---
title: "#SangeetSivan | കാവിലെ പാട്ടുമത്സരം കഴിയാതെ നിങ്ങൾക്ക് മടങ്ങാനാവില്ലല്ലോ സംഗീത് "
english_title: "#Sangeet #go #back #finishing #singing #competition #SangeetSivan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/204041/sangeet-go-back-finishing-singing-competition-sangeetsivan"
published_at: "2024-05-08T20:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b8d42d2616_VS.jpg"
keywords: []
---

# #SangeetSivan | കാവിലെ പാട്ടുമത്സരം കഴിയാതെ നിങ്ങൾക്ക് മടങ്ങാനാവില്ലല്ലോ സംഗീത് 

> **Lead Summary:** **കാ**വിലെ പാട്ടുമത്സരം മാത്രമല്ല, യോദ്ധ എന്ന ആ സിനിമ മൊത്തത്തിൽ ഇന്നും മലയാളികളുടെ ജീവിതത്തിന്റെ ഓരം ചേർന്നു കിടക്കുന്ന ഒന്നാണ്.

## Article Content

**കാ**വിലെ പാട്ടുമത്സരം മാത്രമല്ല, യോദ്ധ എന്ന ആ സിനിമ മൊത്തത്തിൽ ഇന്നും മലയാളികളുടെ ജീവിതത്തിന്റെ ഓരം ചേർന്നു കിടക്കുന്ന ഒന്നാണ്.

മോഹന്‍ലാലും ജഗതിയും ഉർവശിയും മീനയും ഒടുവിൽ ഉണ്ണികൃഷ്ണനുമൊക്കെ തകര്‍ത്തഭിനയിച്ച 'യോദ്ധ' മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ക്ലാസിക്കുകളിൽ ഒന്നാണ്.

അപ്പുക്കുട്ടനും അക്കസേട്ടനും റിമ്പോച്ചെയും ദമയന്തിയും കുട്ടിമാമനുമൊക്കെ മലയാളിയെ സംബന്ധിച്ച് ഇന്നും ഗൃഹാതുരത്വം ഉണർത്തുന്ന കഥാപാത്രങ്ങളാണ്. കുങ്ഫു അടിസ്ഥാനമാക്കി ഒരു സിനിമയെടുക്കണമെന്ന ആഗ്രഹമാണ് സംഗീത് ശിവനെ യോദ്ധയിലേക്ക് എത്തിച്ചത്.

അതിനായി നേപ്പാളിൽ പോയി താമസിച്ച് രീതികൾ മനസ്സിലാക്കി. അലക്സ് കടവിലിന്റെയും ശശിധരൻ ആറാട്ടുവഴിയുടെയും സഹായത്തോടെ തിരക്കഥ ഒരുക്കി. 27ാം വയസ്സിലാണ് സംഗീത് ശിവൻ യോദ്ധ ഒരുക്കുന്നത്.

നേപ്പാളിന്റെ പശ്ചാത്തലവും ലാമമാരുടെ സാന്നിധ്യവുമൊക്കെയായി മലയാളികൾക്ക് അത്ര പരിചിതമല്ലാത്തൊരു ലോകത്തേക്ക് ആണ് സംഗീത് ശിവൻ പ്രേക്ഷകരെ കൂട്ടികൊണ്ടുപോയത്.

ആ ചിത്രമാവട്ടെ, പിൽക്കാലത്ത് മലയാളത്തിന്റെ ഐക്കോണിക് ചിത്രങ്ങളിലൊന്നായി മാറി. യോദ്ധയ്ക്ക് ഒരു രണ്ടാം ഭാഗം ഒരുക്കണമെന്ന സ്വപ്നം കൂടി ബാക്കിവച്ചിട്ടാണ് സംഗീത് മടങ്ങുന്നത്.

യോദ്ധ എന്നൊരൊറ്റ ചിത്രം മതി, സംഗീത് ശിവനെ മലയാളി എന്നും ഓർത്തിരിക്കാൻ. അതിനാൽ തന്നെ, അക്കസോട്ടനും അപ്പുക്കുട്ടനും പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കുന്നിടത്തോളം കാലം, മലയാളികളുടെ പ്രതീക്ഷയുടെ 'കാവിലെ പാട്ടുമത്സരം' കഴിയാതിരിക്കുന്നിടത്തോളം കാലം സംഗീതിനു മരണമില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/204041/sangeet-go-back-finishing-singing-competition-sangeetsivan)