(moviemax.in)നടൻ ആസിഫ് അലിയെ പുരസ്കാര വിതരണ ചടങ്ങിൽ അപമാനിച്ച സംഗീത സംവിധായകന്‍ രമേശ് നാരായണന്‍റെ പ്രവൃത്തിയിൽ വ്യാപക വിമർശനമുയരുകയാണ്. രമേശ് നാരായണനെ വിമർശിച്ചുകൊണ്ട് സിനിമ മേഖലയിൽ നിന്നുൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്.
സംഭവം വിവാദമായതോടെ രമേശ് നാരായണൻ വിശദീകരണം നൽകിയിരുന്നു. ബോധപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ, ഇതുകൊണ്ടൊന്നും പരസ്യമായി അപമാനിച്ചതിലെ പ്രതിഷേധങ്ങൾ നിലയ്ക്കുന്നില്ല. ഈ അൽപത്തം കാട്ടിയ രമേശ് നാരായണൻ എന്ന മുതിർന്ന സംഗീതജ്ഞനോട് സഹതാപം മാത്രമാണുള്ളതെന്ന് നടൻ ശ്രീകാന്ത് മുരളി സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.
'ഞാൻ ദൃക്സാക്ഷിയാണ്. അത് താങ്ങാവുന്നതിന്നും അപ്പുറമായിരുന്നു. ആസിഫ് അലിയുടെ സ്വതസിദ്ധമായ ചിരിയിൽ ഉരുകി ഇല്ലാതായത് പണ്ഡിറ്റ് "ജി"യോട് എനിക്കുണ്ടായിരുന്ന ബഹുമാനമാണ്.
'എം.ടി' എന്ന ഇതിഹാസത്തിന്‍റെ മനസ്സിൽ വിരിഞ്ഞ കഥാപാത്രങ്ങളെ അഭ്രപാളിയിലേയ്ക്ക് സന്നിവേശിപ്പിച്ച ധാരാളം കലാകാരന്മാരുടെ മുന്നിൽ ഈ 'അല്പത്തം' കാട്ടിയ രമേശ് നാരായണൻ എന്ന മുതിർന്ന സംഗീതജ്ഞനോട് സഹതാപം മാത്രം' -ശ്രീകാന്ത് മുരളി പറഞ്ഞു.
സംവിധായകൻ സാജിദ് യഹിയയും രമേശ് നാരായണനെ വിമർശിച്ച് രംഗത്തെത്തി. 'ഇത്രയും മനോഹരമായ ട്രെയിലർ ലോഞ്ചിൽ വച്ച് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് രമേശ് നാരായണൻ ചെയ്തത്.
ജയരാജ് തന്നെ ഉപഹാരം നൽകണമെന്നുണ്ടെങ്കിൽ അത് നേരത്തെ തന്നെ സംഘാടകരോട് പറയാമായിരുന്നു. അല്ലെങ്കിൽ ആസിഫിനോട് തന്നെ നേരിട്ട് പറയാമായിരുന്നു. രമേശ് നാരായണൻ ചെയ്തത് വളരെ മോശമായ കാര്യമാണ്.
എത്ര വലിയ കലാകാരൻ ആയാലും ചില മാന്യതകൾ കാത്തുസൂക്ഷിക്കുന്നതുകൊണ്ട് കഴിവിനോ അനുഭവപരിചയത്തിനോ ഒരു കോട്ടവും തട്ടില്ല' -സാജിദ് യഹിയ ചൂണ്ടിക്കാട്ടി. ശാരീരിക പ്രശ്നങ്ങളുണ്ടായിട്ടും അത് അവഗണിച്ചാണ് ആസിഫ് അലി ട്രെയിലർ ലോഞ്ചിൽ പങ്കെടുത്തതെന്ന് നിർമാതാവ് ഷിബു ജി. സുശീലൻ പറഞ്ഞു.
'ആസിഫേ നിങ്ങൾ എങ്ങും അപമാനപ്പെട്ടിട്ടില്ല, അഹങ്കാരത്തിനും, പുച്ഛത്തിനും, ധാർഷ്ട്യത്തിനും, കാപട്യത്തിനും പണ്ഡിറ്റ് നേടിയവനാണ് നിങ്ങളുടെ പുഞ്ചിരിയാലും ജനങ്ങളാലും അപമാനം നേരിട്ടത്.
സഹപ്രവർത്തകനോട് ഇങ്ങനെ പെരുമാറുന്ന സംഗീത പണ്ഡിറ്റ് മറ്റുള്ളവരോട് എങ്ങനെയാവും പെരുമാറുക... ഇവനെയൊക്കെ എങ്ങനെ കലാകാരനെന്ന് വിളിക്കും. NB. ഞാൻ ചെരുപ്പ് ഊരി ആ പുച്ഛമുഖത്തേക്ക് എറിഞ്ഞതായി കണക്കാക്കുന്നു' -ഷിബു ജി സുശീലൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. എഴുത്തുകാരി സുധാ മേനോൻ ആസിഫലിക്ക് പിന്തുണയുമായെത്തി.
'മനുഷ്യാന്തസ്സിനെ വിലമതിക്കുന്നതാണ് സംസ്കാരം. അതില്ലാത്തവർ എത്ര വലിയ പാട്ടുകാരനായിട്ട് എന്ത് കാര്യം? ആസിഫ് അലീ... ആ വേദിയിൽ ആകാശം മുട്ടെ വളർന്നത് താങ്കൾ തന്നെയാണ്. സ്നേഹം' -സുധാ മേനോൻ പറഞ്ഞു.
എഴുത്തുകാരി ശാരദക്കുട്ടിയും ആസിഫ് അലിയെ പിന്തുണച്ചെത്തി. 'ആസിഫ് അലിയെ ബോധപൂർവ്വം അപമാനിക്കാനായി രമേശ് നാരായണൻ കളിച്ച നാടകം അദ്ദേഹത്തിന്‍റെയും ആ സംഗീതത്തിന്‍റെയും വില കെടുത്തി.
സ്വയം വലുതാക്കാൻ ശ്രമിക്കുന്നവർ ആരായാലും അവർ ചെറുതാക്കപ്പെടുക തന്നെ ചെയ്യും. സംവിധായകൻ ജയരാജ് അതിനു കൂട്ടുനിന്നപ്പോൾ അമ്മാവൻ സിൻഡ്രോം പൂർണ്ണമായി. കാലഹരണപ്പെട്ടവർക്ക് ഡ്രാമയിലൂടെയും രക്ഷയില്ല.
ആസിഫ് അലിക്കൊപ്പം മാത്രം -ശാരദക്കുട്ടി പറഞ്ഞു. എം.ടി. വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന 'മനോരഥങ്ങൾ' ആന്തോളജി സീരിസിന്റെ ട്രെയിലർ കൊച്ചിയിൽ നടന്ന ചടങ്ങിൽ റിലീസ് ചെയ്യുന്നതിനിടെയായിരുന്നു വിവാദ സംഭവം.
പരിപാടിയിൽ സംഗീത സംവിധായകന്‍ രമേശ് നാരായണന് നടൻ ആസിഫ് അലി ആയിരുന്നു പുരസ്കാരം നൽകുന്നത്. എന്നാൽ, ആസിഫ് അലിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങാൻ രമേശ് നാരായണൻ വിമുഖത കാണിച്ചു.
ആസിഫ് അലി വേദിയില്‍ എത്തിയപ്പോള്‍ മുഖത്തുനോക്കുകപോലും ചെയ്യാതെ അദ്ദേഹത്തിൽനിന്ന് പുരസ്‌കാരം കൈപ്പറ്റിയ രമേശ്, പിന്നീട് വേദിയിൽ ഇല്ലാതിരുന്ന സംവിധായകൻ ജയരാജിനെ സദസ്സിൽ നിന്ന് വിളിപ്പിച്ച് തനിക്ക് പുരസ്കാരം നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
ജയരാജ് സ്റ്റേജിലെത്തി പുരസ്‌കാരം നൽകുകയും അത് ഏറ്റുവാങ്ങി രമേശ് നാരായണന് ചിരിച്ചുകൊണ്ട് ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. ജയരാജിനെ കെട്ടിപ്പിടിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്ത രമേശ്, ആസിഫ് അലിയോട് സംസാരിക്കുകയോ ഹസ്തദാനം നൽകുകയോ ചെയ്തില്ല.
#Asif Ali# #You #one #grew #up #stage #Ienough #ay #sorry #Ramesh #Narayanan #forefront #criticism