അമ്മ വേഷങ്ങളിലൂടെയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായി നിന്നിരുന്ന മുതിർന്ന നടി മീന ഗണേഷ് ഓർമയാകുമ്പോൾ അവർ അനശ്വരമാക്കിയ ഒരുപിടി കഥാപാത്രങ്ങൾ സിനിമയെ സ്നേഹിക്കുന്നവരുടെ മനസിൽ നിറയും.
നാടക കളരിയിൽ നിന്നും ലഭിച്ച പരിശീലനത്തിന്റെ ഗുണം കൊണ്ടാകാം ഏത് തരം കഥാപാത്രവും മീനയുടെ കൈകളിൽ ഭദ്രമായിരുന്നു.
സ്ക്രീനിൽ അധിക നേരം ഇല്ലെങ്കിൽ പോലും മീനയുടെ കഥാപാത്രങ്ങളും ഡയലോഗുകളും കാണികളുടെ മനസിൽ പതിയുമായിരുന്നു.
മീന ഏറ്റവും കൂടുതൽ അമ്മ വേഷം ചെയ്തിട്ടുള്ളത് ഒരുപക്ഷെ കലാഭവൻ മണിയുടെ സിനിമകളിലായിരിക്കും. അഭിനയിക്കുമ്പോൾ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും അമ്മ-മകൻ സ്നേഹബന്ധം ഇരുവരും നിലനിർത്തിയിരുന്നു.
ഭർത്താവിന്റെ മരണവും അസുഖങ്ങളും ശരീരത്തിനേയും മനസിനേയും തളർത്താൻ തുടങ്ങിയപ്പോഴാണ് മീന അഭിനയ ജീവിതത്തിൽ നിന്നും അകലാൻ തുടങ്ങിയത്.
പിന്നീട് മീനയെ കുറിച്ചുള്ള ഒരു വിവരങ്ങളും ലഭ്യമായിരുന്നില്ല. ശേഷം കുറച്ച് നാളുകൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് മീനയെ സിനിമാപ്രേമികൾ വീണ്ടും കാണുന്നത്.
വാർധക്യം കുടുംബത്തോടൊപ്പം ചിലവഴിച്ച് സന്തോഷവതിയായി ഇരിക്കുന്ന മീനയെ കാണാനാണ് പ്രേക്ഷകർ ആഗ്രഹിച്ചത്. എന്നാൽ പ്രസരിപ്പില്ലാത്ത മുഖവുമായി അവശയായാണ് നടി അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
പ്രിയ നടി കടന്നുപോകുന്ന അവസ്ഥ അന്നാണ് പ്രേക്ഷകരും തിരിച്ചറിഞ്ഞത്. ഭർത്താവ് മരിച്ചതോടെ എല്ലാ സന്തോഷവും സമാധാനവും നഷ്ടപ്പെട്ടുവെന്നും ജീവിതം എങ്ങനെയെങ്കിലും തീർന്ന് കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചാണ് ജീവിക്കുന്നതെന്നുമാണ് മീന പറഞ്ഞത്. അമ്മ സംഘടനയിൽ നിന്നും കൈനീട്ടം ലഭിക്കുന്നുണ്ട്.
മരുന്ന് കഴിക്കലൊക്കെ അങ്ങനെ കഴിഞ്ഞ് പോകുന്നു. മകൾ പാലക്കാടുണ്ട്. മകൻ സീരിയലിന്റെ ഡയറക്ടറാണ്. അപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്നു.
ഈ വീട്ടിൽ എനിക്ക് സഹായത്തിന് ഒരു സ്ത്രീ വരും. മകൾ എന്നെ അങ്ങോട്ട് വിളിക്കുന്നുണ്ട്. പക്ഷെ വീട് വിട്ട് പോകാൻ മനസിനൊരു ബുദ്ധിമുട്ട്.
എന്റെ ഭർത്താവ് മരിച്ചിട്ട് പതിനഞ്ച് വർഷമായി. മൂപ്പര് പോയതിൽ പിന്നെ എന്റെ കഷ്ടകാലം ആരംഭിച്ചു. എവിടെ പോകുവാണെങ്കിലും എന്റെ കൂടെ ഉണ്ടാകുമായിരുന്നു.
അദ്ദേഹം പോയതോടെ എന്റെ ബലം പോയി. ജീവിച്ച് മതിയായി. രാത്രി കിടക്കുമ്പോൾ പ്രാർത്ഥിക്കുന്നത് രാവിലെ ഉണരുത് എന്നാണ്. കാരണം ജീവിതം മടുത്തു. ഒരുപാട് കഷ്ടപ്പെട്ടാണ് ഞാൻ വളർന്നതും വലുതായതും.
മുപ്പത്തിയൊമ്പത് വർഷം ഞാനും ഭർത്താവും സന്തോഷമായി ജീവിച്ചു. രണ്ട് മക്കളുമുണ്ടായി. അവരെ നല്ല അന്തസായി വളർത്തി. മകളും മരുമകനും എന്നെ നോക്കും മീന പറഞ്ഞു.
കലാഭവൻ മണിയുമായുള്ള ആത്മബന്ധത്തെ കുറിച്ചും മീന അന്ന് സംസാരിച്ചിരുന്നു. അഭിനയിക്കാൻ പോകുമ്പോൾ എന്റെ കൂടെ ഭർത്താവുണ്ടാകും.
ഞങ്ങൾ ലൊക്കേഷനിലേക്ക് പോയതും വന്നതും മണിയുടെ വണ്ടിയിലാണ്. അമ്മ എന്നേ വിളിക്കുമായിരുന്നുള്ളൂ. ഏഴ് സിനിമ മണിയുടെ കൂടെ ചെയ്തിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ മണി മരിച്ചപ്പോൾ കാണാൻ പോയിട്ടില്ല.
അമ്മ സംഘടനയിൽ നിന്നുള്ള പെൻഷനല്ലാതെ മറ്റാരുടെയും സഹായമില്ല. ഞാൻ ആരോടും ആവശ്യപ്പെടാറുമില്ല. അമ്മയുടെ മീറ്റിങിന് മൂന്ന് വർഷം മുമ്പ് വരെ പോയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇപ്പോൾ പോകാറില്ല.
ജീവിതത്തിൽ ഇനിയൊരു ആഗ്രഹവും ഇല്ല. മരിച്ചാൽ മതിയെന്ന് മാത്രമാണ് ഇപ്പോൾ ചിന്തിക്കുന്നത്... മീന പറഞ്ഞു.
സിനിമാ ലോകത്ത് നിന്ന് സംവിധായകൻ വിനയൻ, മഞ്ജു വാര്യർ, മധുപാൽ, നടൻ വിനീത് തുടങ്ങിയവർ മീനയ്ക്ക് ആദരാഞ്ജലികൾ നേർന്ന് എത്തി.
നൂറിലേറെ സിനിമകളിലും ഇരുപതിൽ അധികം സീരിയലുകളിലും അഭിനയിച്ച നടിയുടെ സംസ്കാരം വൈകീട്ട് നടക്കും.
#actress #meenaganesh #says #about #her #life #struggles #after #husband #demise