---
title: "പുലിമുരുകന്‍ ലാഭം തന്നെ, 18-ാം ദിവസം 100 കോടി; രണ്ട് കോടി ലോണ്‍ എടുത്തത് അന്നേ അടച്ചു: ടോമിച്ചന്‍ മുളകുപാടം"
english_title: "#tomichan #mulakupadam #opens #up #about #collection #report #pulimurugan #starring #mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/271037/tomichan-mulakupadam-opens-up-about-collection-report-pulimurugan-starring-mohanlal"
published_at: "2025-02-18T12:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b42e1d27f9b_pulimurukan.jpg"
keywords: []
---

# പുലിമുരുകന്‍ ലാഭം തന്നെ, 18-ാം ദിവസം 100 കോടി; രണ്ട് കോടി ലോണ്‍ എടുത്തത് അന്നേ അടച്ചു: ടോമിച്ചന്‍ മുളകുപാടം

> **Lead Summary:** ** കഴി**ഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമയിലെ നിര്‍മ്മാണച്ചെലവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടേറിയിരിക്കുകയാണ്. സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകളുടെ ആധികാരികതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

## Article Content

** കഴി**ഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമയിലെ നിര്‍മ്മാണച്ചെലവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടേറിയിരിക്കുകയാണ്. സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകളുടെ ആധികാരികതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

അഭിനേതാക്കളുടെ പ്രതിഫലം മുതല്‍ സിനിമയുടെ ബജറ്റ് കൈ വിട്ട് പോകുന്നതുവരെയുള്ള വിഷയങ്ങളും യഥാര്‍ത്ഥ കളക്ഷനും പബ്ലിസിറ്റിയ്ക്കായി കളക്ഷന്‍ കൂട്ടിപ്പറയുന്നതുമൊക്കെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പലതരത്തിലുള്ള കാഴ്ചപ്പാടുകളും ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.

ഇതിനിടെ ഇപ്പോഴിതാ മലയാളത്തിലെ ആദ്യ 100 കോടി സിനിമയായ പുലിമുരുകന്റെ സംവിധായകന്‍ ടോമിച്ചന്‍ മുളകുപാടത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം പുലിമുരുകന് വേണ്ടി ടോമിച്ചന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും ലോണ്‍ എടുത്തത് ഇതുവരെ തിരിച്ചടച്ചില്ലെന്ന് ടോമിന്‍ തച്ചിങ്കിരി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ടോമിച്ചന്‍ മുളകുപാടം. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.

മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ മലയാളം കണ്ട ആദ്യ 100 കോടി വിജയമായിരുന്നു. വൈശാഖ് സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ വഴിത്തിരിവായിരുന്നു.

പുലിമുരുകന്റെ മൊത്തം ബിസിനസ് ആണ് 100 കോടി. മൂന്ന് കോടിയ്ക്ക് മുകളില്‍ നികുതിയായി അടച്ചിട്ടുണ്ടെന്നുമാണ് ടോമിച്ചന്‍ പറയുന്നത്. അന്ന് ഒടിടിയും ഗ്ലോബല്‍ കളക്ഷനുമില്ലെന്നും ഓവര്‍സീസ് ഇല്ലാതെ പതിനെട്ടാം ദിവസം 100 കോടിയിലെത്തിയ സിനിമയാണ് പുലിമുരുകനെന്നുമാണ് ടോമിച്ചന്‍ ചൂണ്ടിക്കാണിക്കുന്നത്.

കേരളത്തിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നേടിയതാണ് 100 കോടി. അതില്‍ നിന്നും ടാക്‌സും തീയേറ്ററുകളുടെ ഷെയറും കഴിഞ്ഞുള്ളതാണ് നിര്‍മ്മാതാവിന് കിട്ടുകയെന്നും അദ്ദേഹം പറയുന്നുണ്ട്.

അതേസമയം പുലിമുരുകന്റെ ചിത്രീകരണം പറഞ്ഞ ബജറ്റില്‍ തീര്‍ന്നില്ലെന്നതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ചിത്രീകരണം ആരംഭിക്കുമ്പോള്‍ 20 കോടിയ്ക്ക് താഴെയായിരുന്നു ബജറ്റ്. എന്നാല്‍ ചിത്രീകരണം തീര്‍ന്നപ്പോഴേക്കും അതിന്റെ ഇരട്ടി ചെലവായെന്നാണ് അദ്ദേഹം പറയുന്നത്.

100 ദിവസം പ്ലാന്‍ ചെയത സിനിമ തീരാന്‍ വേണ്ടി വന്നത് 210 ദിവസമാണ്. പിന്നീട് പോസ്റ്റ് പ്രൊഡക്ഷന് ഒരു വര്‍ഷം വേണ്ടി വന്നുവെന്നും അതാണ് ബജറ്റ് കൂടാന്‍ കാരണമായതെന്നാണ് അദ്ദേഹം പറയുന്നത്.

ബജറ്റ് കയ്യില്‍ നില്‍ക്കാതെ വന്നതോടെ പലയിടത്തു നിന്നും ഫണ്ട് അറേഞ്ച് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം തുറന്ന് പറയുന്നുണ്ട്. കെഎഫ്‌സിയില്‍ നിന്നും രണ്ട് കോടി ലോണ്‍ എടുത്തു. എന്നാല്‍ 2016 ഡിസംബറില്‍ ആ ലോണ്‍ ക്ലോസ് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ടോമിന്‍ തച്ചിങ്കരി താന്‍ ലോണ്‍ എടുത്തിട്ട് അടച്ചു തീര്‍ത്തിട്ടില്ല എന്ന് പറഞ്ഞത് വാസ്തവിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു.

പുലിമുരുകന്റെ സമയത്താണ് ആദ്യം ലോണ്‍ എടുത്തത്. അന്ന് തച്ചിങ്കിരി കെഎഫ്‌സിയുടെ തലപ്പത്ത് വന്നിട്ടില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സമയത്തും ലോണ്‍ എടുത്തു. അന്ന് തച്ചിങ്കിരിയായിരുന്നു എംഡി. എന്നാല്‍ 2020 ല്‍ അതും അടച്ചു തീര്‍ത്തുവെന്നാണ് അദ്ദേഹം പറയുന്നത്.

ന്യായമായ ലാഭം കിട്ടിയ സിനിമയാണ് പുലിമുരുകന്‍ എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. അതിനുള്ള കൃത്യമായ ഇന്‍കം ടാക്‌സും താന്‍ അടച്ചിട്ടുണ്ട്. ക്വാളിറ്റിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വരുത്താത്ത സിനിമയായിരുന്നു പുലിമുരുകനെന്നും അദ്ദേഹം പറയുന്നുണ്ട്.

അതേസമയം, താന്‍ നിര്‍മ്മാണത്തില്‍ നിന്നും ഇടവേളയെടുക്കുന്നത് പതിവുളളതാണെന്നാണ് നിര്‍മ്മാതാവ് പറയുന്നത്. പോക്കിരിരാജയ്ക്ക് ശേഷം ആറുവര്‍ഷം കഴിഞ്ഞാണ് പുലിമുരുകന്‍ ചെയ്തത് എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇടയ്ക്ക് ഒരു തമിഴ് പടം എടുത്തത്തില്‍ നഷ്ടം സംഭവിച്ചു. അതുകൊണ്ടാണ് ഇപ്പോള്‍ ഇടവേളയെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/271037/tomichan-mulakupadam-opens-up-about-collection-report-pulimurugan-starring-mohanlal)