(moviemax.in) കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ച നടക്കുന്നത് മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് ചിത്രം എമ്പുരാനെക്കുറിച്ചാണ്. ചിത്രത്തിന്‍റെ ഉള്ളടക്കത്തില്‍ വിമര്‍ശനവുമായി സംഘപരിവാര്‍ സംഘടനകള്‍ എത്തിയതിന് പിന്നാലെ സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ തന്നെ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു.
മാറ്റങ്ങള്‍ വരുത്തിയ പതിപ്പ് ഇന്ന് വൈകുന്നേരത്തോടെ എത്തുമെന്നാണ് നേരത്തെ കരുതപ്പെട്ടിരുന്നതെങ്കിലും അത് ഉണ്ടായില്ല. പുതുക്കിയ പതിപ്പ് തിയറ്റർ പ്രദർശത്തിന് എത്തിക്കാനുള്ള സാങ്കേതിക നടപടികൾക്ക് സമയം എടുക്കുന്നതിനാലാണ് ഇത്.
തിയറ്ററുകളിൽ ചിത്രത്തിന്‍റെ പ്രദര്‍ശനങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നതിനാൽ ഇതിനുള്ള സാവകാശം ഉറപ്പാക്കണം. പുതിയ പതിപ്പ് സെർവറുകളിൽ അപ്‍ലോഡ് ചെയ്യാൻ സമയമെടുക്കും. ഇത് തിയറ്റർ പ്രദർശനത്തിനായി ഡൗൺലോഡ് ചെയ്യാനും സമയം എടുക്കും. ഇന്ന് രാത്രി കൊണ്ട് ഈ ജോലികൾ പൂർത്തിയാക്കാനാണ് നീക്കം. നാളെയോടെ പുതിയ പതിപ്പ് പ്രദർശനത്തിന് എത്തും.
27-ാം തീയതി തിയറ്ററുകളില്‍ എത്തിയ എമ്പുരാന്‍റെ ഒറിജിനല്‍ പതിപ്പിന് 17 ഇടത്താണ് വെട്ട്. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബജ്‍റംഗി എന്നത് മാറ്റി ബല്‍രാജ് എന്നാക്കി. 18 ഇടങ്ങളിൽ പേര് മാറ്റി ഡബ്ബ് ചെയ്തു.
സ്ത്രീകളെ ബലാൽസംഗം ചെയ്യുന്ന ദൃശ്യങ്ങൾ ഒഴിവാക്കി. ഗുജറാത്ത് കലാപത്തെ സംബന്ധിച്ച ചില ദൃശ്യങ്ങൾ മാറ്റി. എൻഐഎ ലോഗോ കാണിക്കില്ല. വില്ലൻ കഥാപാത്രം കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിളിക്കുന്നതായുള്ള സീനും ഒഴിവാക്കി.
#Dubbed #Balraj #18places #scenes #omitted #reedit #Empuran'