( moviemax.in ) സാരിയിലുള്ള ഫോട്ടോഷൂട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ മോഡലാണ് ശ്രീലക്ഷ്മി സതീഷ്. ബോളിവുഡ് താരം രാംഗോപാല്‍ വര്‍മയുടെ 'സാരി' എന്ന പേരിലുള്ള ചിത്രത്തിലേക്ക് നായികയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശ്രീലക്ഷ്മി ശ്രദ്ധിക്കപ്പെട്ടു.
ശ്രീലക്ഷ്മിക്ക് ആരാധ്യ ദേവി എന്ന പുതിയ പേരും രാംഗോപാല്‍ വര്‍മ നല്‍കി. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന സാരിയുടെ പ്രൊമോഷനായി കേരളത്തില്‍ എത്തിയിരിക്കുകയാണ് ആരാധ്യ.
തന്നെ കുറിച്ചുള്ള നെഗറ്റീവ് കമന്റുകള്‍, പേരില്‍ മാറ്റം വരുത്തിയതിന് പിന്നിലെ കാരണം എന്നിവയെ കുറിച്ചെല്ലാം നടി മറുപടിയും നല്‍കി. ശ്രീലക്ഷ്മി എന്ന പേര് തനിക്ക് പണ്ടേ ഇഷ്ടമല്ലായിരുന്നുവെന്നും അതൊരു കുറ്റമായി പറയുന്നതല്ലെന്നും ആരാധ്യ പറയുന്നു.
'സ്‌കൂളില്‍ നമ്മുടെ ക്ലാസില്‍തന്നെ അഞ്ചോ ആറോ ശ്രീലക്ഷ്മിമാരുണ്ടാകും. എനിക്ക് എപ്പോഴും വ്യത്യസ്തതയുള്ള ഒരു പേര് വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. എനിക്ക് എന്തിനാ ഈ പേര് ഇട്ടതെന്ന് അച്ഛനോടും അമ്മയോടും എപ്പോഴും ചോദിക്കുമായിരുന്നു.
അങ്ങനെ ഒരു അവസരം വന്നപ്പോള്‍ എന്തുകൊണ്ട് പേര് മാറ്റിക്കൂടാ എന്ന ചിന്ത വന്നു. ശ്രീലക്ഷ്മി എന്നത് ഒരു പരമ്പരാഗത പേരാണ്. അങ്ങനെ മാതാപിതാക്കളും രാംഗോപാല്‍ വര്‍മയും ചില പേരുകള്‍ നിര്‍ദേശിച്ചു. അതില്‍ നിന്ന് തിരഞ്ഞെടുത്ത പേരാണ് ആരാധ്യ.'-ശ്രീലക്ഷ്മി പറയുന്നു.
ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞ പ്രസ്താവനയില്‍ പശ്ചാത്തപിക്കുന്നില്ലെന്നും അന്നത്തെ എന്റെ പ്രായവും സാഹചര്യവുമാണ് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചതെന്നും ആരാധ്യ കൂട്ടിച്ചേര്‍ത്തു. അടുത്ത വീട്ടിലെ പെണ്‍കുട്ടി എന്ന തരത്തിലുള്ള കഥാപാത്രമാണ് സാരി എന്ന ചിത്രത്തിലേത്.
ആ കഥാപാത്രം ഒട്ടും ഗ്ലാമറസല്ല. എന്നാല്‍ വില്ലന്റെ സാങ്കല്‍പിക ലോകത്ത് അയാളുടെ ഫാന്റസിയില്‍ കരുതുന്നത് ഈ കുട്ടി ഒരു സെക്‌സി ഗേള്‍ ആണെന്നാണ്. അത് കാണിക്കാന്‍വേണ്ടി മാത്രം ചില ഗ്ലാമറസ് രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നു. ആരാധ്യ പറയുന്നു.
ഗ്ലാമറിന് ഇന്ന് ഒരുപാട് വ്യാഖ്യാനങ്ങളുണ്ട്. വസ്ത്രത്തിന് അതില്‍ യാതൊരു പ്രസക്തിയുമില്ല. ഇതൊരു വികാരമാണ്. ഓരോ വ്യക്തികളേയും ആശ്രയിച്ച് വ്യത്യസ്തമായ കാഴ്ച്ചപ്പാടായിരിക്കും. ചിലര്‍ക്ക് അത് വസ്ത്രങ്ങളായിരിക്കും. മറ്റു ചിലര്‍ക്ക് ഇമോഷന്‍സും.
അന്ന് ഗ്ലാമര്‍ റോള്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞതുമായി ബന്ധപ്പെട്ട് ഒരുപാട് ട്രോളുകള്‍ വന്നിട്ടുണ്ട്. അന്നത്തെ ആ 22-കാരിയെ ഞാന്‍ ഭാവിയില്‍ കുറ്റം പറയില്ല. ഭാവിയില്‍ ഏത് തരത്തിലുള്ള വേഷം ചെയ്യാനും താന്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'ഒരു സാധാരണ കുടുംബത്തില്‍ നിന്ന് വരുന്ന പെണ്‍കുട്ടി എന്ന നിലയ്ക്ക് നടിയാകുക എന്ന സാഹചര്യം എനിക്കുണ്ടായിരുന്നില്ല. ആ സ്വപ്‌നം ഞാന്‍ അന്നേ കുഴിച്ചുമൂടിയതാണ്. രാംഗോപാല്‍ വര്‍മയുമൊത്തുള്ള സിനിമ വലിയൊരു അനുഭവമായിരുന്നു.
ആദ്യത്തെ സിനിമ ആയതിനാല്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. പിജി പഠിക്കുന്ന സമയത്ത് വെറുതെ ചെയ്ത വീഡിയോ കണ്ട് അദ്ദേഹം വിളിക്കുകയായിരുന്നു. അല്ലാതെ മോഡലിങ് എന്റെ പാഷനേ അല്ലായിരുന്നു. അഭിനയം പണ്ടേ ഇഷ്ടമായിരുന്നു. സ്‌കൂളില്‍ നാടകങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്.
സാരി എന്ന സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലം അത് എന്നെ ബാധിക്കില്ല. കാരണം ഇതുവരെ നടന്നതെല്ലാം ഒരു സ്വപ്‌നം പോലെയാണ് ഞാന്‍ കാണുന്നത്. ഈ നിമിഷങ്ങളെ ഓര്‍ത്ത് സന്തോഷിക്കും. അത്രമാത്രം.'-ആരാധ്യ പറയുന്നു.
#actress #aradhyadevi #new #film #saree #promotion