---
title: "#dileep | ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്‍കിയ സമ്മാനം "
english_title: "#dileep #career #how #he #become #superstar #latest #report #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/201047/dileep-career-how-he-become-superstar-latest-report-goes-viral"
published_at: "2024-04-25T11:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6629f2d85b270_dileep.jpg"
keywords: []
---

# #dileep | ദിലീപിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു! സൂപ്പര്‍താര പദവി ദിലീപിന് കാലം നല്‍കിയ സമ്മാനം 

> **Lead Summary:** **ജന**പ്രിയ നടനായി ഇന്നും നിറഞ്ഞ നില്‍ക്കുകയാണ് ദിലീപ്. സിനിമ മോഹിച്ചു ചെറിയ പ്രായത്തില്‍ തന്നെ ഇന്‍ഡസ്ട്രിയിലേക്ക് എത്തിയ താരം പിന്നീട് മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായി വളര്‍ന്നു. ആദ്യം സംവിധായകനാവാന്‍ മോഹിച്ചെങ്കില്‍ പിന്നീട് മലയാള സിനിമ ഭരിക്കുന്ന നടനായി മാറി. എല്ലാ കാലത്തും ദിലീപ് സിനിമകള്‍ കുടുംബപ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. 

## Article Content

**ജന**പ്രിയ നടനായി ഇന്നും നിറഞ്ഞ നില്‍ക്കുകയാണ് ദിലീപ്. സിനിമ മോഹിച്ചു ചെറിയ പ്രായത്തില്‍ തന്നെ ഇന്‍ഡസ്ട്രിയിലേക്ക് എത്തിയ താരം പിന്നീട് മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായി വളര്‍ന്നു. ആദ്യം സംവിധായകനാവാന്‍ മോഹിച്ചെങ്കില്‍ പിന്നീട് മലയാള സിനിമ ഭരിക്കുന്ന നടനായി മാറി. എല്ലാ കാലത്തും ദിലീപ് സിനിമകള്‍ കുടുംബപ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. 

ഇപ്പോഴിതാ നൂറ്റിയമ്പതാമത്തെ സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് ദിലീപ്. ഇതിനോട് അനുബന്ധിച്ച് ജനപ്രിയ നായകന്റെ ജീവിതത്തിലെ സംഭവങ്ങളെ പറ്റിയുള്ള ചില റിപ്പോര്‍ട്ടുകളും പ്രചരിക്കുകയാണ്. ആലുവയിലെ സാധാരണക്കാരനില്‍ നിന്നും ഇന്നത്തെ ദിലീപിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയെ പറ്റി മനോരമയുടെ റിപ്പോര്‍ട്ടിലെ ചില പ്രസക്തമായ ഭാഗങ്ങള്‍ വായിക്കാം... 

ദിലീപ് എന്ന നടന് കാലം നല്‍കിയ സമ്മാനമായിരുന്നു സൂപ്പര്‍താര പദവി. സൂപ്പര്‍-മെഗാ വിശേഷണങ്ങള്‍ തന്റെ പേരിനൊപ്പം ചാര്‍ത്താനൊന്നും ദിലീപ് ആവേശം കാണിച്ചിരുന്നില്ല. എല്ലായിപ്പോഴും പ്രേക്ഷകരുടെ മനസില്‍ അടുത്ത വീട്ടിലെ പയ്യന്‍ ഇമേജില്‍ നിന്നുകൊണ്ട് കുട്ടികളുടെയും ചെറുപ്പക്കാരുടെയും കുടുംബപ്രേക്ഷകരുടെയുമൊക്കെ പ്രിയങ്കരനാവാന്‍ ദിലീപ് ശ്രമിച്ചു. ഇതോടെ ജനപ്രിയ നായകന്‍ എന്ന പേരില്‍ താരം പിന്നീട് അറിയപ്പെട്ട് തുടങ്ങി. 

തെങ്കാശിപ്പട്ടണം, കല്യാണരാമന്‍, സിഐഡി മൂസ, പഞ്ചാബി ഹൗസ് എന്നിങ്ങനെ പിന്നീട് വന്നത് ഡസന്‍ കണക്കിന് ഹിറ്റുകളായിരുന്നു. തുടര്‍ന്നുണ്ടായ ഹിറ്റുകള്‍ ജനപ്രിയ നായകന്‍ എന്ന പേര് അക്ഷരാര്‍ഥത്തില്‍ അന്വര്‍ഥമാക്കി. അക്കാലത്ത് മലയാളത്തില്‍ മറ്റൊരു താരത്തിനും ഇങ്ങനൊരു കരിയര്‍ ഗ്രാഫ് ഉയര്‍ത്താന്‍ സാധിച്ചിട്ടില്ലെന്ന് പറയാം. മാത്രമല്ല ആ ഘട്ടത്തില്‍ പരാജയത്തിന്റെ രുചി പോലും അറിയാത്ത താരമായി ദിലീപ് മാറി. 

മാസ് ആക്ഷന്‍ ത്രില്ലറുകള്‍ മാത്രം ഒരുക്കുന്ന സംവിധായകന്‍ ജോഷി ദിലീപിനെ നായകനാക്കി ആക്ഷന്‍ ഓറിയന്റഡ് സിനിമകളും ഒരുക്കി. ലയണ്‍ എന്ന സിനിമ വലിയ വിപണന വിജയം നേടിയിരുന്നു. ഒരു നടന്‍ എന്നതിനൊപ്പം മലയാള സിനിമയുടെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന ഒരു പ്രസ്ഥാനമായിട്ടും ദിലീപ് വളര്‍ന്ന് കൊണ്ടിരുന്നു. നിര്‍മാണവും വിതരണവും അവിടുന്ന് തിയേറ്റര്‍ ഉടമയെന്ന നിലയിലേക്കും ദിലീപിന്റെ സിനിമാ ജീവിതം വളര്‍ന്നു. 

താരസംഘടന അമ്മയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും സംഘടനകൡലുമൊക്കെ ദിലീപിന് പ്രമാണിത്വം കിട്ടി. ഇതേ സമയം ബിസിനസ് രംഗത്തും വളര്‍ന്നു. ദേ പുട്ട് പോലെയുള്ള സംരംഭങ്ങളും റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലേക്കും നടന്‍ എത്തി. ഒന്നുമില്ലായ്മയില്‍ നിന്നും സ്വപ്‌നം കാണുന്ന ഏതൊരു ചെറുപ്പക്കാരനും പ്രചോദനവും മാതൃകയുമാകുന്ന നിലയിലേക്ക് ദിലീപ് വളര്‍ന്നു.

ഒരു ദിവസം മൂന്നു മണിക്കൂറില്‍ കൂടുതല്‍ ദിലീപ് ഉറങ്ങുന്നുണ്ടെന്ന് തോന്നുന്നില്ലെന്ന് അക്കാലത്ത് ദിലീപിന്റെ സുഹൃത്തായ ഒരാള്‍ പറഞ്ഞിരുന്നു. പകല്‍ മുഴുവനുമുള്ള ഷൂട്ട് കഴിഞ്ഞാല്‍ രാത്രി ഏറെ വൈകുന്നത് വരെ അടുത്ത പടത്തിന്റെ കഥ ചര്‍ച്ചകളും മറ്റ് ബിസിനസ് ചര്‍ച്ചകളുമായിരിക്കും. പിന്നെ വെളുപ്പിന് എഴുന്നേറ്റ് അഭിനയിക്കാന്‍ പോകും. ഇങ്ങനെയായിരുന്നു ദിലീപിന്റെ വളര്‍ച്ച. 

### Related Links & Sources
- [Original Story Source](https://moviemax.in/news/201047/dileep-career-how-he-become-superstar-latest-report-goes-viral)