---
title: "'ഏത് അളവ് കോലെടുത്ത് അളന്നാലും ഒരുപടി മുന്നിലായിരിക്കും ആ പ്രതിഭ'! മമ്മൂക്കയ്ക്ക് പദ്മ ഭൂഷൺ നൽകിയില്ല? -അഖിൽ മാരാർ"
english_title: "#talent #one #step #ahead #any #measure #Mammooka ##PadmaBhushan #AkhilMarar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/266185/talent-one-step-ahead-any-measure-mammooka-padmabhushan-akhilmarar"
published_at: "2025-01-27T15:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67975c8036856_akhil_marar.jpg"
keywords: []
---

# 'ഏത് അളവ് കോലെടുത്ത് അളന്നാലും ഒരുപടി മുന്നിലായിരിക്കും ആ പ്രതിഭ'! മമ്മൂക്കയ്ക്ക് പദ്മ ഭൂഷൺ നൽകിയില്ല? -അഖിൽ മാരാർ

> **Lead Summary:** കഴിഞ്ഞ ദിവസമാണ് പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. അടുത്തിടെ അന്തരിച്ച സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പദ്മവിഭൂഷണ്‍ നൽകും.

## Article Content

കഴിഞ്ഞ ദിവസമാണ് പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. അടുത്തിടെ അന്തരിച്ച സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പദ്മവിഭൂഷണ്‍ നൽകും.

ഹോക്കി താരം പി.ആര്‍ ശ്രീജേഷിനും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും പദ്മവിഭൂഷണ്‍ നൽകും. നടി ശോഭനയ്ക്ക് പത്മഭൂഷണ്‍ നൽകും. കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ താരം ഐ.എം വിജയനും ഡോ. കെ ഓമനക്കുട്ടിക്കും പദ്മശ്രീ പുരസ്‌കാരവും നൽകി.

തമിഴ്നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്ലറ്റ് ഹര്‍വീന്ദ്രര്‍ സിങ്ങ്, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്.

പദ്മഭൂഷൺ ലഭിച്ച താരങ്ങളുടെ പട്ടികയിൽ ഇത്തവണ തെലുങ്ക് സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണയുമുണ്ട്. എന്നാൽ പദ്മഭൂഷണിന് അർഹതയുള്ള മമ്മൂട്ടിയെ അവ​ഗണിച്ചതിൽ മലയാളികൾക്കും സിനിമാപ്രേമികൾക്കും നിരാശയുണ്ട്.

പട്ടിക പുറത്ത് വന്നത് മുതൽ പ്രതിഷേധം പ്രകടിപ്പിച്ചുള്ള നിരവധി കുറിപ്പുകളും പോസ്റ്റുകളും ആളുകൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നുണ്ട്. അക്കൂട്ടത്തിൽ ചർച്ചയാകുന്നത് സംവിധായകനും ബി​ഗ് ബോസ് മലയാളം സീസൺ അ‍ഞ്ച് വിജയിയുമായ അഖിൽ മാരാർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ്.

മമ്മൂട്ടിക്ക് എന്തേ പദ്മ ഭൂഷൺ നൽകിയില്ലെന്നും മതവും രാഷ്ട്രീയവുമല്ലാതെ മറ്റൊരു അയോഗ്യതയും ആ മഹാ പ്രതിഭയ്ക്ക് ഇല്ലെന്നുമാണ് അഖിൽ മാരാർ കുറിച്ചത്. റിപബ്ലിക് ദിനത്തിൽ രാജ്യം നൽകുന്ന ആദരവ് ഏതൊരു ഭാരതീയ പൗരന്റെയും അഭിമാന നിമിഷങ്ങളിൽ ഒന്നാണ്.

നിരവധി പ്രാഞ്ചിയേട്ടന്മാർ പണം ഉപയോഗിച്ച് മുൻകാലങ്ങളിൽ പദ്മശ്രീ പട്ടം നേടി എടുത്തിരുന്നു എന്നതിൽ നിന്നും വ്യത്യസ്തമായി അർഹത ഉള്ള സാധാരണക്കാരന് പദ്മശ്രീ ലഭിച്ചതായി കണ്ടത് മോദി സർക്കാർ വന്ന ശേഷമാണ്.

എന്നാൽ കഴിഞ്ഞ ദിവസം പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ സന്തോഷവും വിഷമവും തോന്നി. പിആർ ശ്രീജേഷ് എന്ന രാജ്യത്തിന്റെ പോരാളിക്ക് പദ്മ ഭൂഷൺ ലഭിച്ചതിൽ വലിയ സന്തോഷം തോന്നി.

എന്നാൽ മലയാള സിനിമയുടെ അഭിമാനവും ഇന്ത്യൻ സിനിമയിൽ അത്ഭുതമായി ഈ പ്രായത്തിലും നടന വൈഭവം സൃഷ്ടിക്കുന്ന മമൂക്കയ്ക്ക് എന്തേ പദ്മ ഭൂഷൺ നൽകിയില്ല?. ഏത് അളവ് കോലെടുത്ത് അളന്നാലും ലഭിച്ച മറ്റുള്ളവരേക്കാൾ ഒരുപടി മമ്മൂക്ക മുന്നിലായിരിക്കും.

ഭരണഘടനയും ജനാധിപത്യവും ഏറ്റവും മഹത്തരമാകുന്ന മഹാ ദിനത്തിൽ രാജ്യത്തെ പൗരനെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ വേർതിരിച്ച് ആദരിക്കേണ്ട ഗതികേടിലേക്ക് എന്റെ രാജ്യം പോകുന്നതിൽ വിഷമമുണ്ട്.

എത്രയൊക്കെ കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചുമൊക്കെ നോക്കിയിട്ടും മാറ്റി നിർത്താൻ മമ്മൂക്കയുടെ മതവും രാഷ്ട്രീയവുമല്ലാതെ മറ്റൊരു അയോഗ്യതയും ആ മഹാ പ്രതിഭയ്ക്ക് ഉള്ളതായി എനിക്ക് തോന്നുന്നില്ല.

പ്രതിഷേധ കുറിപ്പല്ല അല്ലു അർജുന് നാഷണൽ അവാർഡ് കൊടുത്തും ബാലയ്യ്ക്ക് പദ്മ ഭൂഷൺ കൊടുത്തും ആദരിച്ചപ്പോൾ ഒഴിവാക്കിയതാണ് മമൂക്കയ്ക്ക് ലഭിച്ച വലിയ പുരസ്‌കാരമെന്ന് ഓർമപ്പെടുത്താൻ വേണ്ടി എഴുതിയതാണ് എന്നായിരുന്നു അഖിൽ മാരാർ കുറിച്ചത്.

അഖിലിന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുറേക്കാലമായി പുരസ്കാരങ്ങൾ അർഹതപ്പെട്ടവർക്ക് ലഭിക്കുന്നതായി തോന്നിയിട്ടില്ലെന്നാണ് ഒരാൾ കുറിച്ചത്.

പദ്മഭൂഷൺ മമ്മൂട്ടിയ്ക്ക് കൊടുക്കാത്തത് തെറ്റാണ്. മഹാനായ നടനാണ് മമ്മൂട്ടി. ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മമ്മൂട്ടിക്ക് പദ്മഭൂഷൺ കൊടുക്കാത്ത നടപടി വളരെ മോശമാണ്. ബാലയ്യ എന്ത് കാണിച്ചിട്ടാണ് പദ്മഭൂഷൺ കൊടുത്തത്? എന്നിങ്ങനെയാണ് കമന്റുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/266185/talent-one-step-ahead-any-measure-mammooka-padmabhushan-akhilmarar)