---
title: "#Satchidanandan | പരാതി സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തുന്നതാണ് ശരിയായ വഴി; പോസ്റ്റ് പിൻവലിച്ച് സച്ചിദാനന്ദൻ "
english_title: "#proper #course #bring #complaint #attention #Secretary #Satchidanandan #withdrew #post"
publisher: "moviemax.in"
canonical_url: "https://moviemax.in/news/181920/proper-course-bring-complaint-attention-secretary-satchidanandan-withdrew-post"
published_at: "2024-02-03T17:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65be27118e573_balachandran_chullikkad.jpg"
keywords: []
---

# #Satchidanandan | പരാതി സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തുന്നതാണ് ശരിയായ വഴി; പോസ്റ്റ് പിൻവലിച്ച് സച്ചിദാനന്ദൻ 

> **Lead Summary:** **തൃശൂർ: **സാഹിത്യോത്സവത്തിൽ സംസാരിക്കാൻ ക്ഷണിച്ച് തുച്ഛമായ പ്രതിഫലം നൽകി അവഗണിച്ചുവെന്ന എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വിമർശനത്തോട് ഫേസ്ബുക്ക് കുറിപ്പിലൂടെ വീണ്ടും പ്രതികരിച്ച് കെ സച്ചിദാനന്ദൻ.

## Article Content

**തൃശൂർ: **സാഹിത്യോത്സവത്തിൽ സംസാരിക്കാൻ ക്ഷണിച്ച് തുച്ഛമായ പ്രതിഫലം നൽകി അവഗണിച്ചുവെന്ന എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വിമർശനത്തോട് ഫേസ്ബുക്ക് കുറിപ്പിലൂടെ വീണ്ടും പ്രതികരിച്ച് കെ സച്ചിദാനന്ദൻ.

ആർക്കെങ്കിലും യാത്രാപ്പടിയെക്കുറിച്ച് പരാതികൾ ഉണ്ടെങ്കിൽ അത് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തുകയാണ് ശരിയായ വഴിയെന്ന് അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ പറഞ്ഞു. പണം പ്രധാനമായ ഒരു സമൂഹത്തിന്റെ മൂല്യവ്യവസ്ഥയാണ് ഇതിന് പിറകിൽ.

ഒരു പൈസയും വാങ്ങാതെ അനേകം സാഹിത്യ പരിപാടികൾ കേൾക്കാനും പങ്കെടുക്കാനും പോയിട്ടുള്ള ഒരാൾ എന്ന നിലയിലാണ് താൻ ഇത് പറയുന്നത്. തനിക്ക് കണക്ക് പറയാൻ അറിയില്ലെന്നും സച്ചിദാനന്ദൻ ഫേസ്ബുക്കിലെഴുതി. എന്നാൽ നിമിഷങ്ങൾക്കകം ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തു.

അനേകം മനുഷ്യരുടെ സാഹിത്യത്തോടുള്ള അഗാധമായ സ്‌നേഹവും ഉറക്കമൊഴിച്ചുള്ള പ്രയത്‌നവുമാണ് അക്കാദമിയുടെ സാഹിത്യോത്സവം ഒരു വൻ വിജയമാക്കിയത്. വന്ന പരാതികൾ എല്ലാം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പാവം ഉദ്യോഗസ്ഥ നിയമം യാന്ത്രികമായി പിന്തുടർന്നത് മാത്രമാണ് ചില പരാതികൾക്ക് കാരണമായത്.

അതും സാഹിത്യശത്രുക്കൾ ആയുധമായി കാണുന്നതിൽ വിഷമം തോന്നുന്നുവെന്നും സച്ചിദാനന്ദൻ ഫേസ്ബുക്കിൽ എഴുതിയിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിനൊപ്പമാണെന്നും അദ്ദേഹം പരിഗണന അർഹിച്ചിരുന്നുവെന്നുമാണ് രാവിലെ സച്ചിദാനന്ദൻ മാധ്യമങ്ങളോട് പറഞ്ഞത്.

പ്രശ്നം പരിഹരിച്ചിട്ടുണ്ട്. മാന്യമായ പ്രതിഫലം നൽകും. പൊതുവായ പ്രശ്നം എന്ന നിലക്കാണ് വിഷയം ഉന്നയിക്കുന്നതെന്ന് ബാലൻ തന്നോട് പറഞ്ഞിരുന്നുവെന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/181920/proper-course-bring-complaint-attention-secretary-satchidanandan-withdrew-post)