---
title: "#kundaraJohnny  |  സേതുമാധവന്‍' തല്ലിത്തോല്‍പ്പിച്ചിട്ടും തോല്‍ക്കാത്ത 'പരമേശ്വരന്‍ ; മറക്കാനാവുമോ ആ കഥാപാത്രത്തെ"
english_title: "#'Parameswaran #not #defeated #Sethumadhavan #never #forget #character?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/154649/parameswaran-not-defeated-sethumadhavan-never-forget-character"
published_at: "2023-10-18T08:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652f471f6e039_johnny_1.jpg"
keywords: []
---

# #kundaraJohnny  |  സേതുമാധവന്‍' തല്ലിത്തോല്‍പ്പിച്ചിട്ടും തോല്‍ക്കാത്ത 'പരമേശ്വരന്‍ ; മറക്കാനാവുമോ ആ കഥാപാത്രത്തെ

> **Lead Summary:** നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തില്‍ നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും കിടീടത്തിലെയും, ചെങ്കോലിലെയും പരമേശ്വരനെപ്പോലെ കുണ്ടറ ജോണി എന്ന നടനെ അടയാളപ്പെടുത്തിയ മറ്റൊരു കഥാപാത്രമില്ല. മനുഷ്യന്‍റെ ഉള്ളറിയുന്ന ലോഹിതദാസിന്‍റെ തൂലികയില്‍ ജന്മമെടുത്തവരായിരുന്നു കിരീടത്തിലെ കഥാപാത്രങ്ങളൊക്കെയും. കിരീടത്തിലെ വില്ലന്‍ കഥാപാത്രങ്ങളില്‍ കുണ്ടറ ജോണിയുടെ പരമേശ്വരനോളം മാറ്റത്തിന് വിധേയനായ മറ്റൊരാള്‍ ഇല്ല.

## Article Content

നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തില്‍ നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും കിടീടത്തിലെയും, ചെങ്കോലിലെയും പരമേശ്വരനെപ്പോലെ കുണ്ടറ ജോണി എന്ന നടനെ അടയാളപ്പെടുത്തിയ മറ്റൊരു കഥാപാത്രമില്ല. മനുഷ്യന്‍റെ ഉള്ളറിയുന്ന ലോഹിതദാസിന്‍റെ തൂലികയില്‍ ജന്മമെടുത്തവരായിരുന്നു കിരീടത്തിലെ കഥാപാത്രങ്ങളൊക്കെയും. കിരീടത്തിലെ വില്ലന്‍ കഥാപാത്രങ്ങളില്‍ കുണ്ടറ ജോണിയുടെ പരമേശ്വരനോളം മാറ്റത്തിന് വിധേയനായ മറ്റൊരാള്‍ ഇല്ല.

കിരീടത്തില്‍ കൈയൂക്കിന്‍റെ ബലത്തില്‍ വിശ്വസിക്കുന്ന നിഷ്ഠൂരനെങ്കില്‍ ചെങ്കോലിലെത്തുമ്പോള്‍ അയാള്‍ പഴയകാല ജീവിതത്തിന്‍റെ നിരര്‍ഥകതയെക്കുറിച്ച് ഓര്‍ക്കുന്നയാളാണ്. ജീവിതം വഴിമുട്ടിയ സേതുമാധവന് മീന്‍ കച്ചവടം തുടങ്ങാന്‍ സൈക്കിള്‍ വാടകയ്ക്ക് നല്‍കുന്നതും അയാള്‍ തന്നെ.ഒരുവേള ജോണിയെക്കൊണ്ട് കീരിക്കാടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാലോയെന്ന് സിബി മലയില്‍ ആലോചിച്ചതാണ്. എന്നാല്‍ പരമേശ്വരനായി ജോണിയുടെ ചില സീനുകള്‍ അതിനകം എടുത്തിരുന്നതുകൊണ്ടും അതിലെ അദ്ദേഹത്തിന്‍റെ പ്രകടനം ബോധ്യമായതിനാലും സിബി അത് വേണ്ടെന്നു വെക്കുകയായിരുന്നു .

ചിത്രത്തിലെ മോഹന്‍ലാലിന്‍റെ സേതുമാധവനും തന്‍റെ പരമേശ്വരനും തമ്മിലുള്ള പ്രധാന സംഘട്ടന രംഗത്തിന്‍റെ ചിത്രീകരണത്തെക്കുറിച്ച് കുണ്ടറ ജോണി പിന്നീട് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം മ്യൂസിയത്തോട് ചേര്‍ന്ന് മൃഗാവശിഷ്ടങ്ങള്‍ തള്ളുന്ന, കാട് കയറിയ സ്ഥലത്തായിരുന്നു ചിത്രീകരണം. എന്നാല്‍ ഇറച്ചി വേസ്റ്റ് തള്ളുന്ന സ്ഥലമാണെന്ന് ചിത്രീകരണം തുടങ്ങിയ ശേഷമാണ് മനസിലായത്. എന്ത് പറയുന്നുവെന്ന് സിബി മോഹന്‍ലാലിനോടും മോഹന്‍ലാല്‍ ജോണിയോടും ചോദിച്ചു.

തനിക്ക് കുഴപ്പമില്ലെങ്കില്‍ എനിക്കും കുഴപ്പമില്ലെന്ന് മോഹന്‍ലാലിനോട് ജോണിയുടെ മറുപടി. രാവിലെ തുടങ്ങിയ ചിത്രീകരണം ഉച്ച കഴിയും വരെ നീണ്ടു. അഴുക്കില്‍ കുളിഞ്ഞ തങ്ങള്‍ പിന്നീട് ഡെറ്റോളിലാണ് കുളിച്ചതെന്ന് ജോണി പറഞ്ഞിട്ടുണ്ട്. കിരീടത്തിന്‍റെ തമിഴ്, തെലുങ്ക് റീമേക്കുകളിലും ഇതേ വേഷം ചെയ്തത് കുണ്ടറ ജോണി തന്നെ ആയിരുന്നു. ഇപ്പറഞ്ഞ രംഗം തമിഴില്‍ നാല് ദിവസം കൊണ്ടും തെലുങ്കില്‍ ആറ് ദിവസം കൊണ്ടുമാണ് ചിത്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഐ വി ശശിയുടെ മാത്രം മുപ്പതോളം സിനിമകള്‍ ചെയ്തു. നാല് ഭാഷകളിലായി അഞ്ഞൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടു. സ്‌പോര്‍ട്‌സിന്റെ പാരമ്പര്യം ഉള്ളതിനാല്‍ വില്ലന്‍ വേഷങ്ങളില്‍ അതെല്ലാം തുണയായി.71ാം വയസില്‍ ഹൃദയാസ്തംഭനത്തെ തുടര്‍ന്നാണ് കുണ്ടറ ജോണിയുടെ അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏറെ കാലമായി ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അവസാനമായി വേഷമിട്ടത് ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ എന്ന സിനിമയിലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/154649/parameswaran-not-defeated-sethumadhavan-never-forget-character)