( moviemax.in ) മലയാള സിനിമയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയ സിനിമയായിരുന്നു ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ഈ സിനിമയുടെ ഹിന്ദി റീമേക്ക് ഇപ്പോള്‍ ചര്‍ച്ചയായി മാറുകയാണ്. സാന്യ മല്‍ഹോത്ര നായികയായെത്തുന്ന സിനിമയുടെ പേര് മിസിസ് എന്നാണ്. ചിത്രം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും സാന്യയുടെ പ്രകടനവുമൊക്കെ വലിയ ചര്‍ച്ചയായി മാറുകയാണ്. സീ 5ലൂടെയായിരുന്നു സിനിമ ഒടിടിയിലെത്തിയത്.
ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാന്യ. ആമിര്‍ ഖാന്‍ നായകനായ ദംഗലിലൂടെയായിരുന്നു സാന്യയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധ നേടാന്‍ സാന്യയ്ക്ക് സാധിച്ചു. പിന്നീട് ബദായി ഹോ, പഗ്ലേറ്റ്, പട്ടാക്ക, ലുഡോ, ഹിറ്റ്, കഠല്‍, ജവാന്‍ തുടങ്ങിയ സിനിമകളിലേയും സാന്യയുടെ പ്രകടനം കയ്യടി നേടിയിരുന്നു.
സിനിമയിലെ കുടുംബവേരുകളൊന്നുമില്ലാതെയാണ് സാന്യ കടന്നു വന്നത്. സാധാരണക്കാരിയായ ഡല്‍ഹിക്കാരിയില്‍ നിന്നും ബോളിവുഡ് താരത്തിലേക്കുള്ള സാന്യയുടെ വളര്‍ച്ച സിനിമ പോലെ സംഭവബഹുലമാണ്. നേരത്തെ, ഒരിക്കല്‍ ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ തനിക്കുണ്ടായ ദുരനുഭവം സാന്യ പങ്കുവച്ചിരുന്നു. ഈ സംഭവം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''ഞാന്‍ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഷനില്‍ നിന്നും മെട്രോ കയറി. ഞാന്‍ ഒറ്റയ്ക്കായിരുന്നു. അവിടെ നാലഞ്ച് ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു. എന്തോ തെറ്റ് സംഭവിക്കാന്‍ പോകുന്നുവെന്ന തോന്നല്‍ എനിക്കുണ്ടായി. എനിക്ക് രക്ഷപ്പെടാന്‍ പറ്റില്ല, എന്തോ തെറ്റ് സംഭവിക്കാന്‍ പോകുന്നു എന്നായിരുന്നു എന്റെ ചിന്ത.
അവര്‍ എന്നെ കളിയാക്കാനും തൊടാനുമൊക്കെ തുടങ്ങി. നമ്മള്‍ എത്ര ദേഷ്യപ്പെട്ടാലും ഒന്നും സംഭവിക്കില്ല. ഞാന്‍ നിസ്സഹായയായിരുന്നു. നീ എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് നമ്മള്‍ ചോദിക്കും. പക്ഷെ അങ്ങനൊരു സാഹചര്യം വരുമ്പോള്‍ മരവിച്ചു പോകും, എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നാകും ചിന്തിക്കുക.
രാജീവ് ചൗക് എത്തിയപ്പോള്‍ ഞാന്‍ ഇറങ്ങി. അവര്‍ എന്റെ പിന്നാലെ വന്നു. ഭാഗ്യത്തിന് രാജീവ് ചൗകില്‍ വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നതിനാല്‍ അവര്‍ക്ക് വഴി തെറ്റി. ഞാന്‍ ഓടി വാഷ് റൂമില്‍ കയറി.
അച്ഛനെ വിളിച്ച് എന്നെ വന്ന് കൂട്ടാന്‍ പറഞ്ഞു. ആ സമയം ഞാന്‍ നിസ്സഹായയായിരുന്നു. പക്ഷെ എനിക്ക് അതില്‍ നാണക്കേടില്ല. അത് എന്റെ തെറ്റല്ല. മെട്രോയില്‍ കയറിയത് എന്റെ തെറ്റല്ലെന്ന് തിരിച്ചറിയാന്‍ കുറച്ച് സമയമെടുത്തു. അത് ഓട്ടോയിലോ ടാക്‌സിയിലോ വച്ചും സംഭവിക്കുമായിരുന്നു'' എന്നാണ് സാന്യ പറയുന്നത്.
കണ്ടുനിന്നവരാരും തന്നെ സഹായിക്കാന്‍ വന്നില്ലെന്നും താരം പറയുന്നുണ്ട്. താരമായ ശേഷവും തനിക്ക് ചിലരില്‍ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് സാന്യ നേരത്തെ പറഞ്ഞിരുന്നു. അന്നും കണ്ടു നിന്നവര്‍ തനിക്ക് വേണ്ടി മുന്നോട്ട് വന്നില്ലെന്നും സാന്യ പറഞ്ഞിരുന്നു. ഫോട്ടോയെടുക്കാന്‍ എന്ന വ്യാജനെ അടുത്തു വന്ന ഒരാള്‍ സാന്യയുടെ ദേഹത്ത് മോശമായ രീതിയല്‍ കൈ വെക്കുകയായിരുന്നു.
''ഞാന്‍ ഞെട്ടിപ്പോയി. പക്ഷെ കണ്ടു നിന്ന ഫോട്ടോഗ്രാഫര്‍മാര്‍ എന്നെ സഹായിച്ചില്ല. ഞാന്‍ അസ്വസ്ഥയാകുന്നത് അവര്‍ കാണുന്നുണ്ടായിരുന്നു. എനിക്ക് നല്ല ദേഷ്യം വന്നു. ഞാന്‍ അയാളെ തിരിച്ച് വിളിക്കുകയും നിങ്ങള്‍ ചെയ്തത് തെറ്റാണെന്ന് പറയുകയും ചെയ്തു'' എന്നാണ് സാന്യ പറഞ്ഞത്.
അതേസമയം തെന്നിന്ത്യന്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് സാന്യ. മണിരത്‌നം ഒരുക്കുന്ന കമല്‍ഹാസന്‍ ചിത്രം തഗ്ഗ് ലൈഫിലൂടെയാണ് സാന്യ തമിഴിലിലെത്തുന്നത്. പിന്നാലെ അനുരാഗ് കശ്യപ് ഒരുക്കുന്ന സിനിമയിലും നെറ്റ്ഫ്‌ളിക്‌സിന്റെ ടോസ്റ്റര്‍ എന്ന ചിത്രത്തിലും സാന്യ അഭിനയിക്കുന്നുണ്ട്.
#mrs #actress #sanyamalhotra #revealed #how #she #chased #men #delhi #metro