(moviemax.in) ജീത്തു ജോസഫ്- മോഹൻലാൽ കോമ്പിനേഷനിൽ ഒരു ചിത്രം എപ്പോൾ എത്തിയാലും പ്രേക്ഷകരിൽ അമിത പ്രതീക്ഷ സ്വാഭാവികമാണ്. ദൃശ്യം എന്ന ഓൾ ടൈം ഹിറ്റ് ഉണ്ടാക്കിയതാണ് ആ പ്രതീക്ഷ ഈ കൂട്ടുകെട്ടിലെ ഏറ്റവും പുതിയ ചിത്രം നേര് വ്യാഴാഴ്ച തിയറ്ററുകളിലെത്തുകയാണ്.
ചിത്രം കാണാൻ പോകുന്ന പ്രേക്ഷകരോട് ജീത്തു ജോസഫിന് ചിലത് പറയാനുണ്ട്. എന്തൊക്കെ പ്രതീക്ഷിക്കാം, എന്തൊക്കെ പ്രതീക്ഷിക്കരുത് എന്നതാണ് അദ്ദേഹം വിശദീകരിക്കുന്നത്. 'ഇതൊരു നല്ല ചിത്രമായിരിക്കും. ആ ഒരു ആത്മവിശ്വാസം നേരിൽ വർക്ക് ചെയ്ത ഞങ്ങൾക്ക് എല്ലാവർക്കുമുണ്ട്.
ഞാനും ലാലേട്ടനും ഇതുവരെ ഒന്നിച്ച സിനിമകളിലെല്ലാം ത്രിൽ അല്ലെങ്കിൽ സസ്പെൻസ് ഘടകങ്ങൾ ഉണ്ടായിരുന്നു. ഈ സിനിമയും അത്തരത്തിൽ ത്രില്ലും സസ്പെൻസും ട്വിസ്റ്റുമൊക്കെയുള്ള ഒന്നായിരിക്കുമെന്ന് നിങ്ങളിൽ പലരും കരുതിയിട്ടുണ്ടാവാം. ചാനൽ പ്രൊമോഷനുകളിലൂടെ കുറേപ്പേർക്ക് ആ ധാരണ മാറിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
എന്നാൽ പലരും പറയുന്നത് ദൃശ്യം 2 ൻറ സമയത്ത് ഞാൻ പറഞ്ഞതുപോലെ ഇതും ഒരു നുണയാണ് എന്നാണ്. സത്യത്തിൽ അല്ല. ഈ സിനിമ ഒരു ഇമോഷണൽ കോർട്ട് റൂം ഡ്രാമയാണ്. ഇതിൽ ഒരു ക്രൈം ഉണ്ട്. ഇതിന് മുൻപുള്ള സിനിമകളിലൊക്കെ ക്രൈം നടന്നാൽ പ്രതിയെ കണ്ടെത്താനുള്ള പൊലീസിൻറെ അന്വേഷണം, അതിനെത്തുടർന്നുണ്ടാവുന്ന സസ്പെൻസ്, അതിലുണ്ടാവുന്ന ട്വിസ്റ്റ് അങ്ങനെയൊക്കെയാണ് വർക്ക് ചെയ്തിട്ടുള്ളത്.
ഇതിൽ അങ്ങനെയല്ല. ഒരു ക്രൈം നടക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. പ്രതിയെ കോടതിയിൽ എത്തിച്ചതിന് ശേഷം എന്തെല്ലാം സംഭവിക്കുന്നു എന്നതാണ് ചിത്രം പരിശോധിക്കുന്നത്. സാധാരണ സിനിമകളിൽ കാണുന്ന കോടതികളിൽ നിന്ന് വ്യത്യസ്തമായ കുറേക്കൂടി ആധികാരികതയോടെയാണ് നിങ്ങളുടെ മുന്നിൽ ഈ ചിത്രത്തിൽ കോടതി അവതരിപ്പിക്കുന്നത്.
കോടതി കണ്ടിട്ടില്ലാത്ത പ്രേക്ഷകർക്ക് കോടതിക്കുള്ളിലെ കൗതുകകരമായ പല കാഴ്ചകളുമുണ്ട് ഈ ചിത്രത്തിൽ. ഇതിൻറെ രചയിതാവ് ശാന്തി മായാദേവി ഒരു അഭിഭാഷകയാണ്. ശാന്തിയോട് ഇത് എഴുതാൻ പറഞ്ഞതും കോടതി കുറച്ചുകൂടി യഥാതഥമായി അവതരിപ്പിക്കാൻ വേണ്ടിയാണ്', ജീത്തു ജോസഫ് പറയുന്നു.
'ഇത് അടിസ്ഥാനപരമായി ഒരു നിയമയുദ്ധമാണ്. ഒരു പ്രതിയെ കോടതിയിൽ എത്തിച്ചുകഴിഞ്ഞാൽ എങ്ങനെയാണ് പ്രതിഭാഗം വക്കീൽ പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുക, പ്രോസിക്യൂഷൻ ഏതൊക്കെ തരത്തിലാണ് പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ ശ്രമിക്കുക, അവർ തമ്മിലുള്ള യുദ്ധമാണ് ഇത്.
നിയമം കൊണ്ടുള്ള മത്സരത്തിലൂടെ തങ്ങളുടെ ലക്ഷ്യത്തിൽ എത്താൻ ശ്രമിക്കുന്ന രണ്ട് അഭിഭാഷകർ. അഭിഭാഷകരുടേത് കൂടാതെ പ്രതി, ഇര അവരുടെ കുടുംബങ്ങൾ അവരുടെ ഒരു വൈകാരിക തലവും ചിത്രത്തിന് ഉണ്ട്. ഒരു എൻഗേജിംഗ് സിനിമയാണ് നേര്. കോർട്ട് റൂം ഡ്രാമ എന്ന് പറയുമ്പോൾ പലർക്കുമുള്ള ഒരു പേടി വിരസമായിരിക്കുമോ എന്നതാണ്.
തീർച്ഛയായും എൻറെ എല്ലാ സിനിമകളിലും ഞാൻ കുറച്ച് ലാഗ് ഒക്കെ ഇട്ടാണ് വർക്ക് ചെയ്യുന്നത്. അതുപോലത്തെ ലാഗുകൾ ഒരുപക്ഷേ ഈ സിനിമയിലും ഉണ്ടാവും. പക്ഷേ വിരസത സമ്മാനിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. ഈ സിനിമ കാണിച്ചവരിൽ നിന്നെല്ലാം നല്ല പ്രതികരണങ്ങളാണ് കിട്ടിയത്.
അതുകൊണ്ടുതന്നെ ഈ സിനിമ നിങ്ങൾ കാണുക, വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക. നല്ലതാണെന്ന് തോന്നിയാൽ സിനിമ വിജയിപ്പിച്ച് തരിക. എല്ലാവരും ഈ പടം തിയറ്ററിൽ തന്നെ വന്ന് കാണണം. ഒടിടി റിലീസിനുവേണ്ടി കാത്തിരിക്കരുത്. കാരണം ഇതിനകത്ത് ഒരു തിയട്രിക്കൽ എക്സ്പീരിയൻസ് തീർച്ഛയായും ഉണ്ട്', ജീത്തു ജോസഫ് പറഞ്ഞവസാനിപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജീത്തുവിൻറെ വാക്കുകൾ.
Content Highlight: #Basically #legalbattle #JeethuJoseph #say #ahead #Neru #release


































