(moviemax.in ) മലയാള സിനിമയിൽ യുവനിരയിൽ ശ്രദ്ധേയനാണ് ഷെയിൻ നിഗം. കരിയറിൽ വലിയ വിവാദങ്ങൾ വന്നത് ഒരു പരിധി വരെ ബാധിച്ചെങ്കിലും ഇന്നും ഷെയിൻ നിഗത്തെ തേടി മികച്ച സിനിമകളെത്തുന്നുണ്ട്. കരിയറിൽ തിരക്കേറിയ ഘട്ടത്തിലാണ് നടനെതിരെ നിർമാതാക്കളും സംഘടനകളും തിരിയുന്നത്. ഷൂട്ടിംഗുമായി സഹകരിക്കുന്നില്ലെന്ന പരാതി ഒന്നിലേറെ തവണ ഷെയിൻ നിഗത്തിനെതിരെ വന്നു. ഒരു ഘട്ടത്തിൽ സംഘടനകൾ ഷെയിനിനെ വിലക്കുകയും ചെയ്തു.
എന്നാൽ കുറച്ച് നാളുകൾക്കുള്ളിൽ വിലക്ക് നീക്കി. കരിയറിൽ ഷെയിൻ നിഗത്തിന്റെ ശ്രദ്ധേ സിനിമകളിലൊന്നാണ് 2022 ൽ പുറത്തിറങ്ങിയ ഭൂതകാലം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം അൻവർ റഷീദും ഷെയിൻ നിഗവും ചേർന്നാണ് നിർമ്മിച്ചത്. രേവതിയാണ് ഷെയിനിനൊപ്പം ഭൂതകാലത്തിൽ പ്രധാന വേഷം ചെയ്തത്. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും രേവതിക്ക് ലഭിച്ചു. സിനിമയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഷെയിൻ നിഗം.
ഇനി ഭൂതകാലം പോലെയൊരു സിനിമ ചെയ്യില്ലെന്ന് നടൻ പറയുന്നു. ദ ഹിന്ദുവിനോടാണ് പ്രതികരണം. ഭൂതകാലത്തിലെ സീനുകൾ മാനസികമായി തന്നെ തളർത്തിയിരുന്നെന്ന് ഷെയിൻ നിഗം പറയുന്നു. ഇമോഷണലി ഞങ്ങൾ തളർന്നു. ഒരുപാട് മെന്റൽ, സൈക്കളോജിക്കൽ പ്രശ്നങ്ങളുള്ള കഥാപാത്രങ്ങൾ ഇനി ചെയ്യാതിരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുണ്ട്.
ഭൂതകാലം ചെയ്യുമ്പോൾ ഞാൻ ആസ്വദിച്ചിരുന്നു. പക്ഷെ അതിന് ശേഷം എന്റെ യഥാർത്ഥ ജീവിതത്തിൽ ഒന്നുമില്ലെന്ന് തോന്നി. ക്യാരക്ടറിലേക്ക് തിരിച്ച് പോകാൻ പറ്റില്ല, ഷെയിൻ നിഗം ആകണം.
അത് ബുദ്ധിമുട്ടായിരുന്നെന്ന് നടൻ വ്യക്തമാക്കി. മനസിൽ ഒരുപാട് ശൂന്യത തോന്നി. മാനസികമായി അത്രയധികം വലിച്ചെടുത്ത സിനിമയായിരുന്നു ഭൂതകാലമെന്നും ഷെയിൻ നിഗം പറഞ്ഞു. ഒരേസമയം തനിക്ക് ഒന്നിലേറെ സിനിമകൾ ചെയ്യാനാകില്ലെന്നും ഷെയിൻ നിഗം പറയുന്നു. ഞാനതിന് ശ്രമിച്ചതാണ്. എന്നാൽ ദയനീയമായി പരാജയപ്പെട്ടു.
വെയിൽ എന്ന സിനിമ ചെയ്യുമ്പോഴാണ് ഞാൻ ശ്രമിച്ചത്. കുർബാനി എന്ന സിനിമയ്ക്കിടെയാണ് അത് ഷൂട്ട് ചെയ്തത്. രണ്ട് സിനിമകളും ഒരുമിച്ച് ചെയ്യാൻ താനേറെ പ്രയാസപ്പെട്ടെന്നും ഷെയിൻ നിഗം പറഞ്ഞു.
മദ്രാസ്കാരനാണ് ഷെയിൻ നിഗത്തിന്റെ പുതിയ സിനിമ. തമിഴ് ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടൻ. അന്തരിച്ച നടൻ അബിയുടെ മകനാണ് ഷെയ്ൻ നിഗം. കഴിവുണ്ടായിട്ടും ഉയരങ്ങളിലെത്താതെ പോയ നടനായാണ് അബിയെ പ്രേക്ഷകർ കണ്ടത്.
മകൻ ഷെയ്നിന് ഇക്കാരണത്താൽ പ്രേക്ഷകർ വലിയ സ്വീകാര്യത നൽകി. തുടക്ക കാലത്ത് ഏറെ പ്രതീക്ഷ നൽകുന്ന നടനായി ഷെയ്ൻ ഉയർന്ന് വന്നു. എന്നാൽ പിന്നീടുണ്ടായ വിവാദങ്ങൾ ഷെയിനിനെയും കുടുംബത്തെയും ഏറെ വിഷമിപ്പിച്ചു.
മലയാളത്തിൽ ആർഡിഎക്സ് ആണ് ഷെയിനിന്റെ ഏറ്റവും വലിയ ഹിറ്റ്. ഈ സിനിമയുടെ നിർമാതാവും ഷെയിനെതിരെ പരാതിയുമായി സംഘടനയെ സമീപിച്ചിരുന്നു. ഷെയിനിന്റെയും കുടുംബത്തിന്റെയും ഇടപെടൽ ഷൂട്ടിംഗിനെ ബാധിക്കുന്നു, സെറ്റിൽ അച്ചടക്കം പാലിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് വന്നത്. പിന്നീട് ഈ പ്രശ്നം പരിഹരിച്ചു.
#shanenigam #says #he #wont #do #movie #like #bhoothakaalam #again #shares #reason