( moviemax.in ) മുപ്പത് വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമാണ് നടൻ സുരേഷ് കൃഷ്ണ. സ്വഭാവ നടനായും വില്ലൻ വേഷങ്ങളിലുമാണ് സുരേഷ് കൃഷ്ണ ഏറെയും തിളങ്ങിയിട്ടുള്ളത്. അടുത്തിടെ സോഷ്യൽ മീഡിയയിൽ കൺവിൻസിങ് സ്റ്റാർ എന്ന ലേബലിൽ സുരേഷ് കൃഷ്ണ തരംഗമായിരുന്നു. ആളുകളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുന്നതിൽ സുരേഷ് കൃഷ്ണയുടെ കഥാപാത്രങ്ങളുടെ തട്ട് താണ് തന്നെ ഇരിക്കുമെന്നായിരുന്നു അന്ന് വന്ന കമന്റുകൾ.
സുരേഷ് കൃഷ്ണയുടെ മിക്ക വില്ലൻ കഥാപാത്രങ്ങളും കണ്‍വിന്‍സിങ് ഡയലോഗുകൾ പറയുന്നു എന്നതാണ് കണ്‍വിന്‍സിങ് സ്റ്റാര്‍ പട്ടം നടനിലേക്ക് എത്താൻ കാരണമായത്. തന്‍റെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ട്രോളുകൾ സുരേഷ് കൃഷ്ണയും ആസ്വദിച്ചിരുന്നു.
സഹനടൻ, നെഗറ്റീവ് റോളുകളിൽ നിന്ന് മാറി വ്യത്യസ്തമായ കഥാപാത്രങ്ങൾ സുരേഷ് കൃഷ്ണ ചെയ്ത് തുടങ്ങിയിട്ട് കുറച്ച് കാലങ്ങളെ ആയിട്ടുള്ളു. ഇപ്പോഴിതാ നിരന്തരം വില്ലൻ വേഷങ്ങൾ ചെയ്തിരുന്നപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടൻ. കഴിഞ്ഞ ദിവസം താരം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖം വൈറലാണ്.
എന്ത് തെറ്റ് ചെയ്തിട്ടാണ് ഇടി കൊള്ളുന്നത് പോലും ഒരു സമയത്ത് അറിയില്ലായിരുന്നുവെന്ന് സുരേഷ് കൃഷ്ണ പറയുന്നു. പണ്ടൊക്കെ ആദ്യം തന്നെ ഫൈറ്റ് സീനുകളാണ് ഷൂട്ട് ചെയ്യുന്നത്. ഫൈറ്റും ഡാൻസുമൊക്കെയായിരുന്നു സിനിമയിൽ ആദ്യം എടുത്തിരുന്നത്. അതൊക്കെ വെച്ചിട്ടാണ് സിനിമയുടെ ബിസിനസും മാർക്കറ്റിങ്ങും ചെയ്തിരുന്നത്. നമ്മൾ സിനിമയിൽ ചെന്ന് ജോയിൻ ചെയ്ത ഉടൻ തന്നെ ഇടിയാണ്.
എന്ത് തെറ്റ് ചെയ്തിട്ടാണ് ഇടിക്കുന്നതെന്ന് പോലും നമുക്ക് അറിയില്ല. എന്താണ് കാര്യമെന്ന് പോലും അറിയില്ല. പിന്നീടാണ് അറിയുന്നത് വിജയരാഘവൻ, രാജൻ പി ദേവ് എന്നിവരുടെ കഥാപാത്രങ്ങൾ വേറെ സീനിൽ കാണിച്ച് തരാമെടാ, അവനെ വരുത്ത് എന്നൊക്കെ പറഞ്ഞിട്ടുണ്ടെന്ന്. ഇവർ പറഞ്ഞ ഈ ഡയലോഗുകളുടെ പേരിലാണ് വരുത്തുന്നതും നമ്മളെ ഇടിക്കുന്നതും. എന്തെങ്കിലും സുഖം അനുഭവിച്ചിട്ടാണ് ഇടി കൊള്ളുന്നതെങ്കിൽ ഓക്കെ. പക്ഷെ ഒരു സുഖവുമില്ല.
ഇടിയോട് ഇടിയാണ് എന്നാണ് സുരേഷ് കൃഷ്ണ പറഞ്ഞത്. കോമഡി കഥാപാത്രങ്ങൾ ചെയ്യുന്നതിനെപ്പറ്റിയും അടുത്തിടെ സുരേഷ് കൃഷ്ണ മനസ് തുറന്നിരുന്നു. മറ്റ് കഥാപാത്രങ്ങളെല്ലാം കുറെ ചെയ്തിട്ടുള്ളതാണ്. എന്തെങ്കിലും മാറ്റി ചെയ്യണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു. അതിന് പറ്റിയ സിനിമ വരുമ്പോൾ ചെയ്യും.
സുരേഷ് കൃഷ്ണയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ മരണമാസാണ്. ബേസിൽ ജോസഫാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. കോമഡി ചായ്വുള്ള ഡ്രൈവറുടെ കഥാപാത്രമാണ് സുരേഷ് കൃഷ്ണയുടേത്. ടൊവിനോയുമായുള്ള സൗഹൃദമാണ് സുരേഷ് കൃഷ്ണയെ മരണ മാസിലേക്ക് എത്തിച്ചത്. ഇതൊന്നും ഒട്ടും പ്രതീക്ഷിക്കുന്ന സംഭവങ്ങളല്ലല്ലോ... ഇങ്ങനെയയൊരു സിനിമ നടക്കുന്നുണ്ടെന്ന് നമുക്ക് അറിയില്ല.
നടികർ എന്ന സിനിമയിൽ ടൊവിയുമായിട്ട് അഭിനയിച്ചിട്ടുണ്ട്. ടൊവിയുമായിട്ട് നേരത്തെയും സൗഹൃദമുണ്ട്. ടൊവിയാണ് മരണ മാസ് പടം പ്രൊഡ്യൂസ് ചെയ്യുന്നത് എന്നാണ് സുരേഷ് കൃഷ്ണ പറഞ്ഞത്. ചമയം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് സുരേഷ് കൃഷ്ണ. വിനയൻ സംവിധാനം ചെയ്ത കരുമാടിക്കുട്ടൻ എന്ന സിനിമയിലെ വില്ലൻ കഥാപാത്രമാണ് സുരേഷ് കൃഷ്ണയുടെ കരിയർ മാറ്റിയത്.
തുടർന്ന് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങൾ ചെയ്തു. പഴശിരാജയിലെ കൈതേരി അമ്പു, കുട്ടിസ്രാങ്കിലെ ലോനി ആശാൻ, അനാർക്കലിയിലെ ആറ്റക്കോയ എന്നിവ സുരേഷ് കൃഷ്ണ ചെയ്തതിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. 2012ൽ ചേട്ടായീസ് എന്ന സിനിമ നിർമിക്കുകയും ചെയ്തിട്ടുണ്ട് സുരേഷ് കൃഷ്ണ.
#malayalam #actor #sureshkrishna #reveals #early #career #struggles #with #villain #roles #revelations #viral