രാത്രിയിൽ ഉരുളൊലിച്ചെത്തി അച്ഛൻ, അമ്മ, സഹോദരിയുൾപ്പെടെ എല്ലാവരെയും കവർന്ന ശ്രുതിക്ക് താങ്ങായിരുന്നു ജെൻസൺ.
'ഞാനുണ്ട് നിനക്കൊപ്പം' എന്ന് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിച്ച ജെൻസൺ ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഇവരുടെ കഥ അറിയുന്നവരെല്ലാം.
കേരളമൊന്നാകെ ജീവിതത്തിലേക്കുള്ള ജെൻസന്റെ മടങ്ങിവരവിനായി പ്രാർഥിച്ചെങ്കിലും അതൊക്കെ വിഫലമാക്കിയാണ് ആ വേർപാട്. ശ്രുതിയുടെ ദുഖത്തിൽ പങ്കുചേരുകയാണ് നടി മഞ്ജു വാര്യർ.
ഒരു കൈത്തലത്തിനും ആ പെൺകുട്ടിയുടെ കണ്ണീർ തുടക്കാനാകില്ലെന്നും ഇനി ലോകമൊന്നാകെ ശ്രുതിക്ക് കൂട്ടാകട്ടെയെന്നും മഞ്ജു കുറിച്ചു.
'ഒരുവാക്കിനും ഉൾക്കൊള്ളാനാകില്ല ശ്രുതിയുടെ വേദന. ഒരു കൈത്തലത്തിനും തുടയ്ക്കാനാകില്ല ആ പെൺകുട്ടിയുടെ കണ്ണീർ. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായ അവളുടെ കരംപിടിച്ച ജെൻസൻ എന്ന നന്മയെയും മരണം കൊണ്ടുപോകുമ്പോൾ കാലമേ എന്തിനിത്ര ക്രൂരത എന്നുമാത്രം ചോദിച്ചുപോകുന്നു.
ഇനി ലോകമൊന്നാകെ ശ്രുതിക്ക് കൂട്ടാകട്ടെ...അവളെ ഏറ്റെടുക്കട്ടെ..'
ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ വെള്ളാരംകുന്നിൽ ശ്രുതിക്കൊപ്പം വാനിൽ സഞ്ചരിക്കവേയുണ്ടായ അപകടത്തിലാണ് ജെൻസണ് സാരമായി പരിക്കേറ്റത്.
ശ്രുതിയുടെ കുടുംബാംഗങ്ങളായ ഏഴുപേരും കൂടെയുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച വാൻ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജെൻസൺ ബുധനാഴ്ച രാത്രിയാണ് മരിച്ചത്.
ഡി.എൻ.എ. പരിശോധനയിലൂടെ അമ്മ സബിതയുടെ മൃതദേഹം തിരിച്ചറിഞ്ഞശേഷം അമ്മയെ അടക്കിയ സ്ഥലം ആദ്യമായി കാണാൻ പുത്തുമലയിലെ പൊതുശ്മശാനത്തിൽ എത്തുമ്പോൾ ശ്രുതിക്കൊപ്പം ജെൻസണും ഉണ്ടായിരുന്നു.
#ManjuWarrier #on #Jensen #death