---
title: "ദിലീപ്കുമാറിനെ കുറിച്ച് മമ്മൂട്ടി"
english_title: "Mammootty talks about Dileep Kumar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2768/mammootty-talks-about-dileep-kumar"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e586dbe2c61_mammotty.jpg"
keywords: []
---

# ദിലീപ്കുമാറിനെ കുറിച്ച് മമ്മൂട്ടി

> **Lead Summary:** ഇതിഹാസ ബോളിവുഡ് നടന്‍ ദിലീപ് കുമാറിന്റെ ഓർമകളിൽ മമ്മൂട്ടി. എന്നും സ്നേഹവാത്സല്യങ്ങളോടെ പെരുമാറിയ, സ്വന്തമെന്നു തോന്നിപ്പിച്ച വ്യക്തിയായിരുന്നു തനിക്ക് ദിലീപ് കുമാർ എന്ന് മമ്മൂട്ടി കുറിക്കുന്നു.

## Article Content

ഇതിഹാസ ബോളിവുഡ് നടന്‍ ദിലീപ് കുമാറിന്റെ ഓർമകളിൽ മമ്മൂട്ടി. എന്നും സ്നേഹവാത്സല്യങ്ങളോടെ പെരുമാറിയ, സ്വന്തമെന്നു തോന്നിപ്പിച്ച വ്യക്തിയായിരുന്നു തനിക്ക് ദിലീപ് കുമാർ എന്ന് മമ്മൂട്ടി കുറിക്കുന്നു.

> “ഇതിഹാസ നടന് വിട. നിങ്ങളെ കാണുമ്പോഴെല്ലാം നിങ്ങളുടെ സ്നേഹവും വാത്സല്യവും എന്നെ ആകർഷിച്ചു. നിങ്ങളുടെ ദയയും വാക്കുകളും നിങ്ങൾ സ്വന്തമാണെന്ന് തോന്നിപ്പിച്ചു. എക്കാലത്തെയും എന്റെ പ്രിയ നടന് വിട.

നിങ്ങളെപോലെ ആരുമില്ല, നിങ്ങൾക്ക് മുൻപോ ശേഷമോ.” ദിലീപ് കുമാറിനൊപ്പമുള്ള ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ഏഴരയോടെയാണ് ദിലീപ് കുമാറിന്റെ മരണം സ്ഥിരീകരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 98 വയസ്സായിരുന്നു.

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായാണ് ദിലീപ് കുമാറിനെ കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ അഭിനയ ജീവിതം അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്നു.

ഇന്ത്യന്‍ സിനിമയുടെ സുവര്‍ണ കാലഘട്ടത്തിലെ ഇതിഹാസമെന്ന് ദിലീപ് കുമാര്‍ അറിയപ്പെടുന്നു. നാടകീയതകള്‍ ഒഴിവാക്കി സൂക്ഷ്മമായുള്ള അഭിനയമായിരുന്നു ദിലീപ് കുമാറിനെ വ്യത്യസ്തനാക്കിയിരുന്നത്.

ദേവ്ദാസ്, ഗുംഗ ജമുന, രാം ഓര്‍ ശ്യാം, നായ ദോര്‍, മധുമതി, ക്രാന്തി, വിദാത, ശക്തി ആന്‍ഡ് മാഷാല്‍ എന്നിവയാണ് പ്രശസ്തമായ സിനിമകള്‍. ഇന്നത്തെ പാക്കിസ്ഥാന്റെ ഭാഗമായ പെഷവറിലാണ് ദിലീപ് കുമാറിന്റെ ജനനം.

1944 ലാണ് സിനിമാ ജീവിതം ആരംഭിച്ചത്. ജ്വാര്‍ ഭട്ടയാണ് ആദ്യ സിനിമ. 1947 ല്‍ പുറത്തിറങ്ങിയ ജുഗ്നുവാണ് ബോക്സ് ഓഫിസില്‍ വിജയം നേടിയ ചിത്രം.

1949 ല്‍ റിലീസായ അന്‍ഡാസ് എന്ന ചിത്രമാണ് ദിലീപ് കുമാറിന് താരപരിവേഷം നല്‍കിയത്. രാജ് കപൂറും നാര്‍ഗിസും സിനിമയുടെ ഭാഗമായിരുന്നു. മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്കാരം ആദ്യമായി സ്വന്തമാക്കിയത് ദിലീപ് കുമാറായിരുന്നു.

പിന്നീട് എട്ട് തവണ ഫിലിം ഫെയര്‍ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/2768/mammootty-talks-about-dileep-kumar)