‘എന്തിരൻ’ സിനിമയുടെ കഥ കോപ്പിയടിച്ചെന്ന പരാതിയിൽ സംവിധായകൻ ശങ്കറിന്റെ 10 കോടിയുടെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ആരൂർ തമിഴ്നാഥൻ എന്നയാളുടെ പരാതിയിലാണ് ഇ.ഡി നടപടി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് 10.11 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതെന്ന് ഇ.ഡി അറിയിച്ചു. തന്റെ ജിഗുബ എന്ന കഥ കോപ്പിയടിച്ചാണ് ശങ്കർ എന്തിരൻ നിർമിച്ചതെന്നാരോപിച്ച് തമിഴ്നാഥൻ ചെന്നൈ എഗ്മോർ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.
പകർപ്പവകാശ നിയമം ശങ്കർ ലംഘിച്ചെന്നും തമിഴ്നാഥൻ ആരോപിച്ചു. ഇതേത്തുടർന്ന് ഇ.ഡി നടത്തിയ അന്വേഷണത്തിൽ എന്തിരന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നീ ജോലികൾക്കായി ശങ്കറിന് 11.5 കോടി രൂപ ലഭിച്ചിരുന്നെന്ന് കണ്ടെത്തി.
ഇതുകൂടാതെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ) നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ ജിഗുബയുടെയും എന്തിരന്റെയും കഥകൾ തമ്മിൽ എടുത്തു പറയാവുന്ന സാമ്യം കണ്ടെത്തുകയും ചെയ്തു.
ഇതോടെയാണ് ശങ്കറിനെതിരെ 1957ലെ പകർപ്പവകാശ നിയമത്തിന്റെ 63ാം വകുപ്പ് ലംഘിച്ചുവെന്ന കുറ്റം ചുമത്തിയതെന്നും നിലവിൽ ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനു കീഴിലാണ് വരുന്നതെന്നും ഇ.ഡി പറഞ്ഞു.
പകർപ്പവകാശ ലംഘനക്കുറ്റത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം സ്വത്ത് കണ്ടുകെട്ടുന്ന രാജ്യത്തെ ആദ്യത്തെ കേസായിരിക്കാം ഇതെന്നും ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നു.
#Extraordinary #action #ED #crore #worth #property #name #directorShankar #Confiscated