ചുരുക്കം വേഷത്തിലൂടെ തന്നെ മലയാളി മനസിൽ സ്ഥാനം പിടിച്ച താരമാണ് നടി മംമ്ത മോഹൻദാസ്. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്കുള്ള വരവ്.കാൻസറെന്ന അസുഖം ജീവിതം ഇല്ലാതാക്കാൻ ശ്രമിച്ചപ്പോഴും ആത്മവിശ്വാസം ഒന്ന് കൊണ്ട് മാത്രമാണ് മംമ്ത ജീവിതത്തിലേക്ക് തിരികെ വന്നത്.
കീമോ ചെയ്യുന്നതിനിടയിലും അഭിനയത്തിൽ സജീവമായിരുന്നു മംമ്ത. ഇപ്പോഴിതാ നടിയുടെ അതിജീവനത്തെ കുറിച്ച് സംവിധായകനും നിർമാതാവുമെല്ലാമായ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിലാണ് ആലപ്പി അഷ്റഫ് മംമ്തയുടെ ജീവിത യാത്രയെ കുറിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങൾ വിവരിച്ചത്.
വിധിക്ക് മുമ്പിൽ കീഴടങ്ങാതെ കാൻസർ എന്ന മഹാമാരിയോട് പോരാടുന്ന മംമ്ത എന്ന നടിയുടെ ജീവിത പോരട്ടമാണ് ഞാൻ ഇന്ന് ഇവിടെ വരച്ച് കാട്ടുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ആലപ്പി അഷ്റഫിന്റെ വീഡിയോ ആരംഭിക്കുന്നത്. അഷ്റഫിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...
മോനിഷയുടെ മാതാവ് ശ്രീദേവി ഉണ്ണി ഹരിഹരന് പരിചയപ്പെടുത്തി കൊടുത്ത് ഹരിഹരൻ സിനിമാ ലോകത്തിന് സമ്മാനിച്ച മണിമുത്താണ് മംമ്ത മോഹൻദാസ്. ആദ്യ ചിത്രത്തിൽ തന്നെ ഒരു മാറാരോഗിയുടെ വേഷത്തിൽ അഭിനയിച്ചപ്പോൾ മംമ്ത ഒരിക്കൽ പോലും കരുതി കാണില്ല ജീവിതത്തിലും ഇത്തരമൊരു അവസ്ഥ പകർന്നാടേണ്ടി വരുമെന്ന്.
മലയാളത്തിലെ മുൻനിര നായികയായി ഉയർന്ന മംമ്തയ്ക്ക് തെലുങ്കിലെ ബിഗ് ബജറ്റ് സിനിമ അരുന്ധതിയിൽ നായിക വേഷം ചെയ്യാനുള്ള അവസരം വന്നിരുന്നു. അനുഷ്കയ്ക്ക് പകരം നായിക റോളിലേക്ക് ആദ്യം വിളി വന്നത് മംമ്തയ്ക്കായിരുന്നു. കരാറിൽ ഒപ്പുവെച്ചുവെങ്കിലും മാനേജരുടേയും മറ്റും കുബുദ്ധി കാരണം മംമ്തയ്ക്ക് പിന്നീട് അതിൽ നിന്നും പിന്മാറേണ്ടി വന്നു.
മലയാളത്തിൽ ഉൾപ്പടെ അരുന്ധതി സൂപ്പർ ഹിറ്റായിരുന്നു. ഈ സംഭവം യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാൻ മംമ്തയെ സഹായിച്ചു. മംമ്തയുടെ സൗന്ദര്യത്തോടൊപ്പം തന്നെ ബുദ്ധിയും ധൈര്യവും എടുത്ത് പറയേണ്ടതാണ്. മംമ്തയെ മറ്റൊരു ഝാൻസി റാണി എന്നാണ് ഒരിക്കൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ വിശേഷിപ്പിച്ചത്.
ബാല്യകാല സുഹൃത്ത് സുജിത്ത് പത്മനാഭനുമായി 11.11. 2011 എന്ന ഫാൻസി നമ്പർ ദിനത്തിലാണ് മംമ്തയുടെ വിവാഹം നടന്നത്. മറ്റൊരു ഫാൻസി നമ്പറായ 12.12. 2012 എന്ന ദിനത്തിൽ വിവാഹമോചനത്തിലുള്ള തീരുമാനം മംമ്ത എടുത്തു. ശേഷം കരിയർ ശ്രദ്ധകൊടുത്ത് വളർച്ചയുടെ പടവുകൾ ഒരോന്നായി മംമ്ത കയറുന്നതിനിടയിൽ വീണ്ടും കാൻസർ എത്തി.
ഇക്കുറി രക്ഷയില്ലെന്നാണ് മംമ്ത കരുതിയത്. പ്രോജക്ടുകൾ എല്ലാം ഉപേക്ഷിച്ച് ജീവൻ തിരികെ പിടിക്കാനുള്ള ഓട്ടത്തിലായിരുന്നു അവർ. വീണ്ടും ക്ഷണിക്കാതെ വന്ന അതിഥി മംമ്തയുടെ വ്യക്തി ജീവിതത്തെയും ബാധിച്ചു. തന്റെ അനാരോഗ്യം മറ്റുള്ളവർക്ക് ബാധ്യതയായി തീരുമോയെന്ന് മംമ്ത ചിന്തിച്ചു.
കൂടാതെ ആശ്വസിപ്പിച്ച് ഒപ്പം നിൽക്കാതെ പോയ പ്രണയവും. എല്ലാം ചേർന്ന് അസ്വസ്ഥമായ മനസുമായി മംമ്ത ബോൺമാരോ ട്രാൻസ്പ്ലാന്റ്സിന് വിധേയമായി. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയിക്കാൻ നാൽപ്പത് ശതമാനം മാത്രമെ സാധ്യതയുള്ളുവെന്ന് അറിഞ്ഞിട്ടും വേറെ വഴിയില്ലാതെ അവർ സർജറി ചെയ്തു. ഇല്ലാത്ത ധൈര്യം പിടിച്ചെടുത്ത് വീണ്ടും സിനിമയിലേക്ക് തിരികെ വന്നു.
2013-2014 കാലഘട്ടത്തിൽ രോഗം മംമ്തയിൽ ശക്തമായി പിടിമുറുക്കിയിരുന്നു. പതിനെട്ട് കീമോയും ഒരു സർജറിയും കഴിഞ്ഞ അവരുടെ ശരീരത്തിലേക്ക് കാട്ടുതീ പോലെ പടർന്ന് കയറി. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള യാത്രവേള. അതിനിടയൽ അമേരിക്കയിൽ പുതിയതായി കണ്ടുപിടിച്ച പരീക്ഷണ ചികിത്സയ്ക്കായി മംമ്ത പോയി.
ആ ചികിത്സയ്ക്ക് വിധേയയാകുന്ന ആദ്യത്തെ ഇന്ത്യക്കാരിയായിരുന്നു മംമ്ത. മാതാപിതാക്കളെ പോലും നടി ഒപ്പം കൂട്ടിയില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരീക്ഷണ വസ്തുക്കളായി എത്തിയ ഒരു കൂട്ടം രോഗികൾക്കൊപ്പം മംമ്ത തന്റെ ചികിത്സയും ആരംഭിച്ചു.
ആ പരീക്ഷണത്തിൽ നടി വിധിയെ തോൽപ്പിച്ച് വിജയം കൈവരിച്ചു. മംമ്തയ്ക്ക് അമേരിക്കയിൽ പോയി കീമോ ചെയ്യാനുള്ള സൗകര്യത്തിന് വേണ്ടിയാണ് ലണ്ടനിൽ ഷൂട്ട ചെയ്യേണ്ടിയിരുന്ന ടു കൺട്രീസിന്റെ ഷൂട്ട് കാനഡയിലേക്ക് അണിയറപ്രവർത്തകർ മാറ്റിയത്. മലയാള സിനിമയിൽ തനിക്കുണ്ടായ വേദനിപ്പിക്കുന്ന നന്ദികേടിനെ കുറിച്ച് പലപ്പോഴായി മംമ്ത വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരു നടി സിനിമയിലേക്ക് രണ്ടാം വരവ് നടത്തി തിരിച്ച് വരുമ്പോൾ അവർ നായികയായ സിനിമയിൽ മംമ്ത ഒരു ചെറിയ വേഷം ചെയ്ത് കൊടുത്തു. എന്നാൽ പിന്നീട് മംമ്ത നായികയായ സിനിമയിലേക്ക് ഒരു ചെറിയ വേഷം ചെയ്യാൻ അവരെ വിളിച്ചപ്പോൾ പോയി പണിനോക്കൂവെന്ന് പറഞ്ഞ് അവഗണിച്ചുവെന്ന്.
ഇതേ കുറിച്ച് അവർ സംസാരിച്ചത് കേട്ടാൽ ആ നടി ആരാണെന്ന് മലയാളികൾക്ക് മനസിലാകും. ചില നടിമാർ പിആർ വർക്കേഴ്സിനെ വെച്ച് സൂപ്പർ സ്റ്റാറെന്ന് സ്വയം പ്രചരിപ്പിക്കുന്നുവെന്നും മംമ്ത പറഞ്ഞിരുന്നു. മലയാളത്തിൽ സൂപ്പർ സ്റ്റാർ എന്നൊന്നില്ല. എല്ലാവരും മികച്ച അഭിനേത്രികളാണ്.
സിനിമയിലെ തരംതിരിവുകളെക്കുറിച്ച് തുറന്നടിച്ചപ്പോഴാണ് മലയാളത്തിലെ മുൻനിര നായിക നടിയിൽ നിന്നും ഉണ്ടായ ഒരു അനുഭവം മംമ്ത വിവരിച്ചത്. മലയാളത്തിൽ ഒരു വലിയ നായിക തിരിച്ച് വരവ് നടത്തിയപ്പോൾ ആ സിനിമയിൽ ഞാൻ സെക്കൻഡ് ലീഡായി അഭിനയിച്ചിട്ടുണ്ട്.
ആ അഭിനേത്രിയുടെ തിരിച്ചുവരവിനെ പിന്തുണയ്ക്കുന്നതിനാണ് ഞാൻ ആ വേഷം സ്വീകരിച്ചത് തന്നെ. പക്ഷെ ഞാൻ ലീഡ് ചെയ്ത ഒരു സിനിമയിൽ ഒരു അതിഥി വേഷത്തിനായി ആ നായികയെ വിളിച്ചപ്പോൾ അവർ നോ പറഞ്ഞു. കാരണമെന്താണ്? അരക്ഷിതത്വം.
ഒരു വ്യക്തിയെന്ന നിലയിലോ ആർട്ടിസ്റ്റ് എന്ന നിലയിലോ ഞാൻ അരക്ഷിതാവസ്ഥ നേരിടുന്നില്ല. അതാണ് എന്നെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത് എന്നാണ് മംമ്ത പറഞ്ഞത്. വിജയ് സേതുപതി നായകനായ മഹാരാജയാണ് അവസാനമായി മംമ്ത അഭിനയിച്ച് റിലീസ് ചെയ്ത സിനിമ.
#Mamta #among #patients #underwent #surgery #despite #low #chance #success #experimental #subjects #Alappuzhaashraf