മമ്മൂട്ടി ആരാധകർ ഏറെ കാലമായി കാത്തിരിക്കുന്ന ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത ‘ബസൂക്ക’യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ശ്രീനാഥ് ഭാസി ആലപിച്ച ലോഡിങ് ബസൂക്ക എന്ന ഗാനത്തിന് ഈണമിട്ടിരിക്കുന്നത് സായിദ് അബ്ബാസ് ആണ്. ശ്രീനാഥ് ഭാസിക്കൊപ്പം ഗാനത്തിലെ റാപ്പ് ഭാഗങ്ങൾ ആലപിച്ചിരിക്കുന്നത് നാസർ അഹമ്മദ് ആണ്.
സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഗാനം ആവേശം എന്ന ചിത്രത്തിലെ ശ്രീനാഥ് ഭാസി തന്നെ പാടിയ ജാഡ എന്ന ഗാനത്തെ ഓർമ്മിപ്പിക്കുന്നു എന്നാണ് ചില ആരാധകർ കമന്റ് ചെയ്യുന്നത്. 2023 മെയ് മാസം ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ റിലീസ് പലതവണ മാറ്റിവച്ചിരുന്നു.
മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ, ഭാമ അരുൺ, ഐശ്വര്യ മേനോൻ, ജഗദീഷ്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ധീൻ, സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാ, സണ്ണി വെയ്ൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
ആക്ഷൻ ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നിമിഷ് രവിയാണ്. ഏപ്രിൽ 10ന് വിഷു റിലീസായെത്തുന്ന ചിത്രം നിർമ്മിക്കുന്നത് ഡോൾവിൻ കുര്യാക്കോസ്, സിദ്ധാർഥ് ആനന്ദ് കുമാർ, വിക്രം മെഹ്‌റ എന്നിവർ ചേർന്നാണ്.
6 വർഷത്തിന് മുൻപ് റിലീസായ മധുരരാജയാണ് മമ്മൂട്ടിയുടേതായി അവസാനം ഒരു ഉത്സവ സീസണിൽ റിലീസ് ചെയ്ത ചിത്രം എന്നതും ശ്രദ്ധേയമാണ്.
#Loading #Bazooka #first #song #film #out #NassarAhmed #sings #rap #parts #song #SrinathBhasi