---
title: "കെപിഎസി ലളിതയുടെ വിയോഗത്തിൽ  വിങ്ങലടക്കി ദുല്‍ഖര്‍"
english_title: "Dulquer mourns KPAC Lalitha's death"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27941/dulquer-mourns-kpac-lalithas-death"
published_at: "2022-02-23T12:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215dcb9e45cc_kpac.jpg"
keywords: []
---

# കെപിഎസി ലളിതയുടെ വിയോഗത്തിൽ  വിങ്ങലടക്കി ദുല്‍ഖര്‍

> **Lead Summary:** കെപിഎസി ലളിത എന്ന തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകയുടെ വിയോഗത്തിന്‍റെ ആഘാതത്തിലാണ് മലയാള സിനിമാലോകം. ക്യാമറയ്ക്കു മുന്നില്‍ അവതരിപ്പിച്ച പല കഥാപാത്രങ്ങളെയുംപോലെ സ്നേഹം പ്രകടിപ്പിക്കാന്‍ പിശുക്കൊന്നും കാട്ടാത്ത പ്രകൃതമായിരുന്നു അവരുടേത്.

## Article Content

കെപിഎസി ലളിത എന്ന തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകയുടെ വിയോഗത്തിന്‍റെ ആഘാതത്തിലാണ് മലയാള സിനിമാലോകം. ക്യാമറയ്ക്കു മുന്നില്‍ അവതരിപ്പിച്ച പല കഥാപാത്രങ്ങളെയുംപോലെ സ്നേഹം പ്രകടിപ്പിക്കാന്‍ പിശുക്കൊന്നും കാട്ടാത്ത പ്രകൃതമായിരുന്നു അവരുടേത്.

അതിനാല്‍ പ്രായഭേദമന്യെ സിനിമയിലെ പല തലമുറകളോടും അടുപ്പമുള്ള സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കാനായി അവര്‍ക്ക്. ഇപ്പോഴിതാ തനിക്ക് എത്രത്തോളം പ്രിയങ്കരിയായ ആളെയാണ് നഷ്ടമായതെന്ന് പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ .

ലളിതയെ അവസാനമായി കണ്ടപ്പോഴുള്ള ചിത്രങ്ങള്‍ക്കൊപ്പമാണ് സോഷ്യല്‍ മീഡിയയിലൂടെ ദുല്‍ഖറിന്‍റെ കുറിപ്പ്. ഒരുമിച്ച് അഭിനയിക്കുമ്പോഴത്തെ ഏറ്റവും മികച്ച കൂട്ടാളി. ഒരു സഹ അഭിനേതാവിനോട് തോന്നിയ ഏറ്റവും വലിയ സ്നേഹം ഇവരോടാണ്.

ഒരു നടി എന്ന നിലയില്‍ അവര്‍ ഒരു മാജിക് ആയിരുന്നു. മുഖത്തെ പുഞ്ചിരി പോലെ അനായാസമായി തന്‍റെ പ്രതിഭയെ കൊണ്ടുനടന്ന നടി. ഇത്രയും സജീവമായി മറ്റൊരു രംഗത്തിലും എനിക്ക് തോന്നിയിട്ടില്ല. കാരണം എഴുതിവച്ചതിനെ അതിശയിപ്പിക്കുന്ന തരത്തില്‍ അവതരിപ്പിക്കുമായിരുന്നു അവര്‍.

ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍. കെട്ടിപ്പിടുത്തവും ഉമ്മകളുമൊന്നും എനിക്ക് ചോദിക്കാതിരിക്കാന്‍ കഴിയില്ലായിരുന്നു.

പരസ്പരം എപ്പോഴും കലഹിക്കുന്ന ഒരു അമ്മയും മകനുമായി നമുക്ക് അഭിനയിക്കണമെന്ന് പറയുമായിരുന്നു. സമയം ഉണ്ടാവുമെന്നാണ് ഞാന്‍ കരുതിയത്. ചക്കരേ എവിടെയാ, എന്നാണ് ഓരോ ടെക്സ്റ്റ് മെസേജുകളും ഞങ്ങള്‍ ആരംഭിച്ചിരുന്നത്, ദുല്‍ഖര്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/27941/dulquer-mourns-kpac-lalithas-death)