Mar 19, 2025 10:29 PM

(moviemax.in) കഴിഞ്ഞവര്‍ഷം ഒരു ചടങ്ങിനിടെ നടന്‍ ആസിഫ് അലിയോടുള്ള സംഗീതസംവിധായകന്‍ രമേശ് നാരായണന്റെ പെരുമാറ്റം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ആസിഫ് അലിയില്‍നിന്ന് രമേശ് നാരായണൻ അവാര്‍ഡ് സ്വീകരിക്കാന്‍ വിസമ്മതിച്ചതായിരുന്നു വലിയ വിവാദത്തിന് വഴിവെച്ചത്.

ഇപ്പോഴിതാ പരസ്പരം ആശ്ലേഷിച്ച് പഴയ വിവാദങ്ങള്‍ അലിയിച്ചു കളഞ്ഞിരിക്കുകയാണ് ആസിഫ് അലിയും രമേശ് നാരായണനും. നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലാണ് ഇരുവരും പഴയ പരിഭവം മറന്ന് ആലിംഗനംചെയ്തത്.

വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇരുവരും കണ്ടുമുട്ടുന്നത്. 'ഞാന്‍ എന്താ പറയുക നിങ്ങളോട്' എന്ന് രമേശ് നാരായണനോട് ആസിഫ് ചോദിക്കുന്നതായി വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് ഇരുവരും ഗാഢമായി ആലിംഗനംചെയ്യുകയായിരുന്നു.

കഴിഞ്ഞവർഷം എം.ടി. വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുക്കിയ ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു പുരസ്കാരം വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഭവം.

പരിപാടിയിൽ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ, ആസിഫ് അലിയിൽനിന്ന് രമേശ് നാരായണൻ പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം.

പകരം, സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയിൽനിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടർന്ന് ജയരാജ് രമേഷ് നാരായണന് പുരസ്കാരം നൽകുകയായിരുന്നു.

വിവാദത്തിന് പിന്നാലെ പ്രതികരിച്ച ആസിഫ്, സംഭവത്തില്‍ തനിക്ക് യാതൊരു വിഷമവുമുണ്ടായിട്ടില്ലെന്ന് പ്രതികരിച്ചിരുന്നു. ആസിഫ് അലിയെ താന്‍ അപമാനിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും രമേശ് നാരായണനും വ്യക്തമാക്കിയിരുന്നു.




#asifali #rameshnarayan #reconcile

Next TV

Top Stories