Mar 4, 2025 09:52 AM

ചെന്നൈ:(moviemax.in) പണമിടപാട് കേസുമായി ബന്ധപ്പെട്ട് നടന്‍ ശിവാജി ഗണേശന്റെ വീടായ അണ്ണൈ ഇല്ലത്തിന്റെ ഒരുഭാഗം കണ്ടുകെട്ടാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. ശിവാജിയുടെ കൊച്ചുമകന്‍ ദുഷ്യന്ത് രാംകുമാറും ഭാര്യ അഭിരാമിയും പ്രതിയായ കേസിലാണ് നടപടി.

ദുഷ്യന്തിന്റെ അച്ഛനും ശിവാജിയുടെ മൂത്തമകനുമായ രാംകുമാറിന് കുടുംബ ഓഹരി എന്നനിലയിലാണ് ടി. നഗറിലുള്ള വീടിന്റെ നാലിലൊരുഭാഗം കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്.

സിനിമാനിര്‍മാണത്തിനായി വായ്പയെടുത്ത 3.75 കോടി രൂപ തിരികെനല്‍കാത്തതിനെ തുടര്‍ന്ന് 'ധനഭാഗ്യം എന്റര്‍പ്രൈസസ്' എന്ന ധനകാര്യസ്ഥാപനമാണ് ദുഷ്യന്തിനെതിരേ കോടതിയെ സമീപിച്ചത്.

'ജഗജില്ല കിലാഡി' എന്ന സിനിമയുടെ നിര്‍മാണത്തിനായാണ് ധനഭാഗ്യം എന്റര്‍പ്രൈസസില്‍നിന്ന് ദുഷ്യന്ത് 30 ശതമാനം വാര്‍ഷികപലിശയ്ക്ക് പണം കടംവാങ്ങിയത്. ഇതിനുള്ള കരാറില്‍ രാംകുമാറും ഒപ്പിട്ടിരുന്നു.

മുതലും പലിശയും പൂര്‍ണമായി നല്‍കാതെവന്നതോടെ ധനഭാഗ്യം എന്റര്‍പ്രൈസസിന്റെ ഉടമയായ അക്ഷയ് സരിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോടതി ആര്‍ബിട്രേറ്ററെ നിയമിച്ചു.

ഇരുകക്ഷികളും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ മുതലും പലിശയുമായി 2023 ജൂലായ് 31 വരെയുള്ള 9.02 കോടി രൂപ ദുഷ്യന്ത് നല്‍കണമെന്ന് ആര്‍ബിട്രേറ്റര്‍ ഉത്തരവിട്ടു. പണം നല്‍കാന്‍ വൈകിയാല്‍ 12 ശതമാനം പലിശനല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

പണം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി സിനിമയുടെ പകര്‍പ്പവകാശം സ്വന്തമാക്കാന്‍ അക്ഷയ്ക്ക് അനുമതി നല്‍കി. എന്നാല്‍, ദുഷ്യന്ത് പണം നല്‍കിയില്ല. സിനിമ പൂര്‍ത്തിയാക്കാത്തതിനാല്‍ പകര്‍പ്പവകാശംകൊണ്ട് കാര്യമില്ലാതെയും വന്നതോടെ അക്ഷയ് വീണ്ടും കോടതിയെ സമീപിച്ചു.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അബ്ദുള്‍ ക്വദ്ദോസാണ് ബംഗ്ലാവിന്റെയും അത് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെയും നാലിലൊന്ന് ഭാഗം കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്.

ഇതിന് 22.15 കോടി രൂപയോളം വിലമതിക്കും. 1958-ല്‍ വാങ്ങിയ ഈ വീട്ടില്‍ ഒട്ടേറെ സിനിമകളും ചിത്രീകരിച്ചിട്ടുണ്ട്. ഇതടക്കം ശിവാജിയുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് മക്കള്‍ തമ്മില്‍ കേസുണ്ട്.

#Money #laundering #case #against #grandson #HighCourt #orders #confiscation #ShivajiGanesan #bungalow

Next TV

Top Stories