മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'എമ്പുരാൻ'. 2019 ൽ പുറത്തിറങ്ങിയ 'ലൂസിഫറി'ന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രം പ്രഖ്യാപന സമയം മുതലേ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.
ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. ഷൂട്ടിങ് പൂർത്തിയായിട്ടില്ലെന്നും മഴ കാരണം ഗുജറാത്തിലെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു.
ലൂസിഫർ, 'എമ്പുരാൻ' പോലുള്ള സിനിമകളെടുക്കാൻ നല്ല പ്രയാസമാണ്. സിനിമയെക്കുറിച്ച് നല്ല ധാരണയുള്ള സംവിധായകനാണ് പൃഥ്വിരാജെന്നും കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.
'ഗുജറാത്തിൽ ഒരു കൊട്ടാരത്തിൽ സെറ്റ് ഒക്കെയിട്ട് 250 ആളുകളോളം വർക്ക് ചെയ്യുകൊണ്ടിരുന്നപ്പോൾ മഴ കാരണം അവിടത്തെ ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നു. ഫ്ളാഷ്ബാക്കും പ്രെസെന്റ് കാലഘട്ടവുമാണ് അവിടെ ഷൂട്ട് ചെയ്യുന്നത്.
സിനിമക്കായി നിർമിച്ച സെറ്റെല്ലാം ഞങ്ങൾക്ക് അവിടെ ഹോൾഡ് ചെയ്യേണ്ടി വന്നു. ലേ ലഡാക്കിലാണ് ഞങ്ങൾ ഷൂട്ടിങ് തുടങ്ങിയത്. അവിടന്ന് യുകെ, യു എസ്, കേരള, മദ്രാസ് എന്നിവടങ്ങളിൽ ഷൂട്ട് ചെയ്തു.
ഇനി മുംബൈ, ഗുജറാത്ത്, ദുബായിൽ ഒക്കെയാണ് ഷൂട്ട് ചെയ്യാനുള്ളത്," മോഹൻലാൽ പറഞ്ഞു. ചിത്രത്തിന്റെ ഏഴാമത്തെ ഷെഡ്യൂളാണ് ഇപ്പോൾ ഗുജറാത്തിൽ നടക്കുന്നത്. സിനിമയിലെ ഏറെ നിർണായകമായ സീനുകൾ ഉൾപ്പെടുന്ന ഏറ്റവും വലിയ ഷെഡ്യൂളാണിത്.
മോഹൻലാൽ, ടൊവിനോ തോമസ് എന്നിവരും ഉൾപ്പെടുന്നതാണ് ഷെഡ്യൂൾ. ഇതിന് ശേഷം അബുദാബിയിലായിരിക്കും അടുത്ത ഘട്ട ചിത്രീകരണം എന്നാണ് വിവരം. സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ എന്നിവരും എമ്പുരാനിൽ പുതുതായി എത്തുന്നുണ്ട്.
ആശീർവാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരും ഒപ്പം പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസുമാണ് എമ്പുരാന്റെ നിർമ്മാണ പങ്കാളികൾ.
മുരളി ഗോപിയാണ് കഥയും തിരക്കഥയും മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സച്ചിൻ ഖേദേക്കർ തുടങ്ങിയ ലൂസിഫറിലെ നിർണായക വേഷങ്ങൾ ചെയ്ത അഭിനേതാക്കളും എമ്പുരാന്റെ ഭാഗമാണ്
#director #who #good #understanding #Prithviraj #movies #Mohanlal #Empurane