---
title: "#prithvirajsukumaran | സ്ത്രീയുടെ കാമത്തെയും സ്‌നേഹത്തെയും അസാധാരണ വഴിയിലൂടെ കാണുന്നു; അന്ന് സംഭവിച്ചതിനെ കുറിച്ച് പൃഥ്വിരാജ്"
english_title: "#prithviraj #opens #up #about #aiyyaa #movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/192610/prithviraj-opens-up-about-aiyyaa-movie"
published_at: "2024-03-18T13:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7f1bf7b2c5_p.jpg"
keywords: []
---

# #prithvirajsukumaran | സ്ത്രീയുടെ കാമത്തെയും സ്‌നേഹത്തെയും അസാധാരണ വഴിയിലൂടെ കാണുന്നു; അന്ന് സംഭവിച്ചതിനെ കുറിച്ച് പൃഥ്വിരാജ്

> **Lead Summary:** **മല**യാളത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനും സംവിധായകനുമാണ് പൃഥ്വിരാജ്. ലൂസിഫറിലൂടെ സംവിധാന രംഗത്തേക്ക് ചുവടുവെച്ച താരം അതിന് ശേഷം ബ്രോ ഡാഡി എന്ന ചിത്രവും സംവിധാനം ചെയ്തു. നന്ദനത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടന്‍ ഇപ്പോള്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിന്റെ പണിപ്പുരയിലാണ്. ഇതിനിടെ ബോളിവുഡിലും നടന്‍ അഭിനയിക്കുന്നുണ്ട്. 

## Article Content

**മല**യാളത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനും സംവിധായകനുമാണ് പൃഥ്വിരാജ്. ലൂസിഫറിലൂടെ സംവിധാന രംഗത്തേക്ക് ചുവടുവെച്ച താരം അതിന് ശേഷം ബ്രോ ഡാഡി എന്ന ചിത്രവും സംവിധാനം ചെയ്തു. നന്ദനത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടന്‍ ഇപ്പോള്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിന്റെ പണിപ്പുരയിലാണ്. ഇതിനിടെ ബോളിവുഡിലും നടന്‍ അഭിനയിക്കുന്നുണ്ട്. 

അക്ഷയ് കുമാറിനൊപ്പം 'ബഡേ മിയാന്‍ ചോട്ടെ മിയാന്‍' എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിച്ചത്. ടൈഗര്‍ ഷ്രോഫും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബ്ലെസ്സിയുടെ സംവിധാനത്തിലൊരുങ്ങിയ ആടുജീവിതമാണ് പൃഥ്വിരാജിന്റേതായി പുറത്തുവരാനുള്ള ഏറ്റവും പുതിയ മലയാള ചിത്രം. ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ആടുജീവിതം.

തന്റെ കരിയറിലും ആടുജീവിതം പോലെയൊരു ചിത്രം ഉണ്ടാക്കുന്ന പ്രതിഫലനം വളരെ വലുതായിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇപ്പോള്‍ ആടുജീവിതത്തിന്റെ പ്രമോഷന്റെ ഭാഗമായി ഹിന്ദി യൂട്യൂബ് ചാനലായ സൂമിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ആദ്യമായി നായകനായ 'അയ്യ' എന്ന ചിത്രത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. റാണി മുഖര്‍ജിയായിരുന്നു താരത്തിനൊപ്പം അയ്യയില്‍ അഭിനയിച്ചത്. 

'അനുരാഗ് കശ്യപ് വിളിച്ച് ഒരു ചിത്രം ചെയ്യാമോ എന്ന് ചോദിക്കുമ്പോഴാണ് അയ്യ സിനിമ സംഭവിക്കുന്നത്. ഈ ചിത്രത്തിന്റെ സംവിധായകന്‍ സച്ചിന്‍ തന്നെ സംവിധാനം ചെയ്ത മറാഠി ഷോര്‍ട്ട് ഫിലിമിനെ അടിസ്ഥാനപ്പെടുത്തിയാണ് അയ്യ എടുത്തിട്ടുള്ളത്. അത്രയും മനോഹരമായ കഥയായിരുന്നു സിനിമയുടേത്. ഒരു പുരുഷന്റെ ഗന്ധത്തില്‍ പ്രണയം തോന്നുന്ന സ്ത്രീയുടെ കാമത്തെയും സ്‌നേഹത്തെയുമൊക്കെ ഒട്ടും സാധാരണമല്ലാത്ത വഴികളിലൂടെ നോക്കിക്കാണുകയായിരുന്നു ഈ സിനിമ ചെയ്തത്. എത്ര പേര്‍ കഥ ഇങ്ങനെ പറഞ്ഞിട്ടുണ്ട്?'', പൃഥ്വിരാജ് പറഞ്ഞു.

വളരെ തമാശയിലൂടെ കാര്യങ്ങള്‍ പറഞ്ഞ ചിത്രമായിരുന്നു ഇത്. പക്ഷെ ആളുകള്‍ക്ക് അത് മനസിലായില്ല. അവര്‍ക്ക് അത് കണക്ട് ആയില്ല. അതില്‍ ഒരു എക്‌സ്‌ക്യൂസും പറഞ്ഞിട്ട് കാര്യമില്ല. സിനിമയുടെ ഉത്തരവാദിത്തം അഭിനേതാക്കള്‍ ഏറ്റെടുക്കുക തന്നെ വേണം എന്നും പൃഥ്വിരാജ് പറയുന്നു. അത് കഴിഞ്ഞ് അതുല്‍ സബര്‍വാളിന്റെ ഔറംഗസേബ് ചെയ്തു. പിന്നെ ചില ചിത്രങ്ങളില്‍ ഗസ്റ്റ് റോളുകള്‍ ചെയ്തു. 

താപ്‌സിയുടെ നാം ഷബാന എന്ന ചിത്രത്തില്‍ ഗസ്റ്റ് റോള്‍ ചെയ്തു. അങ്ങനെയാണ് അക്ഷയ് കുമാറിനെ പരിചയപ്പെടുന്നത്. അത് ഒരു പുതിയ നല്ല ബന്ധത്തിന് കാരണമായി. അക്ഷയ് സര്‍ ഇന്ന് എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. നമ്മളെ എപ്പോഴും കണക്ട് ചെയ്യുന്ന ഒരാളാണ് അദ്ദേഹം. അതുവരെ എനിക്ക് അദ്ദേഹത്തെ പരിചയമില്ല. ഡല്‍ഹിയില്‍ ഷൂട്ട് നടക്കുമ്പോള്‍ ആകെ ഒരു ദിവസമോ മറ്റോ ആണ് അദ്ദേഹത്തെ കണ്ട് സംസാരിച്ചത്. 

ഇപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ ബഡേ മിയാന്‍ ചോട്ടേ മിയാന്‍ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു എന്നും അദ്ദേഹം പറയുന്നു. കല സെന്‍സര്‍ ചെയ്യേണ്ടതോ ചെയ്യാന്‍ കഴിയുമെന്നോ കരുതുന്ന ഒന്നല്ല എന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്. അതിനെ സ്വതന്ത്രമായി വിടണം. അത് കാണണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. 18 വയസിന് മുകളിലുള്ള ആളുകള്‍ക്ക് കാണേണ്ട ഒരു സിനിമയാണ് നിങ്ങള്‍ ഉണ്ടാക്കുന്നതെങ്കില്‍ അതിന് താഴെ പ്രായമുള്ളവരെ കാണിക്കരുത്. 

അതല്ല, 21 വയസുവയസിന് മുകളിലുള്ളവര്‍ മാത്രം കാണേണ്ട സിനിമയാണെങ്കില്‍ അങ്ങനെയുള്ളവര്‍ മാത്രം പോയി കാണട്ടെ. ഇത് നിങ്ങള്‍ ഉണ്ടാക്കരുത് എന്ന് പറയാന്‍ നിങ്ങള്‍ക്ക് അധികാരമില്ല. കലയെ ആരോഗ്യപരമായി സമീപിക്കാവുന്ന ഏറ്റവും നല്ല രീതി അതാണെന്ന് കരുതുന്നതായും പൃഥ്വിരാജ് പറഞ്ഞു. അത് സിനിമയെന്ന് മാത്രമല്ല, എഴുത്തായാലും, ഒരു വരയായാലും, എന്തായാലും ആ സ്വാതന്ത്ര്യം വേണം എന്നും പൃഥ്വിരാജ് പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/192610/prithviraj-opens-up-about-aiyyaa-movie)