(moviemax.in) മുന്‍നിര സംവിധായകര്‍ക്കൊപ്പവും മലയാളത്തിലെ അടക്കം സൂപ്പർ താരങ്ങൾക്കൊപ്പവും പ്രവര്‍ത്തിച്ച നടിയാണ് ലൈല. ഒരിടവേളയ്ക്കുശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ലൈലയെന്നാൽ കണ്ണുകൾ ഇറുക്കി അടച്ച് പൊട്ടിച്ചിരിക്കുന്ന കുട്ടിത്തം നിറഞ്ഞ മുഖമാണ് പ്രേക്ഷക മനസിലേക്ക് ആദ്യം ഓടി എത്തുക. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായിട്ടും ലൈലയുടെ കുട്ടിത്തത്തിന് പ്രായമായിട്ടില്ല.
ചിരിച്ച മുഖത്തോടെ അല്ലാതെ പൊതുവേദികളിൽ എവിടേയും നടി ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഒരു സെക്കന്റ് പോലും ചിരി പിടിച്ച് നിർത്താൻ തനിക്ക് കഴിയില്ലെന്ന് പറയുകയാണിപ്പോൾ താരം. അടുത്തിടെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ചിരി അടക്കിപ്പിടിക്കാൻ ശ്രമിച്ചാൽ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങുമെന്നും ലൈല പറയുന്നു. ഞാൻ എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കും. എനിക്ക് ഒരു മിനിറ്റ് പോലും ചിരിക്കാതിരിക്കാൻ കഴിയില്ല. പിതാമഗൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഒരിക്കൽ വിക്രം ചലഞ്ച് ചെയ്തു. ഒരു മിനിറ്റ് ചിരിക്കാതിരിക്കാൻ കഴിയുമോയെന്ന് വിക്രം വെല്ലുവിളിച്ചു.
ചലഞ്ച് ഏറ്റെടുത്ത് ഞാൻ ചിരി അടക്കി പിടിച്ചു. 30 സെക്കന്റ് താണ്ടും മുമ്പ് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. മാത്രമല്ല കഥാപാത്രത്തിന് വേണ്ടി ഞാൻ ചെയ്ത എന്റെ മേക്കപ്പ് എല്ലാം കണ്ണുനീരിൽ കുതിർന്ന് നാശമായി. ചലഞ്ച് പൂർത്തിയാക്കും മുമ്പ് ഞാൻ ചിരിച്ചുപോയി എന്നാണ് ലൈല പറഞ്ഞത്. ലൈല സെറ്റിലുണ്ടെങ്കിൽ മറ്റാർക്കും സംസാരിക്കേണ്ട ആവശ്യം വരുന്നില്ലെന്നാണ് കാർത്തി ഒരിക്കൽ പറഞ്ഞത്.
മറുപടികൾ ലഭിച്ചില്ലെങ്കിലും അതൊന്നും കാര്യമാക്കാതെ ലൈ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുമെന്നും അന്നും ഇന്നും താരത്തിന്റെ ആ സ്വഭാവത്തിന് ഒരു തരിമ്പ് പോലും മാറ്റം വന്നിട്ടില്ലെന്നുമാണ് കാർത്തി പറഞ്ഞത്. ചിരിയും കരച്ചിലും തുടങ്ങിയാൽ നിർത്താൻ പറ്റാത്ത അവസ്ഥ ഉണ്ടെന്ന് അടുത്തിടെ നടി അനുഷ്ക ഷെട്ടിയും വെളിപ്പെടുത്തിയിരുന്നു.
പത്ത്, ഇരുപത് മിനിട്ടൊക്കെ തുടര്‍ച്ചയായി ചിരി വരുന്ന പ്രശ്‌നം മൂലം പലപ്പോഴും തനിക്ക് ഷൂട്ടിങ് ഇടയ്‌ക്ക് നിര്‍ത്തി വെയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ഒരു അഭിമുഖത്തില്‍ അനുഷ്‌ക പറഞ്ഞത്. ഒരു വ്യക്തിയുടെ അപ്പോഴത്തെ വൈകാരിക അവസ്ഥയുമായി ബന്ധമില്ലാത്ത അനിയന്ത്രിതമായ ചിരിയും കരച്ചിലുമാണ് ലാഫിങ് ഡിസീസിന്റെ പ്രധാന ലക്ഷണം. അനുഷ്‌കയ്‌ക്ക് ഇത് ചിരിയുടെ രൂപത്തിലാണ് പലപ്പോഴും വരാറുള്ളത്. കൃത്യമായ ചികിത്സ പദ്ധതി ഈ രോഗത്തിന് ലഭ്യമല്ല.
ആന്റി-ഡിപ്രസന്റ് മരുന്നുകളും ന്യൂറോട്രാന്‍സ്‌മിറ്ററുകളെ സ്വാധീനിക്കുന്ന മരുന്നുകളും കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയുമൊക്കെ ഇതിനായി ഉപയോഗിക്കാറുണ്ട്. ലൈലയുടെ അഭിമുഖം വൈറലായതോടെ നടിക്കും അനുഷ്കയുടെ രോഗാവസ്ഥയുണ്ടോയെന്ന സംശയമാണ് ആരാധകർക്ക്. മുതല്‍വനിലൂടെയായിരുന്നു ലൈല തമിഴില്‍ അരങ്ങേറ്റം കുറിച്ചത്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ തമിഴ് സിനിമാലോകത്ത് വലിയൊരു സ്ഥാനം നടി നേടിയെടുത്തു. അജിത് ചിത്രമായ തിരുപ്പതിയില്‍ ആയിരുന്നു ഏറ്റവും ഒടുവില്‍ നടി അഭിനയിച്ചത്. പിന്നീട് ഒരിടവേളയെടുത്ത താരം 2022ൽ സർദാറിലൂടെ തമിഴിൽ തിരികെ എത്തി. 2006ൽ ആയിരുന്നു ലൈലയുടെ വിവാഹം. ഇറാനിയൻ വ്യവസായി മെഹ്ദിനി പെല്ലിയെയാണ് നടി വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് മക്കളുണ്ട്.
കുടുംബ ചിത്രങ്ങൾ ഇടയ്ക്ക് സോഷ്യൽമീഡിയ വഴി നടി ആരാധകരിലേക്ക് എത്തിക്കാറുണ്ട്. ആദി പിനിഷെട്ടി നായകനാകുന്ന ശബ്ദമാണ് ലൈലയുടെ ഏറ്റവും പുതിയ റിലീസ്. നടൻ വിജയിയുടെ ഗോട്ടാണ് അവസാനമായി ലൈല അഭിനയിച്ച് പ്രേക്ഷകരിലേക്ക് എത്തിയ സിനിമ.
#laila #openup #about #her #rare #laughing #disease #goes #viral