയിരുന്നതാണ്. അച്ഛൻ പക്ഷെ ജോലി തീർന്ന് വേഗം വന്നു. സിനിമ കാണാൻ പോയിരിക്കുകയാണെന്ന് ആരോ പറഞ്ഞു. വന്നയുടനെ അച്ഛൻ ചൂരലെടുത്തു. നല്ല അടി കിട്ടി. അമ്മയ്ക്കും രണ്ട് തല്ല് കിട്ടി.
#They #still #have #anger #actress #Sheela #opensup #estrangement #her #father #family