ചെന്നൈ: ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം. ഈ ചിത്രം മെയ് മാസത്തിലോ, ആഗസ്റ്റിലോ ഇറങ്ങും എന്നാണ് സൂചനകള്‍.
ആമിര്‍ ഖാന്‍ ചിത്രത്തില്‍ ക്യാമിയോ റോളില്‍ എത്തും എന്ന അഭ്യൂഹം ശക്തമാണ്. സത്യരാജ്, നാഗാര്‍ജുന, ഉപേന്ദ്ര ഇങ്ങനെ വലിയൊരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. അനിരുദ്ധ് സംഗീതം നല്‍കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്ചേര്‍സാണ്.
കൂലിക്ക് ശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രവും സണ്‍ പിക്ചേര്‍സിന്‍റെ തന്നെയാണ്. 2023ലെ വന്‍ ഹിറ്റ് ചിത്രമായ ജയിലറിന്‍റെ രണ്ടാം ഭാഗം ജയിലര്‍ 2 ആണ് ഈ ചിത്രം.
ചിത്രത്തിന്‍റെ അനൗണ്‍സ്മെന്‍റ് വീഡിയോ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. കൂലിക്ക് ശേഷം 3 മാസത്തെ ഇടവേളയ്ക്ക് ശേഷം ആയിരിക്കും ജയിലര്‍ 2 ആരംഭിക്കുക എന്നാണ് വിവരം. അടുത്ത വര്‍ഷമായിരിക്കും ഈ ചിത്രം എത്തുക.
അതേ സമയം തന്നെ ജയിലര്‍ 2വിന് ശേഷം ചെയ്യാനുള്ള ചിത്രത്തിന്‍റെ കഥ കേള്‍ക്കുകയാണ് രജനികാന്ത്. നേരത്തെ ലോകേഷ് ചിത്രത്തോടെ സിനിമ രംഗത്ത് നിന്നും വിരമിക്കും എന്ന വാര്‍ത്തകള്‍ തള്ളികളഞ്ഞാണ് രജനി പുതിയ ചിത്രങ്ങള്‍ക്ക് കഥ തേടുന്നത്.
പല യുവ സംവിധായകരില്‍ നിന്നും രജനി കഥ കേള്‍ക്കുന്നു എന്നാണ് വിവരം. ഇത്തരത്തില്‍ തമിഴിലെ ശ്രദ്ധേയ സംവിധായകന്‍ മാരി സെല്‍വരാജും രജനിയോട് കഥ പറഞ്ഞുവെന്നാണ് വിവരം.
പരിയേറും പെരുമാള്‍, കര്‍ണ്ണന്‍, മാമന്നന്‍, വാഴെ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ മാരി തന്‍റെ സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തമായ ഒരു ചിത്രത്തിന്‍റെ കഥയാണ് രജനിക്ക് വേണ്ടി അവതരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ രജനികാന്ത് ഈ കഥയോടെ നോ പറഞ്ഞുവെന്നാണ് വിവരം. ചിത്രത്തിന്‍റെ കഥ രജനിക്ക് ഇഷ്ടപ്പെട്ടെങ്കിലും. ഈ ചിത്രം ചില വിവാദങ്ങള്‍ക്ക് കാരണമാകും എന്നതിനാലാണ് മാരിയോട് രജനി നോ പറഞ്ഞത് എന്നാണ് തമിഴ് ചലച്ചിത്ര രംഗത്തെ സംസാരം.
അതേ സമയം രജനികാന്ത് ആത്മകഥ രചനയിലാണ് എന്നും വാര്‍ത്തകളുണ്ട്.
#young #Tamil #director #told #different #story #Rajinikanth #said #no #film