(moviemax.in)മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപത്തി മൂന്നാം ജന്മദിനമാണിന്ന്. 1951 സെപ്തംബർ 7-ാം തീയതി വൈക്കത്തിന് അടുത്ത് ചെമ്പിൽ പാണപ്പറമ്പിൽ ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായിട്ടാണ് മമ്മൂട്ടി ജനിക്കുന്നത്.
മുഹമ്മദ്കുട്ടി എന്നായിരുന്നു ബാപ്പയും ഉമ്മയും തങ്ങളുടെ മൂത്ത മകന് നൽകിയ പേര്. പാണപ്പറമ്പിൽ ഇസ്മായിൽ മുഹമ്മദ് കുട്ടി അഥവാ പി ഐ മുഹമ്മദ് കുട്ടി എന്നായിരുന്നു മുഴുവൻ പേര്.
കുട്ടിക്കാലത്തും പിന്നീട് കോളേജിൽ എത്തിയപ്പോഴും മമ്മൂട്ടിക്ക് തന്റെ പേര് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. പ്രായം കൂടിയ ആളുടെ പേരാണ് മുഹമ്മദ് കുട്ടിയെന്നായിരുന്നു അക്കാലത്ത് തന്റെ പേരിനെ കുറിച്ച് മമ്മൂട്ടിക്കുണ്ടായിരുന്ന ധാരണ.
അതുകൊണ്ട് തന്നെ കോളെജിൽ സുഹൃത്തുക്കൾക്കിടയിൽ തന്റെ പേര് ഒമർ ഷെരീഫ് എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.
കുറച്ചുകാലം ഒമർ ഷെരീഫ് എന്ന പേരിൽ കോളേജിൽ നടന്നെങ്കിലും ഒരു ദിവസം പുസ്തകത്തിന് ഉള്ളിൽ ഭദ്രമായി വെച്ചിരുന്ന തന്റെ കോളേജ് തിരിച്ചറിയൽ കാർഡ് സുഹൃത്തുക്കളിൽ ഒരാൾ കണ്ടെത്തിയതോടെ ആ കള്ളം പൊളിഞ്ഞു.
ഡാ.. നീ മമ്മൂട്ടിയാ... എന്നായിരുന്നു തിരിച്ചറിയൽ കാർഡ് കണ്ട സുഹൃത്ത് ചോദിച്ചതെന്നാണ് മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞത്.
പിന്നീട് സിനിമയിൽ എത്തിയപ്പോഴേക്കും മമ്മൂട്ടി എന്ന പേരിനോട് ഒരിഷ്ടം അദ്ദേഹത്തിന് വന്നിരുന്നു. എന്നാൽ ഈ പേര് പറ്റില്ലെന്നും മറ്റൊരു പേര് ഉപയോഗിക്കണമെന്നും സിനിമയിൽ പ്രവർത്തിച്ചിരുന്ന ചിലർ ആവശ്യപ്പെട്ടു.
പിജി വിശ്വംഭരൻ സംവിധാനം ചെയ്ത സ്‌ഫോടനത്തിൽ സജിൻ എന്ന പേരായിരുന്നു ഉപയോഗിച്ചത്. പോസ്റ്ററുകളിൽ സജിൻ എന്ന പേരിനൊപ്പം ബ്രാക്കറ്റിൽ മമ്മൂട്ടിയെന്ന പേരും ഉപയോഗിച്ചു.
എന്നാൽ ഏറെ വൈകാതെ തന്നെ മമ്മൂട്ടി എന്ന പേരിലേക്ക് തന്നെ മമ്മൂട്ടി എത്തി. ആദ്യകാല സിനിമകളിൽ പലതിലും മമ്മൂട്ടിയെ ഡബ്ബ് ചെയ്യാൻ സമ്മതിച്ചിരുന്നില്ല.
വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, സ്‌ഫോടനം തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടി ശബ്ദം നൽകിയത് മറ്റു പലരുമായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ മമ്മൂട്ടി തന്റെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി തുടങ്ങി.
1981ൽ പുറത്തിറങ്ങിയ തൃഷ്ണയാണ് മമ്മൂട്ടി നായകനായി അഭിനയിച്ച ആദ്യ സൂപ്പർ ഹിറ്റ് ചിത്രം. ഇതേവർഷം തന്നെയാണ് മമ്മൂട്ടിക്ക് ആദ്യത്തെ സ്റ്റേറ്റ് അവാർഡ് ലഭിക്കുന്നത്.
അഹിംസയിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരമായിരുന്നു ലഭിച്ചത്. 1983, 1984, 1985 വർഷങ്ങളിൽ തുടർച്ചയായി സംസ്ഥാന അവാർഡുകളും മമ്മൂട്ടിയെ തേടിയെത്തി.
ഏറ്റവുമൊടുവിൽ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ 2022 ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും മമ്മൂട്ടി നേടി.
#mammootty #at #73 #how #muhammadkutty #become #mammootty