---
title: "#baburaj | സാരി മറയാക്കിയാണ് വസ്ത്രം മാറിയിട്ടുള്ളതെന്ന് വാണി പറഞ്ഞിട്ടുണ്ട്; ഇപ്പോഴും സൗകര്യമില്ലെങ്കില്‍ തെറ്റ് -ബാബുരാജ്  "
english_title: "#hema #committee #report #baburaj #responds #shares #what #vaniviswanath #told #him"
publisher: "moviemax.in"
canonical_url: "https://moviemax.in/news/229569/hema-committee-report-baburaj-responds-shares-what-vaniviswanath-told-him"
published_at: "2024-08-19T21:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c371cdc5e12_baburaj.jpg"
keywords: []
---

# #baburaj | സാരി മറയാക്കിയാണ് വസ്ത്രം മാറിയിട്ടുള്ളതെന്ന് വാണി പറഞ്ഞിട്ടുണ്ട്; ഇപ്പോഴും സൗകര്യമില്ലെങ്കില്‍ തെറ്റ് -ബാബുരാജ്  

> **Lead Summary:** ****കേരള സമൂഹത്തെയാകെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നിരിക്കുന്നത്. മലയാള സിനിമാ ലോകത്ത് നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയുടേയും പുരുഷാധിപത്യത്തിന്റേയും ചൂഷണത്തിന്റേയും ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ട് തുറന്ന് കാണിച്ചിരിക്കുന്നത്.

## Article Content

****കേരള സമൂഹത്തെയാകെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നിരിക്കുന്നത്. മലയാള സിനിമാ ലോകത്ത് നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയുടേയും പുരുഷാധിപത്യത്തിന്റേയും ചൂഷണത്തിന്റേയും ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ട് തുറന്ന് കാണിച്ചിരിക്കുന്നത്.

കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും നടിമാര്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതിന് പിന്നാലെ ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ബാബുരാജ്.

റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് ബാബുരാജ് പറയുന്നത്. അതേസമയം തന്റെ ഭാര്യയും നടിയുമായ വാണി വിശ്വനാഥ്, വസ്ത്രം മാറാന്‍ സൗകര്യമില്ലാത്തതിനെക്കുറിച്ച് തന്നോട് പറഞ്ഞതായും ബാബുരാജ് പറയുന്നുണ്ട്.

ധാരാളം പേജുകളുള്ള ഒരു റിപ്പോര്‍ട്ടാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട്. ചാനലില്‍ കാണിക്കുന്നത് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ഏതാനും വരികള്‍ മാത്രമാണ്.

ജനറല്‍ സെക്രട്ടറി മുതല്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും റിപ്പോര്‍ട്ട് വിശദമായി പഠിച്ചതിനുശേഷം മാത്രമേ മറുപടി പറയാന്‍ കഴിയൂ. അതിനകത്ത് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് അറിഞ്ഞിട്ടേ പറയാന്‍ കഴിയൂ എന്നാണ് ബാബുരാജ് പറയുന്നത്.

ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നതില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്നൊക്കെ പറയുന്നുണ്ട്. ഞാന്‍ ഒക്കെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി വന്ന ആളാണ്. നമ്മളൊക്കെ എത്രയോ കാലമായി വര്‍ക്ക് ചെയ്യുന്നവരാണ്.

റിപ്പോര്‍ട്ടില്‍ എന്താണെന്ന് പഠിച്ചിട്ട് മാത്രമേ പ്രതികരിക്കാന്‍ കഴിയൂ എന്നും താരം പറയുന്നു. അതേസമയം, എന്റെ ഭാര്യ വാണി പറഞ്ഞിട്ടുണ്ട് ഷൂട്ടിങ് നടക്കുമ്പോള്‍ ഒരു സാരി വച്ച് മറച്ചിട്ടാണ് വസ്ത്രം മാറിയിട്ടുള്ളത് എന്ന്.

പണ്ടത്തെ കാലം അങ്ങനെയാണ്. ഇപ്പോഴാണ് കാരവാനൊക്കെ വന്നത്. ഇപ്പോഴും സൗകര്യം കൊടുക്കുന്നില്ലെങ്കില്‍ അത് തെറ്റാണ് എന്നും ബാബുരാജ് അഭിപ്രായപ്പെടുന്നുണ്ട്. 

മൊബൈല്‍ കാലഘട്ടം വന്നപ്പോള്‍ ആര്‍ക്കു വേണമെങ്കിലും എന്തും ഷൂട്ട് ചെയ്യാം, പുറത്തു വിടാം എന്ന അവസ്ഥയാണ്. സുരക്ഷിതമല്ലാത്ത ഒരു അവസ്ഥ വന്നിരിക്കുന്നു. തീര്‍ച്ചയായും റിപ്പോര്‍ട്ട് പഠിച്ചിട്ട് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുരുതരമായ വെളിപ്പെടുത്തലുകളാണ് റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നിരിക്കുന്നത്. അവസരം നല്‍കുന്നതിന് പകരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നും അതിനെ എതിര്‍ക്കുന്നവരുടെ കരിയര്‍ നശിപ്പിക്കുന്നതായും മൊഴിയില്‍ പറയുന്നുണ്ട്.

പലരും ഭീഷണികളെ ഭയന്ന് പുറത്ത് പറയാതെ എല്ലാം നിശബ്ദമായി സഹിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നടിമാര്‍ക്ക് വസ്ത്രം മാറാനും ബാത്ത് റൂമില്‍ പോകാനുമുള്ള സൗകര്യങ്ങള്‍ സെറ്റുകളില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

റിപ്പോര്‍ട്ടിന്റെ 233 പേജുകളുടെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറിയിട്ടില്ല.

ആളുകളെ തിരിച്ചറിയുന്ന വിവരങ്ങളും റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ 49ാം പേജിലെ 96ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചിട്ടില്ല.

81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.

2017 ജൂലൈയിലായിരുന്നു മലയാള സിനിമയില്‍ വനിതകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചത്.

നടിയെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കമ്മിറ്റി രൂപീകരിച്ചത്.

കെ ഹേമയ്ക്ക് പുറമെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി, നടി ശാരദ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. 

### Related Links & Sources
- [Original Story Source](https://moviemax.in/news/229569/hema-committee-report-baburaj-responds-shares-what-vaniviswanath-told-him)