ലക്ഷക്കണക്കിന് ആരാധകരുള്ള മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇവരുടെ പേരില്‍ ഫാന്‍സ് അസോസിയേഷനുകളുമുണ്ട്. താരങ്ങളുടെ പിറന്നാളിനും മറ്റുമൊക്കെ ജീവകാരുണ്യപ്രവൃത്തികള്‍ നടത്തിയും മറ്റും മാതൃകയാവുന്ന ഇതേ ആരാധകര്‍ തമ്മില്‍ തല്ലാറുമുണ്ട്. മിക്കപ്പോഴും സിനിമകളുടെ റിലീസിനോട് അനുബന്ധിച്ചാണ് ആരാധകര്‍ രംഗത്ത് വരാറുള്ളത്.
സോഷ്യല്‍ മീഡിയയിലെ വാക്കുതര്‍ക്കം വഴക്കിലേക്ക് എത്തിക്കുന്ന ആരാധകര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമൊക്കെയായ സന്തോഷ് പണ്ഡിറ്റ്. മലയാള സിനിമയില്‍ 95 ശതമാനവും കലാകാരന്‍മാരില്ലെന്നും ഉള്ളത് കലയെ വിറ്റ് ജീവിക്കുന്ന ബിസിനസുകാര്‍ മാത്രമാണെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു.
പണ്ഡിറ്റിന്റെ സിനിമ നിരീക്ഷണമെന്ന് പറഞ്ഞാണ് നീണ്ടൊരു എഴുത്തുമായി സന്തോഷ് എത്തിയത്. 'ഈ സിനിമാക്കാര്‍ എന്ന വിഭാഗം ഒരിക്കലും ഇത്രയും സ്‌നേഹമോ, ബഹുമാനമോ അര്‍ഹിക്കുന്നവര്‍ അല്ല എന്നതാണ് സത്യം. അവര്‍ക്ക് നിങ്ങടെ പണം ഇഷ്ടമാണ്, നിങ്ങളെ ഇഷ്ടമല്ല എന്നര്‍ത്ഥം. സിനിമയില്‍ അഭിനയിക്കുക, സംവിധാനം ചെയ്യുക എന്നതൊക്ക അവരുടെ തൊഴില്‍ മാത്രമാണ്. എന്നാല്‍ പ്രേക്ഷകര്‍ അവരുടെ സമയവും, അവരുടെ ജോലിയും, പണവും, മൊബൈല്‍ ഡാറ്റയും കളഞ്ഞു ഇതെല്ലാം കാണുന്നു. എന്നിട്ട് അവരുടെ ആരാധകരായി അടികൂടുന്നു. എന്തിന്?
കുറെ കോടികള്‍ അവര്‍ ഉണ്ടാക്കിയാല്‍ അവര്‍ക്ക് കൊള്ളാം. നിങ്ങള്‍ക്ക് എന്ത് ലാഭം? ഇങ്ങനെ കുറെ പാവപ്പെട്ട പ്രേക്ഷകരുടെ പണം കൊണ്ട് പല നടന്മാരും, സംവിധായകരും കോടീശ്വരന്മാര്‍ ആകുന്നു. വലിയ കോടികളുടെ ഫ്‌ളാറ്റ് വെക്കുന്നു, മാസം തോറും കോടികളുടെ കാര്‍ മേടിക്കുന്നു, വലിയ ബിസിനസ് തുടങ്ങുന്നു... ഇതെല്ലാം കണ്ട് താരങ്ങള്‍ക്ക് വേണ്ടി ഫാന്‍ ഫൈറ്റ്‌സ് നടത്തുന്ന, കിട്ടാത്ത കളക്ഷന്‍ കോടികള്‍ കിട്ടി എന്നും പറഞ്ഞു കലഹങ്ങള്‍ നടത്തുന്ന ആരാധകര്‍ പലരും സ്വന്തമായി ഒരു കൂര പോലും ഇല്ലാതെ, ജോലി ഇല്ലാതെ, കാര്‍ പോയിട്ട് ഒരു കുഞ്ഞു സൈക്കിള്‍ പോലും ഇല്ലാതെ കഷ്ടപ്പെട്ട് ജീവിക്കുന്നു.
ഈ വലിയ സിനിമാക്കാര്‍ പോയിട്ട് ചെറിയ സിനിമാക്കാര്‍ പോലും അവരുടെ മൊബൈല്‍ നമ്പര്‍ ജനങ്ങള്‍ക്ക് കൊടുക്കാറില്ല, മെസ്സേജ്, കമന്റ്‌സിന് മറുപടി കൊടുക്കാറില്ല. ഫോണിലൂടെ സാധാജനങ്ങളുമായി സംവേദിക്കുന്നില്ല, ഫോട്ടോ എടുക്കുന്നില്ല. എന്തിന് ഒന്നു അഭിവാദ്യം പോലും ചെയ്യുന്നില്ല. എന്നിട്ടും വിഡ്ഢികളായ ആരാധകര്‍ അവരുടെ വാലും പിടിച്ചു നടക്കുന്നു. ഇനിയെങ്കിലും സിനിമയെ ഒരു രസത്തിന് കണ്ട് ഒഴിവാക്കുക. ഓവര്‍ ഫാന്‍സ് ഫൈറ്റ് അവസാനിപ്പിക്കുക.
പലരും സിനിമയില്‍ പാവങ്ങളെ സഹായിക്കുന്നു, സിനിമയില്‍ അനീതിക്ക് എതിരെ പൊരുതുന്നു. സ്ത്രീ സുരക്ഷക്ക് വേണ്ടി സിനിമയില്‍ എന്തൊക്കെയോ കാട്ടി കൂട്ടുന്നു. വ്യക്തി ജീവിതത്തില്‍ ഇതിന്റെ പത്തില്‍ ഒന്ന് പോലുമില്ല . ബിസിനസ് മാത്രം നോക്കി ജീവിക്കുന്നു. ഇതിനിടയില്‍ ചിലര്‍ പെണ്ണ് പിടുത്തം, കള്ള പണം വെളുപ്പിക്കല്‍, കഞ്ചാവ്, എംഡിഎംഎ പരസ്യം, രാഷ്ട്രീയം തുടങ്ങിയവ സിനിമയിലൂടെ ഒളിച്ചു കടത്തുന്നു.
നിങ്ങള്‍ ഈ സിനിമാക്കാരെ ബന്ധുക്കള്‍ ആയും, കൂട്ടുകാരായും, ചങ്കുകള്‍ ആയും ഒക്കെ കാണുന്നു. എന്നാല്‍ അവര്‍ നിങ്ങളെ കാണുന്നത് വെറും കഴുതകള്‍ ആയും, കറവ പശുക്കളുമായിട്ടാണ്. ചിലര്‍ അവരുടെ ആരാധകരെ ശല്യക്കാര്‍ ആയാണ് കാണുന്നത്. പറ്റുമെങ്കില്‍ എല്ലാ നടന്മാരുടെയും ഫാന്‍സ് അസോസിയേഷന്‍ പിരിച്ചു വിടുക. ഇവിടെ ഫ്രണ്ട്‌സ് അസോസിയേഷന്‍ മാത്രം പോരെ?
(വാല്‍ കഷ്ണം... 95 ശതമാനം മലയാള സിനിമയില്‍ കലാകാരന്‍മാരില്ല.. കലയെ വിറ്റ് ജീവിക്കുന്ന കുറെ ബിസിനസുകാര്‍ മാത്രമേ ഉള്ളൂ. സിനിമയില്‍ കല ഇല്ല. നിങ്ങളുടെ പോക്കറ്റില്‍ കിടക്കുന്ന പണം തന്ത്രപൂര്‍വ്വം നേടിയെടുക്കാനുള്ള ബിസിനസ് തന്ത്രങ്ങള്‍ മാത്രമാണ് ഭൂരിപക്ഷം സിനിമാക്കാരും പയറ്റുന്നത്. ഉണരൂ പ്രേക്ഷകരെ.. ഉണരൂ...ഇനിയും വിഡ്ഢികള്‍ ആകാതിരിക്കൂ.. സിനിമ കാണുക.. ഉടനെ അത് വിടുക...അത്രേയുള്ളൂ). എന്നും പറഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് എഴുത്ത് അവസാനിപ്പിക്കുന്നത്.
#santhoshpandit #wrote #malayalam #cinema #fan #fights #actors #luxury #life