രേഖാചിത്രം എന്ന സിനിമയുടേത് ബ്രില്യന്റായ ചിന്തയാണെന്ന് നടൻ മമ്മൂട്ടി. ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമ്മൂട്ടി ചേട്ടാ എന്ന് വിളിച്ചുകൊണ്ടുള്ള കത്തുകൾ കിട്ടിയിട്ടുണ്ട്. വളരെ ബുദ്ധിപരമായ ചിന്തയിൽനിന്ന് വന്നതാണ് രേഖാചിത്രത്തിന്റെ കഥയെന്നും മമ്മൂട്ടി പറഞ്ഞു.
‘‘രേഖാചിത്രത്തിന്റെ കഥ വന്ന വഴിയിലെ സത്യസന്ധമായ കഥയിൽ ഞാനുണ്ട്. ഞാൻ മാറി നിന്നാൽ ഒരുപക്ഷേ ആ സിനിമ നടക്കില്ല. മമ്മൂട്ടി ചേട്ടൻ എന്ന് പറയുന്നതൊക്കെ എന്റെ സ്വന്തം അനുഭവങ്ങളാണ്.
മമ്മൂട്ടി ചേട്ടാ എന്നൊക്കെ പറഞ്ഞ് കത്ത് കിട്ടുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതൊരു ബ്രില്യന്റ് ചിന്തയാണ്. അപ്പോൾ സ്വാഭാവികമായും നമ്മളില്ലെങ്കിൽ ചിലപ്പോൾ അവർക്ക് ആ സിനിമ എടുക്കാൻ പറ്റില്ല.
ആ കഥ വളരെ ബുദ്ധിപരമായ ഒരു ചിന്തയിൽ നിന്ന് വന്നതാണ്. അങ്ങനെ നടന്നിട്ടില്ലാത്ത ഒരു സംഭവം , അല്ലെങ്കിൽ പാരലൽ ഹിസ്റ്ററിയിൽ ഒരു സിനിമ നമുക്ക് ഉണ്ടായിട്ടില്ല. അങ്ങനെ ആരെങ്കിലുമൊക്കെ ചെയ്യുമ്പോൾ നമ്മൾ കൂടെ നിൽക്കണ്ടേ, അത്രയേ ഉള്ളൂ." മമ്മൂട്ടി പറഞ്ഞു.
മലയാളത്തിൽ അപൂർവ്വമായ ഓൾട്ടർനേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറിൽ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്. 2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി രേഖപ്പെടുത്തിയ രേഖാചിത്രം ആസിഫ് അലിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഇനിഷ്യലാണ്.
കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമ്മിച്ചത്. അനശ്വര രാജനാണ് നായിക. 80കളിലെ ലുക്കിലാണ് അനശ്വര പ്രത്യക്ഷപ്പെട്ടത്.
മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രശംസ നേടുന്നുണ്ട്. ചിത്രം 50 കോടിയിലേറെ കളക്ഷൻ സ്വന്തമാക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
#mammootty #press #meet #rekhachithram #