(moviemax.in)മിന്നല്‍ മുരളിക്കും തല്ലുമാലയ്ക്കും ശേഷം ഇപ്പോഴിതാ എആര്‍എം എന്ന അജയന്റെ രണ്ടാം മോഷണവും. ടൊവിനോ തന്റെ അവരോഹണത്തിലേക്കുള്ള അടുത്ത പടിയിലേക്ക് കടന്നിരിക്കുന്നു.
മുത്തശ്ശികഥകളുടെ മായിക ലോകവും യാഥാര്‍ത്ഥ്യവും തമ്മില്‍ കെട്ടുപിടഞ്ഞു കിടക്കുന്നൊരു സിനിമയാണ് നവാഗതനായ ജിതിന്‍ ലാല്‍ ഒരുക്കിയിരിക്കുന്നത്.
സുജിത് നമ്പ്യാരുടെ തിരക്കഥയില്‍, പുതുമുഖമെന്ന തോന്നല്‍ നല്‍കാത്ത മേക്കിംഗിലൂടെ ജിതിന്‍ ലാല്‍ വരവറിയിച്ചിരിക്കുകയാണ്.
ചിയോതിക്കാവും അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒരു നാടിന്റേയും കഥയാണ് അജയന്റെ രണ്ടാം മോഷണം. സ്വന്തമായി കാവും പൊലീസ് സ്റ്റേഷനുമൊക്കെയുള്ള ആ നാടിന് പറയാന്‍ ഒരുപാട് കഥകളുമുണ്ട്.
ആ കഥകള്‍ക്ക് രണ്ട് ധ്രുവങ്ങളുമുണ്ട്. ഒരറ്റത്ത് നാടിന് അഭിമാനമായി മാറിയ കുഞ്ഞിക്കേളുവെങ്കില്‍ മറ്റൊരറ്റത്ത് നാട് പേടിയോടേയും വെറുപ്പോടേയും കാണുന്ന മണിയനാനുള്ളത്.
കള്ളന്‍ മണിയന്റെ കൊച്ചുമകനാണ് അജയന്‍. ചരിത്രവും കഥകളും താന്‍ പോലുമറിയാതെ ചാര്‍ത്തി തരുന്ന കള്ളന്‍ എന്ന പട്ടം വേട്ടയാടുന്നവനാണ് അജയന്‍.
മൂന്ന് കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന സിനിമയാണ് അജയന്റെ രണ്ടാം മോഷണം. അജയനില്‍ നിന്നും മണിയനിലേക്കും കുഞ്ഞിക്കേളുവിലേക്കുമുള്ള യാത്രയാണ് സിനിമ.
ആകാശത്തു നിന്നും പൊട്ടിവീണൊരു അത്ഭുതകല്ലില്‍ നിന്നുമുണ്ടാക്കിയ വിളക്കില്‍ നിന്നുമാണ് അജയന്റെ രണ്ടാം മോഷണത്തിന്റെ കഥ ആരംഭിക്കുന്നത്.
അജയന്റെ ജനനത്തിനും നൂറ്റാണ്ടുകള്‍ മുമ്പ്. നിഗൂഢതകള്‍ നിറഞ്ഞ, പരസ്പരം കെട്ടുപിടഞ്ഞു കിടക്കുന്ന ചരിത്രത്തിന്റെ അവസാനത്തെ കണ്ണി മാത്രമാണ് അജയന്‍.
19-ാം നൂറ്റാണ്ടില്‍ ആരംഭിച്ച് 90 കളില്‍ അവസാനിപ്പിക്കുന്നതാണ് സിനിമയുടെ യാത്ര. കുഞ്ഞിക്കേളുവില്‍ നിന്നും ആരംഭിച്ച് അജയനില്‍ അവസാനിക്കുന്ന യാത്ര.
രണ്ട് വീരന്മാര്‍ക്കുമിടയിലെ സാധാരണക്കാരനായ അജയനാണ് കഥാനായകന്‍. തന്റെ പൂര്‍വ്വികരെ പോലെ വീരനോ ധീരനോ അല്ല അജയന്‍.
തന്റെ മുത്തച്ഛനാല്‍ ചാര്‍ത്തിക്കിട്ടിയ കള്ളന്‍ എന്ന പേര് ജീവിതം കാലം മുഴുവന്‍ പേറി നടക്കേണ്ടി വന്നവനാണ് അജയന്‍. കാമുകി കളിയായി പോലും കള്ളന്‍ എന്ന് വിളിക്കുമ്പോള്‍ മുറിവേല്‍ക്കുന്നത്ര ദുര്‍ബലനായൊരു പാവത്താന്‍.
മൂന്ന് ജീവിതാധ്യയങ്ങളിലൂടെ കഥ പറയുന്ന സിനിമ ടൊവിനോ തോമസ് എന്ന നടന്റേയും താരത്തിന്റേയും കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളുടെ വേദിയാണ്.
തീര്‍ത്തും വ്യത്യസ്തരായ മൂന്ന് കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് പേരേയും ശരീര ഭാഷയിലടക്കം വ്യത്യസ്തമാക്കാന്‍ ടൊവിനോയ്ക്ക് സാധിച്ചിട്ടുണ്ട്.
ലാര്‍ജര്‍ ദാന്‍ ലൈഫ് കഥാപാത്രമാണ് കുഞ്ഞിക്കേളു. മണിയന്‍ ആകട്ടെ, റഗ്ഗ്ഡ് ആന്റ് റസ്റ്റിക് ആയ കഥാപാത്രവും. ഇവര്‍ രണ്ടു പേര്‍ക്കുമുള്ള അമാനുഷികതയൊന്നുമില്ലാത്ത, സാധാ മനുഷ്യനാണ് അജയന്‍.
മൂന്ന് കഥാപാത്രവും ഒരുപോലെ ഭദ്രമാണ് ടൊവിനോയില്‍. മണിയനും അജയനുമാണ് സ്‌ക്രീന്‍ ഭരിക്കുന്നത്. രണ്ട് കഥാപാത്രവും അവതരിപ്പിച്ചിരിക്കുന്നത് ഒരേ നടനാണെന്ന തോന്നല്‍ പോലും ജനിപ്പിക്കാതെ ടൊവിനോ മനോഹരമായി അജയനും മണിയനുമാകുന്നു.
മണിയന്റെ വയലന്‍സും അജയന്റെ വള്‍നറബിലിറ്റിയും ഒരുപോലെ ടൊവിനോയില്‍ ഭദ്രം. ടൊവിനോ എന്ന താരവും നടനും സംഗമിക്കുന്ന സിനിമയാണ് അജയന്റെ രണ്ടാം മോഷണം.
ടൊവിനോയ്‌ക്കൊപ്പം നില്‍ക്കുന്നതാണ് സുരഭിയുടെ കഥാപാത്രവും പ്രകടനവും. അജയന്റേയും ലക്ഷ്മിയുടേയും കഥ എന്നതിലുപരിയായി മണിയന്റേയും മാണിക്യത്തിന്റേയും കഥയാണ് അജയന്റെ രണ്ടാം മോഷണം.
ടൊവിനോ-സുരഭി എന്നത് തീര്‍ത്തും അസാധാരണമായൊരു കാസ്റ്റിംഗ് ആണ്, പ്രത്യേകിച്ചുമൊരു വാണിജ്യ സിനിമയില്‍. എന്നാല്‍ സിനിമയിലെ ഏറ്റവും മികച്ച ജോഡിയായി മാറാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്.
സുരഭിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും മാണിക്യം. നവാഗതനെന്ന തോന്നല്‍ നല്‍കാതെയാണ് ജിതിന്‍ ലാല്‍ സിനിമയൊരുക്കിയിരിക്കുന്നത്.
പ്രത്യേകിച്ചും സംഘട്ടന രംഗങ്ങളിലും മറ്റും. ജോമോന്‍ ടി ജോണിന്റെ ക്യാമറയും ദിബു നിനാന്‍ തോമസിന്റെ സംഗീതവും സിനിമയെ അതിഗംഭീരമായി ലിഫ്റ്റ് ചെയ്യുന്നവയാണ്.
രണ്ടാം പകുതിയില്‍ സിനിമയുടെ ആത്മാവ് പേറുന്നത് ദിബുവിന്റെ സംഗീതമാണ്. അതേസമയം അജയന്റെ രണ്ടാം മോഷണം ഗംഭീര സിനിമയില്‍ നിന്നും അതിഗംഭീര സിനിമയിലേക്ക് എത്താതെ പോകുന്നതിന് പിന്നില്‍ സിനിമയുടെ ലളിതമായ കഥയാണ്.
മുത്തശ്ശിക്കഥയിലൂടെ ആരംഭിക്കുന്ന സിനിമ അവസാനം വരെ ഒരു മുത്തശ്ശിക്കഥയുടെ ലാളിത്യമാണ് പുലരുന്നത്. ചിത്രത്തിലെ ട്വിസ്റ്റുകളും ടേണുകളുമെല്ലാം പ്രവചീനയമാണ്.
വളരെ രസകരമായൊരു പ്രിമൈസുണ്ടായിട്ടും അതിനെ വേണ്ടവിധത്തില്‍ ഡെവലപ്പ് ചെയ്യാന്‍ സാധിച്ചിട്ടില്ല. തുടക്കത്തില്‍ തന്നെ ക്ലൈമാക്‌സ് എന്തായിരിക്കുമെന്നതില്‍ പ്രേക്ഷകര്‍ക്ക് രണ്ട് വിചാരമുണ്ടാകില്ല.
കൃത്യമായി അവിടെ തന്നെ സിനിമ ലാന്റ് ചെയ്യുന്നുമുണ്ട്. രണ്ട് മോഷണങ്ങളുടെ കഥ പറയുന്ന സിനിമ രണ്ട് പ്രണയങ്ങളുടെ കഥ കൂടി പറയുന്നുണ്ട്.
മണിയന്റേയും മാണിക്യത്തിന്റേയും പ്രണയവും അജയന്റേയും ലക്ഷ്മിയുടേയും പ്രണയവും. മണിയന്റേയും മാണിക്യത്തിന്റേയും പ്രണയം തീവ്രമായൊരു അനുഭവമാണ്.
എന്നാല്‍ അജയന്റേയും ലക്ഷ്മിയുടേയും പ്രണയം ഹൃദയസ്പര്‍ശിയാകുന്നില്ല. ടൊവിനോയുടേയും കൃതി ഷെട്ടിയുടേയും കെമിസ്ട്രി വേണ്ട പോലെ വര്‍ക്കാകുന്നില്ല.
സിനിമയുടെ ലോകവുമായി ചേര്‍ന്നു നില്‍ക്കാത്തൊരു കാസ്റ്റിംഗ് ആയിരുന്നു കൃതി ഷെട്ടിയുടേത്. സിനിമ നേരിടുന്ന മറ്റൊരു പ്രശ്‌നം അനുയോജ്യനായൊരു വില്ലന്റെ അഭാവമാണ്.
തലമുറകളാല്‍ ബന്ധപ്പെട്ടു കിടക്കുന്ന കഥയില്‍ അതിനോളം വലുപ്പമുള്ളൊരു വില്ലന്‍ ഇല്ല. മികച്ച അഭിനേതാക്കളുണ്ടായിട്ടും ജെനറിക് വില്ലന്മാരില്‍ നിന്നും ഉയരാന്‍ തിരക്കഥ അവരെ അനുവദിക്കുന്നില്ല.
ഫാന്റസിയുടേയും റിയലിസത്തിന്റേയും കൂടിച്ചേരലിലാണ് അജയന്റെ രണ്ടാം മോഷണം മികച്ചു നില്‍ക്കുന്നത്. സംഘട്ടന രംഗങ്ങളിലും ദൃശ്യമികവിലും ചിത്രം മികച്ചു നില്‍ക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ ഒരുപാടെടുത്ത് ഒരുക്കിയ സിനിമ, സംവിധായകന്റേയും ടീമിന്റേയും അധ്വാനം വെളിപ്പെടുത്തുന്നു. സാങ്കേതിക മികവും പ്രകടനവും ഒരുപോലെ മികച്ച നില്‍ക്കുന്നൊരു ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.
#story #Maniyan #and #Manikyam #JitinLal #AjayanteRandamMoshanam