(moviemax.in)വളരെ വർഷങ്ങളായി അമ്മ വേഷങ്ങളും കോമഡി റോളുകളുമെല്ലാം ചെയ്ത് മലയാളത്തിലും തമിഴിലും സജീവമായി നിൽക്കുന്ന മുതിർന്ന അഭിനേത്രിയാണ് കുളപ്പുള്ളി ലീല.
സിനിമകളിൽ മാത്രമല്ല സീരിയലുകളിലും അഭിനയിച്ചിട്ടുള്ള കുളപ്പുള്ളി ലീല കസ്തൂരിമാൻ, പുലിവാൽ കല്യാണം, അയാൾ കഥയെഴുതുകയാണ് തുടങ്ങിയ സിനിമകളിൽ ചെയ്ത കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസിൽ തങ്ങി നിൽക്കുന്നവയാണ്.
മലയാളത്തിലേയും തമിഴിലേയും ഒട്ടനവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കുളപ്പുള്ളി ലീലയുടെ ലോകം അമ്മ രുഗ്മിണിയായിരുന്നു.
ഭർത്താവിനേയും മക്കളേയും വളരെ നേരത്തെ നഷ്ടപ്പെട്ട ലീലയ്ക്ക് എല്ലാമെല്ലാം അമ്മയായിരുന്നു. ഏത് അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടാലും അമ്മയെ കുറിച്ചുള്ള വിശേഷങ്ങൾ വാതോരാതെ ലീല പറയാറുണ്ട്.
പ്രായത്തിന്റേതായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അമ്മയെ കൊച്ചുകുഞ്ഞിനെ പരിപാലിക്കും പോലെയാണ് ലീല ശുശ്രൂഷിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം ലീലയെ തനിച്ചാക്കി അമ്മയും പോയി. ലീലയുടെ അമ്മ രുഗ്മിണിക്ക് തൊണ്ണൂറ്റിയേഴ് വയസായിരുന്നു പ്രായം. ഇപ്പോഴിതാ കുളപ്പുള്ളി ലീലയും അമ്മ രുഗ്മിണിയും തമ്മിലുള്ള ബന്ധത്തിന് എത്രത്തോളം ആഴമുണ്ടായിരുന്നുവെന്നത് സംബന്ധിച്ച് നടി സീമ ജി നായർ സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഇത്രയധികം അമ്മയെ പൊന്നുപോലെ നോക്കിയ ഒരാളെ താൻ കണ്ടിട്ടില്ലെന്നും ഇങ്ങനെ ഒരു മോളെ കിട്ടാൻ അമ്മ പുണ്യം ചെയ്തിട്ടുണ്ടാവണമെന്നുമാണ് സീമ കുറിച്ചത്. കുളപ്പുള്ളി ലീലാമ്മയുടെ അമ്മ ഇന്നലെ മരണപ്പെട്ടു. രാവിലെ ലീലാമ്മായുടെ ഫോണാണ് എനിക്ക് ആദ്യം വന്നത്.
അമ്മ പോയ കാര്യം വിതുമ്പികൊണ്ടാണ് എന്നോട് പറഞ്ഞത്. കഴിഞ്ഞ ദിവസം ഒരു ഷൂട്ടിങ് സ്ഥലത്തുവെച്ച് കണ്ടപ്പോഴും ലീലാമ്മ വാ തോരാതെ പറഞ്ഞുകൊണ്ടിരുന്നത് അമ്മയെ കുറിച്ച് മാത്രം.
ഇത്രയധികം അമ്മയെ പൊന്നുപോലെ നോക്കിയ ഒരാളെ ഞാൻ കണ്ടിട്ടില്ല. വർക്കുകൾക്ക് പോലുംപോകാൻ പറ്റാതെ അമ്മയെ മാത്രം നോക്കി എത്ര ദിവസങ്ങൾ ഇരുന്നിട്ടുണ്ട്.
അമ്മയെ ദൈവത്തെ പോലെ കണ്ട് അമ്മക്ക് വേണ്ടി മാത്രം ജീവിച്ച ലീലാമ്മ... ഇതൊക്കെ നേരിട്ടറിവുള്ള കാര്യങ്ങൾ. ഇങ്ങനെ ഒരു മോളേ കിട്ടാൻ ആ അമ്മ പുണ്യം ചെയ്തിട്ടുണ്ടാവണം.
പുണ്യ മാസങ്ങളുടെ തുടക്കത്തിൽ തന്നെ ആ അമ്മക്ക് ഈശ്വരൻ അങ്ങനെ ഒരു അനുഗ്രഹം കൊടുത്തെങ്കിൽ അതും ഒരു പുണ്യമായി കരുതാം. ലീലാമ്മായുടെ ദുഖത്തിൽ ഞാനും പങ്ക് ചേരുന്നു...
ആദരാഞ്ജലികൾ എന്നാണ് സീമ കുളപ്പുള്ളി ലീലയുടെ അമ്മയുടെ വിയോഗത്തെ കുറിച്ച് എഴുതിയത്. ലീല കൃഷ്ണകുമാർ എന്നാണ് കുളപ്പുള്ളി ലീലയുടെ യഥാർഥ പേര്.
പരേതനായ കൃഷ്ണകുമാറാണ് നടിയുടെ ഭർത്താവ്. അമ്മ കൂലിപ്പണി ചെയ്താണ് എന്നെ പോറ്റിയത്.നാടകത്തിന് പോവാന്‍ പറ്റിയതും നടിയായതും എല്ലാം അമ്മയുടെ ചങ്കൂറ്റം കൊണ്ടാണ്.
ആരുടേയും എതിര്‍പ്പ് അമ്മ വക വെച്ചില്ല. അതുകൊണ്ട് അമ്മയെ പോറ്റാനുള്ള നിലയില്‍ ഞാനെത്തി. അമ്മയ്ക്ക് ഇപ്പോഴിപ്പോള്‍ ഓര്‍മ്മ കുറവാണ്. ഇടയ്ക്ക് സരിഗമ പധനിസ പാടുന്നത് കേള്‍ക്കാം.
അതും മുഴുമിപ്പിക്കില്ല. പണ്ടൊക്കെ ഉദ്ഘാടനങ്ങള്‍ക്ക് പോകുമ്പോള്‍ സ്റ്റേജില്‍ എന്തെങ്കിലും തമാശപരിപ്പാടികള്‍ അവതരിപ്പിക്കും. ഇപ്പോള്‍ അമ്മയെക്കുറിച്ച് ഞാന്‍ എഴുതിയ പാട്ടുകള്‍ പാടും.
എനിക്ക് രണ്ട് ആണ്‍ മക്കളായിരുന്നു. ഒരാളുടെ പേര് രാധാകൃഷ്ണന്‍. ജീവിതം മുഴുവനും കഷ്ടപ്പാടായിരുന്നു. രണ്ട് മക്കളെ തന്ന ദൈവം തന്നെ അവരെ തിരിച്ചെടുത്തു.
ഒരാള്‍ ജനിച്ചതിന്റെ എട്ടാം നാളിലും മറ്റൊരാള്‍ പതിമൂന്നാം വയസിലും മരിച്ചു.ദൈവം അങ്ങനെ വിചാരിച്ച് കാണും. അല്ലാതെ എന്ത് പറയാനാണ്. ഇപ്പോള്‍ മക്കളില്ലാത്ത വിഷമം ഞാന്‍ അറിയാറില്ല.
എനിക്ക് നാട്ടില്‍ കുറേ മക്കളും പേരക്കുട്ടികളുമുണ്ട്. പിന്നെ കുഞ്ഞിനെ പോലൊരു അമ്മയുണ്ട്. എന്റെ അമ്മ ജീവിച്ചിരിക്കുന്ന കാലത്തോളം ഞാന്‍ കുട്ടിയായിരിക്കും എന്നാണ് മുമ്പൊരു അഭിമുഖത്തിൽ അമ്മയെ കുറിച്ചും നഷ്ടപ്പെട്ടുപോയ മക്കളെ കുറിച്ചും കുളപ്പുള്ളി ലീല പറഞ്ഞത്.
#actress #seemagnair #emotional #writeup #about #kulappulli #leelas #mother #demise #goes #viral