---
title: "'ആറാട്ടി'നെതിരെ വ്യാജ പ്രചാരണം; അഞ്ചു പേർക്കെതിരെ പൊലീസ് കേസ്"
english_title: "False propaganda against 'Aratti'; Police case against five persons"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27431/false-propaganda-against-aratti-police-case-against-five-persons"
published_at: "2022-02-20T20:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62125d21312d9_arattu.jpg"
keywords: []
---

# 'ആറാട്ടി'നെതിരെ വ്യാജ പ്രചാരണം; അഞ്ചു പേർക്കെതിരെ പൊലീസ് കേസ്

> **Lead Summary:** **ക**ഴിഞ്ഞ ദിവസമാണ് മോഹൻലാൽ നായകനായി എത്തിയ ‘ആറാട്ട്’ തിയറ്ററുകളിൽ എത്തിയത്. പഴയ മോഹന്‍ലാലിനെ തിരിച്ചു കൊണ്ടുവരാൻ സിനിമയ്ക്ക് സാധിച്ചുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തില്‍ സിനിമയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണമെന്ന് പരാതി നൽകിയിരിക്കുകയാണ് തിയറ്റർ ഉടമ.

## Article Content

**ക**ഴിഞ്ഞ ദിവസമാണ് മോഹൻലാൽ നായകനായി എത്തിയ ‘ആറാട്ട്’ തിയറ്ററുകളിൽ എത്തിയത്. പഴയ മോഹന്‍ലാലിനെ തിരിച്ചു കൊണ്ടുവരാൻ സിനിമയ്ക്ക് സാധിച്ചുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തില്‍ സിനിമയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണമെന്ന് പരാതി നൽകിയിരിക്കുകയാണ് തിയറ്റർ ഉടമ.

മലപ്പുറം കോട്ടക്കലിലെ തിയറ്റർ ഉടമയാണ് പൊലീസിൽ പരാതി നൽകിയത്. പിന്നാലെ പൊലീസ് അഞ്ചു പേർക്കെതിരെ കേസെടുത്തു. ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടിയ ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ഇതിനിടയിൽ സിനിമക്കെതിരെ ചില വ്യാജ പ്രചാരണങ്ങളും പുറത്തുവന്നിരുന്നു.

വില്ലന്‍' എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണയാണ് തിരക്കഥ. നെയ്യാറ്റിന്‍കര ഗോപൻ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്.

കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍ എത്തിയിരുന്നു.

കൊവിഡ് മഹാമാരിയൊക്കെ കഴിഞ്ഞ് തിയറ്ററുകള്‍ വീണ്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയമാണ്. ഈ സമയത്തേക്ക് എന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ തയ്യാറാക്കി തന്നിരിക്കുകയാണ്. വളരെയധികം നല്ല റിപ്പോര്‍ട്ടുകളാണ് കിട്ടുന്നതെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/27431/false-propaganda-against-aratti-police-case-against-five-persons)