( moviemax.in ) അഭിനേതാക്കളുടെ മികച്ച പ്രകടനത്തിന് പിന്നിൽ പലപ്പോഴും ഡബ്ബിംഗ് ആർട്ടിസ്റ്റുകളുടെ വലിയ പങ്കുണ്ട്. മറ്റ് ഭാഷകളിൽ നിന്നെത്തി മലയാളത്തിൽ തിളങ്ങിയ പല അഭിനേതാക്കൾക്കും തുണയായത് ഡബ്ബിംഗ് ആർട്ടിസ്റ്റുകളുടെ ശബ്ദമാണ്. അല്ലു അർജുന് മലയാളത്തിൽ സ്വീകാര്യത ലഭിച്ചതിന് പിന്നിലെ വലിയൊരു ഘടകം സംവിധായകൻ ജിസ് ജോയുടെ ശബ്ദമാണ്. ഇത് പോലെ നിരവധി ഉദാഹരണങ്ങൾ എടുത്ത് പറയാനാകും. പ്രിയദർശന്റെ മലയാള സിനിമകളിലെ നായികമാർ ജനപ്രീതി നേടിയതിന് പ്രധാന കാരണം ഭാഗ്യലക്ഷ്മി ശബ്ദം നൽകിയതാണ്.
മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം പുലിമുരുകനിൽ നായികയായത് കമാലിനി മുഖർജിയാണ്. നടിക്ക് വേണ്ടി ചിത്രത്തിൽ ഡബ് ചെയ്തത് ദേവി എസ് ആണ്. ഒട്ടും എളുപ്പമായിരുന്നില്ല ദേവിക്ക് ഈ ഡബ്ബിംഗ്. ഇതേക്കുറിച്ച് ഒരിക്കൽ ഇവർ തുറന്ന് സംസാരിച്ചിട്ടുമുണ്ട്. ദേവി എസിന്റെ വാക്കുകളാണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
ഒരു സീൻ കണ്ടപ്പോൾ തന്നെ എങ്ങനെ ഡബ് ചെയ്യുമെന്ന ഐഡിയ കിട്ടുന്നില്ല. കാരണം മലയാളമേ അവർ പറഞ്ഞിട്ടില്ല. കൗണ്ടർ ഡയലോഗ് കേൾക്കുമ്പോൾ എന്താണ് പറയുന്നതെന്ന് നടിക്ക് മനസിലാകുന്നുമില്ല. ഓവറോൾ അർത്ഥമേ അറിയൂ. പറയാനും പറ്റുന്നില്ല. പല സ്ഥലത്തും എന്തോ പറയുന്നു. പൂഴിക്കടകൻ വരെ എടുത്തിട്ടും നടക്കുന്നില്ല. എന്ത് ചെയ്താൽ സിങ്ക് ചെയ്യാം എന്നായി. കാരണം ഈ ഡയലോഗ് വെച്ചിട്ട് സിങ്ക് ചെയ്യാൻ പറ്റുന്നില്ല.
പിന്നെ ടെക്നീഷ്യൻ അവിടെയും ഇവിടെയും കട്ട് ചെയ്തു. ടെക്നോളജിയുടെ എല്ലാ ഉപയോഗവും വരുത്തുന്നു. എന്നിട്ടും ശരിയായില്ല. ഒരു പേപ്പറിന്റെ പുറത്ത് വേറൊരു പേപ്പർ വെക്കുന്നത് പോലെ ഞാൻ ഡയലോഗ് പറഞ്ഞ് ഞാൻ വന്നു. ഒട്ടും തൃപ്തിയില്ലാതെയാണ് തിരിച്ചിറങ്ങുന്നത്. എന്നെക്കൊണ്ട് പറ്റുന്ന പരമാവധി ചെയ്തു. അതിനപ്പുറം ഒന്നും ചെയ്യാനില്ല.
കുറച്ച് ദിവസം കഴിഞ്ഞ് പിന്നെയും എന്നെ ഫോൺ ചെയ്തു. സീൻസ് ആഡ് ചെയ്തിട്ടുണ്ട്, കുറച്ച് സീനുകൾ റീ ഡബ് ചെയ്യണമെന്നും പറഞ്ഞു. നിങ്ങൾ വേറെ ആരെയെങ്കിലും നോക്കിക്കോളൂ എന്ന് ഞാൻ പറഞ്ഞു. നമുക്ക് മാറ്റാം, വാ എന്ന് അവർ. അങ്ങനെ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഡബ്ബിംഗ് പൂർത്തിയാക്കിയതെന്ന് ദേവി പറയുന്നു. സിനിമ ആദ്യം തൊട്ട് അവസാനം വരെ റീ ഡബ് ചെയ്തു. ഇപ്പോഴും ഡബ്ബിംഗിൽ താൻ തൃപ്തയല്ലെന്നും ദേവി വ്യക്തമാക്കി. അന്യ ഭാഷയിൽ നിന്ന് വരുന്ന നടിമാർ ഒരു വിധം ഡയലോഗ് നന്നായി പറയുമെങ്കിലും അവസാന ഭാഗത്ത് മാറ്റം വരും.
അങ്ങനെയാണ് എന്ന വാക്ക് തെലുങ്കിൽ നിന്ന് വരുന്നയാളാണെങ്കിൽ അങ്ങനെയാണൂ എന്നേ പറയൂയെന്നും ദേവി എസ് അന്ന് ചൂണ്ടിക്കാട്ടി. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ദേവി എസ്. തെലുങ്ക് സിനിമകളാണ് കമാലിനി മുഖർജി കൂടുതലും ചെയ്തിട്ടുള്ളത്. കുട്ടിസ്രാങ്ക്, നത്തോലി ചെറിയ മീനല്ല തുടങ്ങിയവയാണ് കമാലിനിയുടെ ശ്രദ്ധേയ മലയാള സിനിമകൾ.
കൊൽക്കത്തയാണ് കമാലിനിയുടെ സ്വദേശം. പുലിമുരുകന് ശേഷം കമാലിനിയെ സിനിമകളിൽ കണ്ടിട്ടില്ല. 2016 ന് ശേഷം നടി അഭിനയ രംഗം വിട്ടെന്നും അമേരിക്കയിലാണ് ഇപ്പോഴത്തെ ജീവിതവുമെന്നാണ് റിപ്പോർട്ടുകൾ. കരിയറിൽ ഹിറ്റുകൾ ലഭിച്ചെങ്കിലും മുൻനിര നായിക നടിയായി ഒരു ഭാഷയിലും കമാലിനി മുഖർജി മാറിയിരുന്നില്ല.
#dubbing #artist #struggled #dub #pulimurugan #heroine #kamalinee #mukherjee