നാദാപുരം : കോവിഡ് വ്യാപനത്തോടെ സർക്കാർ കൊണ്ട് വന്ന നിയന്ത്രണങ്ങളുടെ പേരിൽ വ്യാപാരികളെ വേട്ടയാടുന്ന സമീപനം തിരുത്തണമെന്നും കച്ചവടക്കാരൻ സാധാരണക്കാരന്റെ പ്രതിനിധിയാണെന്നും സൂപ്പി നരിക്കാട്ടേരി.

അശാസ്ത്രീയ കോവിഡ് പ്രോട്ടോക്കോൾ മൂലം ദുരിതക്കയത്തിലായ വ്യാപരികളെ സഹായിക്കേണ്ട സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചതിലൂടെ കച്ചവടക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജീവിക്കാനുള്ള അവകാശത്തിന് വ്യാപാരികൾക്കൊപ്പം എന്ന പേരിൽ നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നാദാപുരം ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സായാഹ്ന നിൽപ്പ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് എംകെ സമീർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഇ ഹാരിസ് സ്വാഗതം പറഞ്ഞു. ആഴ്ചയിൽ മൂന്ന് ദിവസമാണ് നിലവിൽ കടകൾ തുറക്കുന്നത്. വ്യത്യസ്തങ്ങളായ കടകൾ ഇടവിട്ട ദിവസങ്ങളിൽ തുറക്കുന്നത് മൂലം വിവിധങ്ങളായ ആവശ്യങ്ങൾക്ക് അങ്ങാടിയെ ആശ്രയിക്കേണ്ടവർ നിയന്ത്രണം ഇല്ലാത്ത ദിവസങ്ങളിലെല്ലാം ടൗണിൽ ഇറങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
ഇത് മൂലം കല്ലാച്ചി നാദാപുരം സംസ്ഥാന പാതയിൽ രാവിലെ തുടങ്ങുന്ന ഗതാഗതക്കുരുക്ക് വൈകുന്നേരം വരെ നീണ്ടുപോവുകയും യാതൊരു വിധ കോവിഡ് മാനദണ്ഡവും പാലിക്കാതെ ആളുകൾ അങ്ങാടികളിൽ കൂട്ടമായി എത്തുകയുമാണ് ചെയ്യുന്നത്.
ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും നിയന്ത്രിത സമയത്തോടെ എല്ലാ കടകൾക്കും അനുമതി നൽകണമെന്നും വ്യാപാരികളുടെ ദുരിതം സർക്കാർ തിച്ചറിയണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. കെഎം ഹംസ, ത്വയ്യിബ് കുമ്മങ്കോട്, കെ ഫായിസ്, സയ്യിദ് നിസാം,സയ്യിദ് മഷ്ഹൂർ,സി പി അഫ്ദൽ, വസീം കല്ലാച്ചി, കെ ശബീർ പ്രസംഗിച്ചു.
Content Highlight: The merchant is the representative of the common man, and should be allowed to trade - Soupi Narikkatteri

































