(moviemax.in) കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ശ്രീകുമാർ മേനോന് ഒരു പങ്കുമില്ലെന്ന് ഒന്നാം പ്രതി പൾസർ സുനി വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്ത്.
ഈ വിഷയത്തിൽ ഒരുപാട് തവണ തന്റെ പേര് വലിച്ചിഴക്കപ്പെട്ടിരുന്നു എന്നും ഇതിന്റെ പേരിൽ താൻ ഇത്രയും കാലം കേട്ട പഴിക്ക് ഇങ്ങനെയെങ്കിലും ആശ്വാസം കിട്ടിയതിൽ സന്തോഷമുണ്ടെന്നും ശ്രീകുമാർ മേനോൻ പ്രതികരിച്ചു.
ദിലീപ് നൽകിയ ഇന്റർവ്യൂയിൽ തന്നെക്കുറിച്ച് മോശമായി പറഞ്ഞെന്നും അതിന്റെ പേരിൽ ഒടിയൻ എന്ന തന്റെ സിനിമ ആക്രമിക്കപ്പെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'വളരെ സന്തോഷമുണ്ട് കാരണം ഈ വിഷയത്തിൽ ഒരുപാട് തവണ എന്റെ പേര് വലിച്ചിഴക്കപ്പെട്ടിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഒരു പേജ് മുഴുവൻ എന്നെപ്പറ്റി ആയിരുന്നു എഴുതിയത്. അതെല്ലാം എന്നെയും എന്റെ കരിയറിനെയും ബാധിച്ചിരുന്നു.
ദിലീപ് നൽകിയ ഒരു അഭിമുഖത്തിലും എന്നെപ്പറ്റി സംസാരിച്ചിരുന്നു. ബോംബെ പത്രമാഫിയ ഒക്കെ കൂടി ചേർന്നാണ് ഞാൻ ഗൂഡാലോചന നടത്തിയതെന്നായിരുന്നു ദിലീപ് പറഞ്ഞത്. ഇതിന്റെ പേരിലാണ് ഒടിയൻ എന്ന എന്റെ സിനിമ പോലും ആക്രമിക്കപ്പെട്ടത്. ഒരു ഓർഗനൈസ്ഡ് ഡീഗ്രേഡിങ്ങിൻ്റെ ആദ്യ ഇര ആയിരുന്നു ഞാൻ'.
'ഒടിയന്റെ ആദ്യ ഷോ തുടങ്ങി പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ക്ലൈമാക്സ് മോശം എന്ന് പറഞ്ഞ് പോസ്റ്റുകൾ വന്നിരുന്നു. അന്ന് എന്റെ അന്വേഷണത്തിൽ മനസിലായത് മുപ്പതോളം പേർ ഒരു ലാപ്ടോപ്പുമായി വിവിധ സ്ഥലങ്ങളിൽ ഇരുന്ന് സിനിമയെ ഡീഗ്രേഡ് ചെയ്യുകയായിരുന്നു.
ആദ്യത്തെ പ്രദർശനം കഴിയുമ്പോൾ മോശം എന്ന് പറഞ്ഞ് ഒടിയനെതിരെ വന്നത് ഏകദേശം എഴുപത്തിയാറായിരം കമന്റുകളായിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് ഒടിയൻ 100 ദിവസം തികച്ചത്'.
'ദിലീപിനെ ആരാണ് അങ്ങനെ പറഞ്ഞ് ഫലിപ്പിച്ചത് അല്ലെങ്കിൽ അങ്ങനെ ഒരു നിലപാട് സ്വീകരിച്ചത് എന്ന് എനിക്കറിയില്ല. ഒരുപക്ഷെ, മഞ്ജു വാര്യറിന്റെ കരിയറിൽ ഞാൻ ഉണ്ടാക്കിയ ഇമ്പാക്റ്റോ അല്ലെങ്കിൽ അവരുടെ ഒപ്പം കൂടെ നിന്നതിന്റെ കാര്യം കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല. അതിന്റെ പേരിൽ ഞാൻ ഇത്രയും കാലം കേട്ട പഴിക്ക് ഇങ്ങനെയെങ്കിലും ആശ്വാസം കിട്ടിയതിൽ സന്തോഷമുണ്ട്', ശ്രീകുമാർ മേനോൻ പറഞ്ഞു.
#Very #happy #sreekumarmenon #responds #pulsarsuni #statements #about #actress #attack #case