( moviemax.in)മണിച്ചിത്രത്താഴിലെ അല്ലിയായി വന്ന് മലയാളികൾക്ക് സുപരിചിതയായ നടിയാണ് അശ്വിനി നമ്പ്യർ. തൊണ്ണൂറുകളിൽ നായികയായും സഹനടിയായുമെല്ലാം തിളങ്ങി നിന്നിരുന്ന അശ്വിനി മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.
തമിഴിലൂടെയാണ് അശ്വിനി സിനിമ ലോകത്തേക്ക് എത്തിയത്. താരത്തിന്റെ രണ്ടാമത്തെ സിനിമയായ പോസ്റ്റ് ബോക്സ് നമ്പർ 27 മലയാളത്തിലായിരുന്നു.
പിന്നീട് ആയുഷ്ക്കാലം, കൗരവർ, ബട്ടർഫ്ലൈസ്, ധ്രുവം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, പവിത്രം, കുടുംബക്കോടതി തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചു. ധ്രുവത്തിൽ ഒരു ഹിറ്റ് ഗാനത്തിന്റെയും ഭാഗമായിട്ടുണ്ട് അശ്വിനി.
മലയാളത്തിൽ മാത്രമല്ല തമിഴിലും തൊട്ടതെല്ലാം പൊന്നാക്കിയ കഥകളാണ് അശ്വിനിക്ക് പറയാനുള്ളത്. അവിടെ നടിയുടെ സ്ക്രീൻ നെയിം രുദ്ര എന്നായിരുന്നു.
കുടുംബക്കോടതിക്കുശേഷം മലയാള സിനിമയിൽ അശ്വിനിയെ കണ്ടിട്ടില്ല. പക്ഷെ താരം സോഷ്യൽമീഡയയിൽ വളരെ സജീവമാണ്. മാത്രമല്ല തമിഴിൽ നിരവധി സീരിയലുകളിലും ഒരിടയ്ക്ക് അശ്വിനി അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും തമിഴിൽ സജീവമാകാനൊരുങ്ങുന്ന അശ്വിനി സിനിമാ ലോകത്ത് സജീവമായി നിന്നിരുന്നപ്പോഴുണ്ടായ ചില അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.
ആരാധകരിൽ നിന്നും വന്ന കത്തുകളെ കുറിച്ചും സിനിമാ രംഗത്ത് പ്രവർത്തിച്ചവരിൽ നിന്നും വന്ന പ്രണയാഭ്യർത്ഥനകളെ കുറിച്ചുമെല്ലാം അശ്വിനി മനസ് തുറന്നു.
വിവാഹഅഭ്യർത്ഥനയുമായി ഒരു നടൻ തന്റേയും അമ്മയുടേയും പുറകെ നാളുകളോളം നടന്നിട്ടുള്ള സംഭവവും പുതിയ അഭിമുഖത്തിൽ അശ്വിനി വെളിപ്പെടുത്തി.
അന്നൊക്കെ ഒരുപാട് കത്തുകള്‍ വരുമായിരുന്നു. രക്തം കൊണ്ട് എഴുതി അയക്കുന്നത് ഒരേ സമയം സന്തോഷവും സങ്കടവും തരുന്ന അനുഭവങ്ങളാണ്.
നമ്മളെ ഇത്രയധികം സ്‌നേഹിക്കുന്നു എന്നതില്‍ സന്തോഷം തോന്നും. പക്ഷെ ഇഷ്ടത്തിന്റെ പേരില്‍ ഇങ്ങനെയൊക്കെയോ എന്ന് ചിന്തിക്കുമ്പോള്‍ വിഷമവും വരും. അങ്ങനെ ഒരു കത്ത് സ്ഥിരം വരുമായിരുന്നു.
എല്ലാം വായിക്കുമെങ്കിലും ഒന്നിനും പ്രതികരിച്ചിരുന്നില്ല. അതില്‍ ദേഷ്യം വന്ന ഒരാള്‍ വളരെ മോശമായി കത്തുകൾ എഴുതി അയക്കാന്‍ തുടങ്ങി. അത് എന്നെ വല്ലാതെ ബാധിച്ചതോടെ അമ്മ കത്തുകള്‍ ഹാന്റില്‍ ചെയ്തു തുടങ്ങി.
പിന്നീട് ഒന്നും എന്നെ കാണിക്കാറുണ്ടായിരുന്നില്ല. ഞാന്‍ വായിച്ചിട്ടുമില്ല. കത്തുകൾ അയക്കുന്നവരിൽ ചിലർ സിനിമയില്‍ ഉള്ളവരുമായിരുന്നു. അദ്ദേഹം ആരാണെന്ന് ഞാന്‍ പറയില്ല.
ഇന്നും സജീവമായി നില്‍ക്കുന്ന ഒരാളാണ്. കല്യാണം കഴിച്ച് തരണമെന്ന് പറഞ്ഞ് എന്റെയും അമ്മയുടെയും പിന്നാലെ നടന്ന് കെഞ്ചിയിട്ടുണ്ട്. തമിഴ് സിനിമയിലുള്ള ആളാണ്. തമിഴിലാണ് കത്തുകള്‍ എഴുതിയിരുന്നത്.
ഞങ്ങള്‍ മലയാളികള്‍ ആയതുകൊണ്ട് തന്നെ അത് വായിക്കാനും തിരിച്ചെഴുതാനും അറിയില്ലായിരുന്നു. പിന്നീട് തമിഴ് അറിയാവുന്ന ഒരാളെ വിളിച്ച് അയാളെ കൊണ്ട് വായിപ്പിച്ച് മറുപടി എഴുതി അയച്ചു.
താത്പര്യമില്ലെന്ന് വ്യക്തമാക്കിയതിന് ശേഷം പിന്നീട് ശല്യം ചെയ്തിട്ടില്ല. എല്ലാം മറന്ന് അദ്ദേഹം നല്ല കുടുംബ ജീവിതത്തിലേക്ക് കടക്കണം എന്നും സന്തോഷത്തോടെ ജീവിക്കണം എന്നുമാണ് അന്നും ഇന്നും ആഗ്രഹിക്കുന്നത്.
അങ്ങനെയാണെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് അശ്വിനി പറഞ്ഞത്. വിവാഹിതയും അമ്മയുമാണെങ്കിലും കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ അശ്വിനി എവിടേയും പങ്കുവെച്ചിട്ടില്ല.
വിവാഹശേഷം സിംഗപ്പൂരിലായിരുന്നു അശ്വിനി ഏറെക്കാലം. ഭർത്താവും മകളുമാണ് താരത്തിനുള്ളത്. കുടുംബത്തിന്റെ പ്രൈവസി മാനിച്ചാണ് ഫാമിലി ഫോട്ടോകൾ നടി എവിടേയും പങ്കുവെക്കാത്തത്.
അഭിനേത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് അശ്വിനി നമ്പ്യാർ. സുഴൽ 2 ആണ് നടിയുടെ ഏറ്റവും പുതിയ പ്രോജക്ട്. ഈ വെബ് സീരിസിന്റെ പ്രമോഷൻ പരിപാടികളിൽ സജീവമായി അശ്വിനിയുമുണ്ട്.
#Actor #followed #writing #sending #letters #bad #Tamil #marriage #proposal #Ashwini