(moviemax.in) വളരെ സാധാരണക്കാരനില്‍ നിന്നും അഭിനേതാവായും കോമഡി നടനായിട്ടുമൊക്കെ ശ്രദ്ധേയനായ താരമാണ് ബിനീഷ് ബാസ്റ്റിന്‍. ഇളയദളപതി വിജയുടെ സിനിമയില്‍ വില്ലന്‍ വേഷത്തില്‍ എത്തിയ ബിനീഷ് നേരത്തെ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് മലയാളത്തില്‍ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ സജീവമായതോടെയാണ് ബിനീഷ് ജനകീയനാവുന്നത്.
ഈ കാലയളവില്‍ തന്റെ ജീവിതത്തെക്കുറിച്ചും അമ്മയെക്കുറിച്ചുമൊക്കെ ബിനീഷ് പങ്കുവെച്ച കാര്യങ്ങളും അദ്ദേഹത്തിന്റെ വിജയത്തെക്കുറിച്ചും ജെറി പൂവക്കാല എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
'ഞാന്‍ ഓലപ്പുരയില്‍ ആണ് ജനിച്ചു വളര്‍ന്നത്. അമ്മച്ചിയും ചാണകപ്പുരയിലാണ് ജനിച്ചു വളര്‍ന്നത്. ബിനീഷിന്റെ വാക്കുകളാണ്. പിന്നീട് ഞങ്ങള്‍ സിമന്റ് തറ കണ്ടു. ഷീറ്റ് കണ്ടു, പിന്നെ ഓട് മേഞ്ഞ വീടുകള്‍ അതും ഞങ്ങള്‍ ഉണ്ടാക്കി.
പിന്നീട് വാര്‍ക്ക വീടുകള്‍. ആദ്യം കറണ്ടില്ലായിരുന്നു, വിളക്കായിരുന്നു. എന്റെ വീട്ടില്‍ കറന്റ് കിട്ടിയതു ഇപ്പോളും മനസ്സില്‍ ഓര്‍മ്മയുണ്ട്. ആദ്യമായിട്ട് ബള്‍ബ് ഇട്ടപ്പോള്‍ ഉള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.
അങ്ങനെ ദാരിദ്ര്യത്തില്‍ തന്നെ വളര്‍ന്നു. മക്കള്‍ക്ക് കടം വരുത്തിക്കരുതേ എന്നായിരുന്നു അമ്മയുടെ ചിന്ത. ഇന്നുവരെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് കടം മേടിക്കാതെ കാര്യങ്ങള്‍ നടത്തി.
എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അമ്മയുടെ മൂത്തമകന്‍ മര പണിക്ക് പോകുമായിരുന്നു. അന്ന് പത്തു രൂപ കിട്ടും. അഞ്ചു രൂപ വണ്ടിക്കാശ് പോകും. ബാക്കി അഞ്ചു രൂപ സൂക്ഷിക്കും. ഒരു പുസ്തകത്തില്‍ ആ പണം എല്ലാം വെയ്ക്കും. അങ്ങനെ 450 രൂപയായി ഒരു വര്‍ഷം.
അത് ഒരു വര്‍ഷം ട്യൂഷന്‍ പഠിക്കുന്ന സ്ഥാപനത്തില്‍ പോയി കെട്ടി വെക്കും. കുടയും ബാഗും ചോറ്റു പാത്രവും എല്ലാം അതില്‍ നിന്നാണ് മേടിച്ചിരുന്നത്. അമ്മ ബീഡി തെറുപ്പ് ചെയ്തു.
അമ്മയ്ക്ക് ഈ കൂന് വന്നത് അമ്മച്ചിയുടെ കയ്യില്‍ ഒരു മുറം ഉണ്ട്. രാത്രിയില്‍ ഉറങ്ങാതെ ബീഡി തെറുത്തു. അങ്ങനെ 10 കിലോമീറ്റര്‍ നടന്നു ബിനീഷ് ബീഡി വില്‍ക്കാന്‍ പോകുമായിരുന്നു. അമ്മ ബീഡി തെറുത്തു ഉണ്ടാക്കിയ പറമ്പാണ് ഞങ്ങളുടേത്.
പന്ത്രണ്ട് സെന്റും ബീഡി തെറുത്ത് മേടിച്ചതാണ്. അതില്‍ ഒരു ഷെഡ്ഡും വെച്ചു. ഉറക്കമിളച്ച് ബീഡി തെറുത്തും ആടിനെ വളര്‍ത്തിയുമൊക്കെ അമ്മ സമ്പാദിച്ച പണം കൊണ്ടാണ് വെറും ചായ്പ്പായിരുന്ന വീട്ടില്‍ മുറികള്‍ പടിപടിയായി കൂട്ടിച്ചേര്‍ത്തത്.
അപ്പച്ചന്‍ മത്സ്യ തൊഴിലാളിയായിരുന്നു. സ്വര്‍ണപ്പണിയും ചെയ്തിരുന്നു. ഒരു രൂപ കടം വാങ്ങിയില്ല. ആദ്യ വണ്ടി പോലും കടം ഇല്ലാതെയാണ് മേടിച്ചിരിക്കുന്നത്. അങ്ങനെയാണ് അമ്മച്ചി പഠിപ്പിച്ചിരിക്കുന്നത്. അമ്മയേ കാണുവാന്‍ ഒരുപാട് ഫാന്‍സ് വരും.
അമ്മച്ചി അവര്‍ക്കെല്ലാവര്‍ക്കും വേണ്ടി ബിസ്‌ക്കറ്റ് മേടിച്ചു വെക്കും. എവിടെപ്പോയാലും അമ്മച്ചീയേ അറിയാത്തവര്‍ ഇല്ല. എല്ലാവരും പറയുന്നത് ഞങ്ങടെ അമ്മച്ചി ആണെന്നാണ്. നിങ്ങളൊക്കെ വെള്ളപ്പൊക്കം കണ്ടത് 2018 അല്ലേ. ഞങ്ങളുടെ ഒക്കെ ജീവിത കാലം മുഴുവന്‍ വെള്ളപ്പൊക്കം ആയിരുന്നു.
വരാല്‍ ഒക്കെ വീടിന്റെ ഉള്ളില്‍ കൂടി നടക്കുമായിരുന്നു. ടൈല്‍സ് പണിക്കാരനായിരുന്നു ബിനീഷ്. വീടുപണികള്‍ക്ക് സഹായിയായി പോകുമായിരുന്നു. പെയിന്റിങ്, ഓടുമേയല്‍, പിന്നെ ടൈല്‍സ് പണിയാണ് പ്രധാനം. പത്താം ക്ലാസ് തോറ്റപ്പോള്‍ അത് സ്ഥിരം പണിയാക്കി.
നല്ല ഭക്ഷണത്തിന് കൊതിച്ച ബാല്യം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. അവസ്ഥകളെല്ലാം വ്യത്യാസം വന്നിരിക്കുന്നു. പ്രിയപ്പെട്ടവരെ നമ്മുടെ വീട്ടിലെ ഒരു പ്രതിനിധി ആകാറുണ്ട് അമ്മച്ചി.
ബിനീഷിന്റെ താഴമ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. താണ നിലത്തെ നീരോടു, അവിടെ ദൈവം തുണ ചെയ്യൂ എന്നൊക്കെ നാം കേള്‍ക്കുമ്പോള്‍ അത് ഒരു വാസ്തവമാണ്. ഇരുട്ടില്‍ നടക്കുന്ന നമ്മള്‍ക്ക് ഒരു വെളിച്ചം നല്‍കുന്ന നാഥനുണ്ട്.
ഇവരുടെ ജീവിതം നമ്മളെ പഠിപ്പിക്കുന്ന പ്രധാനപാഠം, ഉള്ളതുകൊണ്ട് നാം ജീവിക്കാന്‍ പഠിക്കുക.
മക്കളെയും പഠിപ്പിക്കുക. ലോണ്‍ എടുത്തും കടം മേടിച്ചും ആഡംബരം കാണിക്കാന്‍ നില്‍ക്കരുത്. വെച്ച കഞ്ഞിക്ക് ഉപ്പിടാന്‍ പണം ഇല്ലെങ്കിലും ആരുടെയും കയ്യില്‍ നിന്ന് കടം വാങ്ങിക്കുന്നതിനേക്കാള്‍ നല്ലത് ഉപ്പില്ലാത്ത കഞ്ഞി കുടിക്കുന്നതാണ്.
നമ്മള്‍ക്ക് ഒക്കെ ഒരു സാമ്പത്തിക അച്ചടക്കം ഉണ്ടാകണം. അത് നമ്മളുടെ കുട്ടികളെ ചെറുപ്പത്തിലെ പഠിപ്പിക്കണം. ഉള്ളത് കൊണ്ട് ഓണം പോലെ നാം ജീവിക്കണം.
ദൈവം ആര്‍ക്കും ഒരു കടക്കാരനല്ല, തക്കസമയത്ത് അവിടുന്ന് നമ്മളെ ഉയര്‍ത്തേണ്ടതിന് ബലമുള്ള കരങ്ങളില്‍ താണിരുന്നാല്‍ മതി. താഴ്മയുള്ളവര്‍ക്ക് കൃപ ലഭിക്കും. പിന്‍പന്‍മാര്‍ മുന്‍പാന്‍മാര്‍ ആകും. ഒരു കാലത്ത് ആരുടെയൊക്കെ മുമ്പില്‍ തല കുനിച്ചോ അവരുടെ മുമ്പില്‍ തല ഉയര്‍ത്തപ്പെടും.
താഴ്മ ഒരിക്കലും താഴ്ചയല്ല. താഴ്മ അനുഗ്രഹമാണ്. നാശത്തിന് മുന്‍പ് പലരും അഹങ്കരിക്കാറുണ്ട്. മാനത്തിന് മുന്‍പ് താഴ്മയും. നാം ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് ഒരു തീരുമാനം എടുക്കണം. ഞാന്‍ താഴ്മയുള്ളവന്‍/ താഴ്മയുള്ളവള്‍ ആയിരിക്കും.
നിങ്ങള്‍ ഉയര്‍ച്ച തന്നെ പ്രാപിക്കും. ദരിദ്രനെ കുപ്പയില്‍ നിന്ന് ഉയര്‍ത്തുന്ന ഒരു ദൈവമുണ്ട്. ഒരു നിമിഷം കൊണ്ട് നമ്മുടെ ജീവിതം മാറ്റുവാന്‍ ദൈവത്തിനു കഴിയും. 2024 ന്റെ അവസാന നിമിഷവും കലങ്ങിയ ഹൃദയവുമായി ജീവിക്കുന്നവരോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ ഈ അവസ്ഥയ്ക്കും വ്യത്യാസം വരും.
നിങ്ങളുടെ മക്കളുടെ തലയെയും ദൈവം ഉയര്‍ത്തും. നിങ്ങളുടെ 2024 ലെ ദുഃഖങ്ങള്‍ 2025ല്‍ സന്തോഷമായി മാറും. വിലാപങ്ങള്‍ നൃത്തമാകും. ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നിങ്ങളുടെ ഭവനത്തില്‍ നിന്ന് ഉണ്ടാവും.'
#childhood #craving #food #Bineesh #used #go #sell #beedis #reason #mother #mushrooms