അല്ലു അർജുന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. പുഷ്പയുടെ ആദ്യഭാഗത്തിലെ അഭിനയത്തിന് അല്ലു അർജുന് മികച്ച നടനുള്ള അവാർഡും ലഭിച്ചു. എന്നാൽ ഈ ചിത്രം കുട്ടികളെ മോശമായി സ്വാധീനിക്കുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരധ്യാപിക.
ഹൈദരാബാദ് യൂസുഫ്ഗുഡയിലെ സർക്കാർ സ്‌കൂൾ അധ്യാപികയാണ് ഈ പരാതിയുമായി രംഗത്തെത്തിയത്. ഈ വിഷയത്തേക്കുറിച്ച് അധ്യാപിക എജ്യുക്കേഷന്‍ കമ്മീഷനോട് വിശദമാക്കുന്നതിന്റെ വീഡിയോ തെലുങ്ക് മാധ്യമമായ വി6 പുറത്തുവിട്ടു.
പുഷ്പയുടെ റിലീസിന് ശേഷം കുട്ടികൾ മോശമായി പെരുമാറുന്നുവെന്ന് അധ്യാപിക പറഞ്ഞു. മോശം ഹെയർ സ്‌റ്റെലും വസ്ത്രധാരണവുമാണ് കുട്ടികൾ പിന്തുടരുന്നത്. സഭ്യമല്ലാത്ത ഭാഷയിലാണ് സംസാരിക്കുന്നത്. സ്വകാര്യ സ്‌കൂളിലെ കുട്ടികളും സമാന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ടീച്ചർ പറഞ്ഞു.
ഇതിന്റെ പേരിൽ കുട്ടികളെ ശിക്ഷിച്ചാൽ അതവർക്ക് വീണ്ടു സമ്മർദം നൽകുമെന്നും അധ്യാപിക പറഞ്ഞു. ഇത് ഇവരെ ആത്മഹത്യയിലേക്ക് നയിക്കുമോയെന്ന ഭയവും അധ്യാപകർക്കുണ്ട്. എന്റെ സ്‌കൂളിലെ പകുതിയിലധികം പേരെയും പുഷ്പ എന്ന ചിത്രം മോശമായി സ്വാധീനിച്ചിരിക്കുകയാണ്- അധ്യാപിക പറയുന്നു.
അതേസമയം അഭിപ്രായത്തെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. ഇത്തരം സിനിമകൾ കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഒരു കൂട്ടർ അഭിപ്രായപ്പെട്ടു. അത്തരത്തിൽ സ്വാധീനം ചെലുത്തുമെങ്കിൽ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എത്ര ഐഎഎസുകാരനും ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായേനെയെന്ന് മറ്റുചിലർ പരിഹസിച്ചു
#Teacher #says #Pushpa #influence #children #due #indecent #behavior #dressing