ഇന്ന് തലവേദന അനുഭവിക്കാത്തവർ ചുരുക്കമായിരിക്കും. പലതും അതിന് കാരണമായിത്തീരാറുണ്ട്. മാറിമാറി വരുന്ന കാലാവസ്ഥ, തിരക്ക്, സമ്മർദ്ദം ഇതെല്ലാം അതിന് കാരണമായിത്തീരാം.
എന്നാൽ, അഞ്ചുമാസമായി കടുത്ത തലവേദന കൊണ്ട് വലഞ്ഞ വിയറ്റ്നാമിൽ നിന്നുള്ള ഒരാൾ ഒടുവിൽ ഡോക്ടറെ കണ്ടു. തലവേദനയുടെ കാരണം കണ്ടെത്തിയപ്പോൾ ഇയാൾ മാത്രമല്ല, ഡോക്ടർമാരടക്കം ഞെട്ടിപ്പോയി.
35 വയസ്സുള്ള യുവാവ് അഞ്ചുമാസമായി വിട്ടുമാറാത്ത തലവേദനയെ തുടർന്ന് നവംബർ 25 -നാണ് ഡോങ് ഹോയിയുടെ ക്യൂബ ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലിൽ ചികിത്സ തേടിയെത്തിയത്. തലവേദനയ്ക്കൊപ്പം തന്നെ മറ്റ് ചില പ്രശ്നങ്ങളുണ്ട് എന്നും യുവാവ് പറഞ്ഞിരുന്നു.
പിന്നാലെ, യുവാവിന് സിടി സ്കാനിങ്ങ് നടത്തി. അപ്പോഴാണ് ഇയാൾക്ക് ടെൻഷൻ ന്യൂമോസെഫാലസ് ആണെന്ന് കണ്ടെത്തിയത്. എന്നാൽ, തുടർന്നുള്ള പരിശോധനയിൽ വളരെ വിചിത്രമായ ഒരു കാരണമാണ് യുവാവിന്റെ തലവേദയ്ക്ക് കണ്ടെത്തിയത്.
ഇയാളുടെ തലച്ചോറിലായി ചോപ്പ്സ്റ്റിക്ക്സാണ് കണ്ടെത്തിയത്. ഒരു ജോടി ചോപ്സ്റ്റിക്കുകൾ യുവാവിന്റെ മൂക്കിലൂടെ കടന്ന് തലച്ചോറിൽ എത്തിയതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്.
ചോപ്സ്റ്റിക്ക്സിന്റെ സാന്നിധ്യമറിഞ്ഞ് ആദ്യം യുവാവ് അമ്പരന്നു. പിന്നാലെ അഞ്ചുമാസം മുമ്പ് വിയറ്റ്നാമിൽ വച്ച് മദ്യപിക്കവേ ഒരു അടിപിടിയുണ്ടായത് യുവാവ് ഓർത്തെടുത്തു. അതിനെ കുറിച്ച് വ്യക്തമായ ഓർമ്മയൊന്നുമില്ലെങ്കിലും എന്തോ ഒരു വസ്തുവച്ച് തന്റെ മുഖത്ത് അന്നൊരാൾ അക്രമിച്ചത് യുവാവ് ഓർത്തു.
അതാവണം ആ ചോപ്പ്സ്റ്റിക്ക് എന്നും യുവാവിന് മനസിലായി. സംഭവത്തിന് ശേഷം ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, അന്ന് ഡോക്ടർമാർക്ക് അദ്ദേഹത്തിന്റെ മൂക്കിൽ ചോപ്സ്റ്റിക്കുകളോ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
അടുത്തകാലം വരെയും അവ തലയോട്ടിയിൽ കണ്ടെത്താനായിരുന്നില്ല. എന്തായാലും, ഇപ്പോൾ മൂക്കിലൂടെ നടത്തിയ എൻഡോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ, ഡോക്ടർമാർക്ക് ആ ചോപ്സ്റ്റിക്കുകൾ നീക്കം ചെയ്യാൻ സാധിച്ചു. യുവാവിന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരണമാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
#Severe #headache #five #months #patient #doctors #shocked #object #brain