---
title: "ഭാര്യയുടെ ആത്മഹത്യ; രാജൻ പി ദേവിന്‍റെ മകനും നടനുമായ ഉണ്ണി പി രാജ് കസ്റ്റഡിയിൽ"
english_title: "Wife commits suicide; Actor Unni P Raj, son of Rajan P Dev, is in custody"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2470/wife-commits-suicide-actor-unni-p-raj-son-of-rajan-p-dev-is-in-custody"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60acb1275d8dc_unni.jpg"
keywords: []
---

# ഭാര്യയുടെ ആത്മഹത്യ; രാജൻ പി ദേവിന്‍റെ മകനും നടനുമായ ഉണ്ണി പി രാജ് കസ്റ്റഡിയിൽ

> **Lead Summary:** അന്തരിച്ച നടൻ രാജൻ പി. ദേവിൻ്റെ ഇളയ മകനും നടനുമായ ഉണ്ണി പി രാജിൻ്റെ ഭാര്യ തിരുവനന്തപുരം വെമ്പായം സ്വദേശി പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉണ്ണി പി രാജ് കസ്റ്റഡിയിൽ. അങ്കമാലി കറുകുറ്റിയിലെ വീട്ടിൽ നിന്നുമാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡന പരാതിയിന്മേൽ അന്വേഷണം നടന്നിരുന്നത്. സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചതിനാൽ അൽപസമയത്തിനകം ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തും.

## Article Content

അന്തരിച്ച നടൻ രാജൻ പി. ദേവിൻ്റെ ഇളയ മകനും നടനുമായ ഉണ്ണി പി രാജിൻ്റെ ഭാര്യ തിരുവനന്തപുരം വെമ്പായം സ്വദേശി പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉണ്ണി പി രാജ് കസ്റ്റഡിയിൽ. അങ്കമാലി കറുകുറ്റിയിലെ വീട്ടിൽ നിന്നുമാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡന പരാതിയിന്മേൽ അന്വേഷണം നടന്നിരുന്നത്. സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചതിനാൽ അൽപസമയത്തിനകം ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തും.

മെയ് 12നാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക തിരുവനന്തവുരം വെമ്പായത്തെ വീട്ടിൽ തൂങ്ങി മരിച്ചിരുന്നത്. മരണത്തിന് തലേദിവസം വട്ടപ്പാറ പോലീസിൽ പ്രിയങ്ക, ഉണ്ണിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പരാതി നൽകിയിരുന്നു. ഭർതൃവീട്ടിൽ ശാരീരിക മാനസിക പീഡനങ്ങള്‍ ഏൽക്കേണ്ടി വന്നുവെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ചില ഡിജിറ്റൽ തെളിവുകളും പോലീസിന് കൈമാറിയിരുന്നു.

വനിതാ കമ്മീഷനും ഈ വിഷയത്തിൽ ഇടപ്പെട്ടിരുന്നു. അടിയന്തരമായി പോലീസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർ‍പ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോൾ ഉണ്ണിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസിൽ നിന്നും ഉണ്ണി ഉന്നത സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് പ്രിയങ്കയുടെ കുടുംബം അടുത്തിടെ ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

ഇയാളുടെ കൊവിഡ് പരിശോധന ഫലംനെഗറ്റീവാണ്. ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നെടുമങ്ങാട് സ്റ്റേഷനിൽ കൊണ്ടുവരും. ചോദ്യം ചെയ്യലിന് ശേഷം വൈകീട്ട് കോടതിയിൽ ഹാജരാക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഒന്നരവർഷത്തെ പ്രണയത്തിനൊടുവിൽ 2019 നവംബറിലായിരുന്നു ഉണ്ണിയും പ്രിയങ്കയും വിവാഹിതരായിരുന്നത്.

ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിന്‍ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ളയാളാണ് ഉണ്ണി. ഉണ്ണിയുടെ സഹോദരന്‍ ജിബില്‍ രാജും സിനിമാരംഗത്ത് സജീവമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2470/wife-commits-suicide-actor-unni-p-raj-son-of-rajan-p-dev-is-in-custody)