( moviemax.in ) മോഹന്‍ലാലിന്റെ ലെഫ്. കേണല്‍ പദവി തിരികെ വാങ്ങണമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി രഘുനാഥ്. കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്നവരെ അപഹസിക്കുന്ന സിനിമ ലാല്‍ അറിയാതെ ചെയ്‌തെന്ന് കരുതുന്നില്ലെന്നും രഘുനാഥ് പറഞ്ഞു.
എമ്പുരാന്‍ ഇന്ത്യ ഭരിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയാണെന്നും ലെഫ് കേണല്‍ പദവി ഒഴിവാക്കാന്‍ കോടതിയില്‍ പോകുമെന്നും ബിജെപി നേതാവ് സി രഘുനാഥ് പറഞ്ഞു. എമ്പുരാന് മുടക്കിയ കോടികളില്‍ വിദേശ ഫണ്ട് ഉണ്ടോ എന്ന് അന്വേഷിക്കണം. സെന്‍സര്‍ ബോര്‍ഡിലുളളവര്‍ കൃത്യമായ പരിശോധന നടത്തിയില്ലെന്നും സി രഘുനാഥ് വിമര്‍ശിച്ചു.
അതേസമയം എമ്പുരാന്‍ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കണമെന്ന അധിക്ഷേപവുമായി യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് രംഗത്തെത്തി. ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം അദ്ദേഹത്തിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങള്‍ തികച്ചും ദേശവിരുദ്ധമാണെന്ന് കെ. ഗണേഷ് ആരോപിച്ചു.
ആടുജീവിതത്തിന്റെ ഷൂട്ടിനിടെ ജോര്‍ദാനില്‍ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത് എന്നത് അന്വേഷിക്കണം. കൊറോണ കാലത്തെ ഈ അറേബ്യന്‍ ജീവിതത്തിനിടയില്‍ ഐ.എസ് ഉള്‍പ്പെടെയുള്ള ഭീകരവാദികളുടെ ആശയങ്ങളില്‍ പ്രേരിപ്പിക്കപ്പെട്ടിട്ടാണോ
പൃഥ്വിരാജ് ഇത്തരം ദേശവിരുദ്ധ ആശയങ്ങള്‍ തന്റെ സിനിമകളിലൂടെ പ്രചരിപ്പിക്കുന്നത് എന്ന് ന്യായമായും സംശയിക്കണമെന്നും കെ. ഗണേഷ് ആരോപിച്ചു.
ദേശീയ അന്വേഷണ ഏജന്‍സികള്‍ തന്നെ ഇക്കാര്യങ്ങള്‍ അന്വേഷിക്കണം. ബഹിഷ്‌ക്കരിക്കാനല്ല മറിച്ച് എമ്പുരാന്‍ ഒളിച്ചു കടത്തുന്നത് ദേശവിരുദ്ധത തന്നെ ആണെന്ന് അടിവരയിട്ടു പറയാമെന്നും യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ് പറഞ്ഞു.
#'Mohanlal's #Lt.Colonel #rank #should #be #taken #back #will #go #to #court #for #it #BJP #leader