വളരെ ചെറിയ പ്രായത്തില്‍ പിന്നണി ഗായികയായി മലയാള സിനിമയില്‍ നിറഞ്ഞ താരമാണ് സുജാത മോഹന്‍. കേവലം പന്ത്രണ്ട് വയസുള്ളപ്പോഴായിരുന്നു സുജാത സിനിമയില്‍ പാടുന്നത്. പിന്നീട് യേശുദാസിന്റെ ട്രൂപ്പിന്റെ ഭാഗമായി. നിരവധി പ്രോഗ്രാമുകളും തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളില്‍ നൂറുക്കണക്കിന് പാട്ടുകള്‍ പാടി.
സുജാതയുടെ ഈ യാത്രയില്‍ എല്ലാ പിന്തുണയും നല്‍കി കൂടെ നില്‍ക്കുന്നത് ഭര്‍ത്താവ് മോഹനാണ്. മാത്രമല്ല മകള്‍ ശ്വേത മോഹനും പാട്ടുകാരിയായി സിനിമയിലേക്ക് എത്തി. ഇതിനിടെ മകള്‍ക്ക് ജന്മം കൊടുക്കുന്നതിന് മുന്‍പ് താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് സുജാത പങ്കുവെച്ചകാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.
രണ്ട് തവണ അബോര്‍ഷനായി പോയതിന് ശേഷമാണ് മൂന്നാമത് മകള്‍ ശ്വേതയെ തനിക്ക് ലഭിച്ചതെന്നാണ് സുജാത വെളിപ്പെടുത്തുന്നത്.
'മുംബൈയില്‍ നിന്നും പിജി കഴിഞ്ഞ് മടങ്ങി വന്ന മോഹന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ജോലി കിട്ടി. അങ്ങനെ ഞാനും അമ്മയും കൂടി ചെന്നൈയിലെത്തി. ആയിടയ്ക്ക് ഗര്‍ഭിണിയായെങ്കിലും അത് അബോര്‍ഷനായി പോയി. സങ്കടവും വിഷമവുമൊക്കെ മറികടന്നു. വീണ്ടും ഗര്‍ഭിണിയായെങ്കിലും അങ്ങനെ തന്നെ സംഭവിച്ചു.
ഇതോടെ ചുറ്റുമുള്ള ആളുകളൊക്കെ കുത്തുവാക്കുകള്‍ പറയാന്‍ തുടങ്ങി. പാട്ട് പാടി നടക്കുന്നത് കൊണ്ട് കുട്ടികളെ പോലും വേണ്ടെന്ന് വെച്ചു എന്നൊക്കെയായിരുന്നു സംസാരം. നമ്മുടെ വീടിനുള്ളില്‍ നടക്കുന്നതൊന്നും അവര്‍ക്കറിയില്ലല്ലോ. അമ്മയും മോഹനുമൊക്കെ സമാധാനിപ്പിച്ചെങ്കിലും ഞാന്‍ പാട്ടിനെ വെറുത്തു. ഡിപ്രഷനിലേക്ക് നീങ്ങിയൊരു കാലമായിരുന്നു അതെന്നും സുജാത പറയുന്നു.
എന്നാല്‍ പാട്ടിനോട് അകല്‍ച്ചയുണ്ടെങ്കിലും ദാസേട്ടന്‍ വിളിച്ചാല്‍ പാടാന്‍ പോകാതെ പറ്റില്ല. അങ്ങനെയിരിക്കെ സിലിഗുരിയില്‍ ഒരു ഷോ വന്നു. പോകുന്നതിന് മുന്‍പ് കുറച്ച് ക്ഷീണം തോന്നിയത് കൊണ്ട് ഡോക്ടറെ കണ്ടു. പരിശോധനകള്‍ക്കായി സാംപിളും നല്‍കി.
എന്തോ കാരണം കൊണ്ട് ഫ്‌ളൈറ്റ് മിസ്സ് ആയി. ഇതോടെ ട്രൂപ്പിന് വേണ്ടി ദാസേട്ടന്‍ ബസ് വരുത്തി. കുന്നും മലയും താണ്ടി പത്ത് മണിക്കൂറോളം നീണ്ട യാത്രയുണ്ട്. പകുതി ദൂരം ചെന്ന ശേഷം വിവരം പറയാന്‍ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് അമ്മ ആ സന്തോഷ വാര്‍ത്ത പറയുന്നത്. ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവാണ്. ഞാന്‍ വീണ്ടും ഗര്‍ഭിണിയായി. വിവരമറിഞ്ഞപാടെ ദാസേട്ടന്‍ വണ്ടി നിര്‍ത്തിച്ചു.
ഓര്‍ക്കസ്ട്ര ഉപകരണങ്ങള്‍ പാക്ക് ചെയ്തിരുന്ന സ്‌പോഞ്ചുകളൊക്കെ ഇളക്കിയെടുത്ത് കുഷ്യന്‍ പോലെ സീറ്റില്‍ നിരത്തി എന്നെ അവിടെ കിടത്തി. പ്രോഗ്രാം കഴിഞ്ഞ് തിരികെ ചെന്നൈയിലെത്തിയപ്പോള്‍ ദാസേട്ടന്‍ ഒരു നിര്‍ദ്ദേശം വച്ചു. 'നീ തത്കാലം വീട്ടിലേക്ക് പോണ്ട'. അങ്ങനെ മുകളിലത്തെ കുട്ടികളുടെ മുറി ഞങ്ങള്‍ക്ക് ഒരുക്കി തന്നു.
മൂന്ന് മാസം അനങ്ങാന്‍ പോലും സമ്മതിക്കാതെ ബെഡ് റെസ്റ്റ് ആയിരുന്നു. ആയിടയ്‌ക്കൊരു സംഭവമുണ്ടായി... ദാസേട്ടന്റെ വീട്ടില്‍ മൂന്ന് പശുക്കളുണ്ട്. ഒരെണ്ണം ഗര്‍ഭിണിയായിരുന്നു. ആ പശുവിന്റെ ഗര്‍ഭം അലസിപ്പോയി. ദൈവം എനിക്ക് വേണ്ടി ഇടപെട്ടതാണെന്ന് തോന്നി.
മൂന്ന് മാസത്തിന് ശേഷം വീട്ടിലേക്ക് വന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഒന്‍പത് മാസം വരെയും ഡോക്ടര്‍ ബെഡ് റെസ്റ്റ് നിര്‍ദ്ദേശിച്ചു. ആയിടയ്‌ക്കൊരു ഇളവ് കിട്ടിയതോടെ ചെന്നൈയിലൊരു ഷോ കാണാന്‍ പോയി. ദാസേട്ടനും ജയേട്ടനും പാടിയ ഒരു പ്രോഗാമായിരുന്നു. അതു കഴിഞ്ഞ് മൂന്നാം നാള്‍ പ്രസവത്തിന് വേണ്ടി ആശുപത്രിയില്‍ അഡ്മിറ്റായി. പറഞ്ഞതിലും ഒരു മാസം മുന്‍പായിരുന്നു പ്രസവമെന്നും' സുജാത പറയുന്നു.
#lost #children #because #singing #Sujatha #talks #about #pregnancy