(moviemax.in) ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമയിലെ വിവേചനം അവസാനിപ്പിക്കാൻ സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക 26 ഇന കർമപദ്ധതി പ്രഖ്യാപിച്ചു.
ഇതുൾപ്പെടുന്ന വിശദമായ വിശകലനരേഖ ഉടൻ സർക്കാരിന് സമർപ്പിക്കും.
കർമപദ്ധതിയിലെ പ്രധാനനിർദേശങ്ങൾ
• സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും ചൂഷണങ്ങളും അറിയിക്കാൻ സ്ത്രീകൾ മാത്രമടങ്ങുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന പരാതിപരിഹാരസെൽ. ചിത്രീകരണസ്ഥലത്ത് ആഭ്യന്തരപരാതി പരിഹാരസമിതിയില്ലെങ്കിലോ അതിന്റെ പ്രവർത്തനത്തിൽ വീഴ്ച സംഭവിച്ചാലോ പരിഹരിക്കുംവരെ ഫെഫ്ക സഹകരിക്കില്ല. സമിതിയംഗങ്ങളുടെ ഫോൺനമ്പറുകൾ സിനിമയുമായി ബന്ധപ്പെട്ട എല്ലാ വാട്‌സാപ്പ് ഗ്രൂപ്പുകളിലും പങ്കിടാൻ പ്രൊഡക്ഷൻ കൺട്രോളർമാർക്ക് നിർദേശം.
• ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വ്യക്തി ഫെഫ്ക അംഗമാണെങ്കിൽ കൃത്യം നടന്നുവെന്ന് ബോധ്യപ്പെടുന്ന സമയംമുതൽ ഒരുവർഷത്തേക്ക് സസ്പെൻഷൻ. കുറ്റത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ഒരുവർഷത്തേക്ക് കൂടി നീട്ടാനും നിർദേശം നൽകും. വനിതാ അംഗം പരാതി ഉന്നയിച്ചതിന്റെപേരിൽ തൊഴിൽ തടസ്സപ്പെടുത്തിയാലോ നേരിട്ടോ സാമൂഹികമാധ്യമത്തിലൂടെയോ അവരെ അപമാനിച്ചാലോ ഇതേ നടപടി.
• നിർമാതാക്കളുടെ സംഘടനയുമായി ചർച്ചചെയ്ത് സെറ്റുകളിൽ ഏകീകൃതഭക്ഷണപട്ടിക. സെറ്റിൽ ഉപയോഗിക്കുന്ന പാത്രങ്ങളിലും തരംതിരിവുണ്ടാകില്ല. ഭക്ഷണം തയ്യാറാക്കുന്ന മെസ്സുകൾക്ക് താത്കാലിക ഭക്ഷ്യസുരക്ഷാ ലൈസൻസ് നൽകാനുള്ള നടപടിയെടുക്കണമെന്ന് തദ്ദേശസ്വയംഭരണവകുപ്പിനോട് ആവശ്യപ്പെടും.
• ജൂനിയർ ആർട്ടിസ്റ്റുകളെ ഏകോപിപ്പിക്കുന്നവർക്ക് സർക്കാർ ലൈസൻസ് ഏർപ്പെടുത്തണം.
• ചലച്ചിത്രത്തൊഴിലാളികളുടെ പതിനഞ്ചുമണിക്കൂർ നീളുന്ന ജോലിസമയം കുറച്ചുകൊണ്ടുള്ള കോൾഷീറ്റ്, സേവനവ്യവസ്ഥകൾ നടപ്പാക്കാൻ നിർമാതാക്കളുമായി ഉടൻ ചർച്ച.
• ഒരുമുറിയിൽ രണ്ടിലധികംപേരെ താമസിപ്പിക്കരുത്. ചൂടുകാലത്ത് എ.സി. മുറികൾ നൽകണം. ഭക്ഷണം, താമസം തുടങ്ങിയവയെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ വിവിധ മേഖലകളിലെ ചീഫ് അസോസിയേറ്റുമാരെ ഉൾപ്പെടുത്തി കമ്മിറ്റി.
#discrimination #cinema #Malayalamcinema #needs #changes #FEFCA #announces #actionplan