---
title: "ഉണ്ണി മുകുന്ദനെ ട്രോളി സോഷ്യൽ മീഡിയ!"
english_title: "Social Media trolled  Unni Mukundan "
publisher: "moviemax.in"
canonical_url: "https://moviemax.in/news/2725/social-media-trolled-unni-mukundan"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60d983142fdc4_unni.jpg"
keywords: []
---

# ഉണ്ണി മുകുന്ദനെ ട്രോളി സോഷ്യൽ മീഡിയ!

> **Lead Summary:** കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയയിൽ ആനി ശിവയുടെ കഥ വൈറലാണ്. നിരവധി പേരാണ് ആനി ശിവയുടെ കഠിനപ്രയത്നത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. മലയാള സിനിമാ - പൊതുപ്രവർത്തന രംഗത്തെ നിരവധി പേരാണ് ആനി ശിവയുടെ കഥ പങ്കുവെച്ചത്. ആനിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് യുവനടൻ ഉണ്ണി മുകുന്ദൻ കുറിച്ച വാക്കുകൾ സൈബറിടത്തിൻ്റ ശ്രദ്ധ നേടിയിരുന്നു. 'വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം' എന്ന ക്യാപ്‌ഷനോടെയാണ് ഉണ്ണി ആനി ശിവയുടെ ചിത്രം നടൻ പങ്കിട്ടത്.

## Article Content

കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയയിൽ ആനി ശിവയുടെ കഥ വൈറലാണ്. നിരവധി പേരാണ് ആനി ശിവയുടെ കഠിനപ്രയത്നത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. മലയാള സിനിമാ - പൊതുപ്രവർത്തന രംഗത്തെ നിരവധി പേരാണ് ആനി ശിവയുടെ കഥ പങ്കുവെച്ചത്. ആനിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് യുവനടൻ ഉണ്ണി മുകുന്ദൻ കുറിച്ച വാക്കുകൾ സൈബറിടത്തിൻ്റ ശ്രദ്ധ നേടിയിരുന്നു. 'വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം' എന്ന ക്യാപ്‌ഷനോടെയാണ് ഉണ്ണി ആനി ശിവയുടെ ചിത്രം നടൻ പങ്കിട്ടത്.

ആത്മബലത്തിന്റെയും ജീവിതവിജയത്തിന്റെയും മാതൃകയാണ് ആനി ശിവയെന്ന കമന്റുകൾ നൽകിക്കൊണ്ട് സോഷ്യൽ മീഡിയ ഉണ്ണിയുടെ പോസ്റ്റിനെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നാലെ നിരവധി പേരാണ് ഉണ്ണി മുകുന്ദൻ്റെ ഈ പൊട്ട് പരാമർശത്തെ വിമർശിച്ചുകൊണ്ടും രംഗത്തെത്തിയിരിക്കുന്നത്.

നടിയും ആക്ടിവിസ്റ്റുമായ അരുന്ധതി, ആർജെ ബാല, മാധ്യമപ്രവർത്തകർ, പൊതുപ്രവർത്തകർ എന്നിവരൊക്കെ ഉണ്ണി മുകുന്ദൻ്റെ ക്യാപ്ഷനോട് വിയോജിപ്പ് അറിയിച്ചുകൊണ്ട് രംഗത്ത് എത്തുകയും ചെയ്തിരുന്നു. വലിയ പൊട്ടു കുത്തിക്കൊണ്ടുള്ള ചിത്രം പങ്കിട്ടുകൊണ്ട് അരുന്ധതി കുറിച്ച വാക്കുകൾ ഉണ്ണി മുകുന്ദൻ്റെ വാക്കുകളെ പരിഹസിക്കുന്ന വിധത്തിലുള്ളതായിരുന്നു.

'ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ ഉണ്ണിയേട്ടാ.' അരുന്ധതി കുറിച്ച ക്യാപ്ഷൻ ഇങ്ങനെയാണ്. ഉണ്ണി മുകുന്ദൻ്റെ ക്യാപ്ഷനിലെ ‘വലിയ പൊട്ട്’ എന്ന പ്രയോഗം വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് വലിയ വിമർശനവുമായി സ്ത്രീവാദവക്താക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു.

'വല്യ പൊട്ടില്ലാത്തവർക്കു ഇന്ന് മുതൽ നമ്മുടെ കാക്കകൊത്ത് സംരക്ഷണ പൊടി അഥവാ സിന്ദൂരം ഉപയോഗിക്കാവുന്നതാണ്' എന്നാണ് ഇതിനെ പറ്റി ആർജെ ബാല കുറിച്ചിരിക്കുന്നത്. സ്ത്രീ വിരുദ്ധത പറഞ്ഞ് കൊണ്ടാണോ സ്ത്രീകളെ പുകഴ്ത്തേണ്ടതെന്നും പൊട്ടു തൊടുന്നതും തൊടാത്തതും ഒരാളുടെ സ്വാതന്ത്ര്യമാണെന്നും അതിന് സ്ത്രീ ശാക്തീകരണവുമായി യാതൊരു ബന്ധവും ഇല്ലെന്നും ചിലർ കമൻ്റുകളിൽ കൂടി ചൂണ്ടിക്കാട്ടുന്നുണ്ട്.

സംവിധായകനും നടനുമായ ജിയോ ബേബിയും ഉണ്ണിയുടെ അഭിപ്രായത്തോട് വിമർശനം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. 'പ്രിയപ്പെട്ട ഉണ്ണി...മോശം പോസ്റ്റ്‌ ആണ്‌' എന്നാണ് ജിയോ കുറിച്ച കമൻ്റ്. വലിയ മസിൽ ഉള്ളതല്ല, അല്പം ചിന്തിക്കാനുള്ള ബുദ്ധി ഉള്ളതാണ് ആണത്തം എന്ന് പറഞ്ഞാൽ കൂടിപ്പോവുമോ എന്നും വലിയ പൊട്ടത്തരങ്ങളിലൂടെയല്ല, ഫെമിനിസത്തെക്കുറിച്ചുള്ള പ്രാഥമികമായ ബോധത്തിലൂടെയാണ് സ്ത്രീ ശാക്തീകരണം സാധ്യമാകുന്നത് എന്നും ചിലർ കുറിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2725/social-media-trolled-unni-mukundan)