മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവം. മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ മോഹൻലാലിനൊപ്പം പകർത്തിയ ചില ചിത്രങ്ങൾ മാളവിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇതിന് വന്ന ഒരു കമന്റിനോട് രൂക്ഷമായ ഭാഷയിൽ മറുപടി പറഞ്ഞിരിക്കുകയാണ് മാളവിക. '65കാരന്റെ കാമുകിയായി 30 വയസുകാരി. പ്രായത്തിന് ചേരാത്ത വേഷങ്ങൾ ചെയ്യാൻ ഈ മുതിർന്ന നടന്മാർക്ക് എന്താണിത്ര ആഗ്രഹം എന്നായിരുന്നു മാളവിക പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കുവന്ന ഒരു കമൻറ്.
ഇത് ശ്രദ്ധയിൽപ്പെട്ട മാളവിക ചുട്ടമറുപടിയുമായി രംഗത്തെത്തി. മോഹൻലാൽ തന്റെ കാമുകനായാണ് എത്തുന്നതെന്ന് താങ്കളോട് ആരുപറഞ്ഞെന്ന് അവർ ചോദിച്ചു. നിങ്ങളുടെ പാതിവെന്ത അടിസ്ഥാനരഹിതമായ അനുമാനങ്ങൾ കൊണ്ട് ആളുകളേയും സിനിമകളേയും വിലയിരുത്തുന്നത് നിർത്തൂ എന്നും മാളവിക തിരിച്ചടിച്ചു.
നിരവധി പേരാണ് മാളവികയ്ക്ക് പിന്തുണയുമായെത്തിയത്. തിരക്കഥ മുഴുൻ വായിച്ചതുപോലെയാണല്ലോ നിങ്ങൾ സംസാരിക്കുന്നത് എന്നാണ് പരിഹാസ കമന്റിന് മറുപടിയുമായി ഒരാൾ പ്രതികരിച്ചത്. റിലീസാകുന്നതിന് മുൻപേ നെഗറ്റീവ് മാത്രം കണ്ടെത്താൻ ആഗ്രഹിക്കുന്ന ചിലരുണ്ട് എന്നായിരുന്നു മറ്റൊരു പ്രതികരണം.
നൈറ്റ് കോൾ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ സോനു ടി.പിയാണ് ഹൃദയപൂർവത്തിന്റെ തിരക്കഥയും സംഭാഷണവും. 'സൂഫിയും സുജാതയും', 'അതിരൻ' എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനു മൂത്തേടത്താണ് ഛായാഗ്രഹണം.
'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിന് ശേഷം സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ വീണ്ടും മലയാളത്തിലെത്തുന്നു. കലാസംവിധാനം പ്രശാന്ത് മാധവ്. 2015ൽ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് ഒടുവിൽ ഒന്നിച്ചത്.
#year #oldman #girlfriend #years #old #MalavikaMohanan #responds #sarcastic #comment